Quantcast

ഇന്ത്യയില്‍ സമാധാനം അനുഭവപ്പെടുന്നില്ലെന്ന് സഞ്ജയ് ദത്ത്; 'മുന്നാഭായി'യായി പ്രധാനമന്ത്രിയെ പരിഹസിച്ച് താരം

രാജ്യത്ത് വീണ്ടും സമാധാനത്തിൻ്റെ നാളുകള്‍ തിരിച്ചെത്തട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Oct 2026 12:37 PM IST

Sanjay Dutt says he ‘can’t feel peace in India anymore
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുന്‍പുണ്ടായിരുന്ന സമാധാനം ഇപ്പോള്‍ അനുഭവപ്പെടുന്നില്ലെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. ശേഖര്‍ സുമന്റെ 'ശേഖര്‍ ടുനൈറ്റ്' എന്ന പരിപാടിയിലെ ഗാന്ധിജയന്തി പ്രത്യേക എപ്പിസോഡിലാണ് സഞ്ജയ് ദത്ത് രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രതികരിച്ചത്. രാജ്യത്ത് വീണ്ടും സമാധാനത്തിന്റെ നാളുകള്‍ തിരിച്ചെത്തട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'നമ്മുടെ രാജ്യത്തെ ജനങ്ങള്‍ വളരെ സ്‌നേഹമുള്ളവരാണ്. ഇവിടെ സമാധാനം നിലനില്‍ക്കണം. എന്നാല്‍ ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ആ സമാധാനം എനിക്ക് അനുഭവപ്പെടുന്നില്ല. ഇന്ത്യക്കാര്‍ വിശാലമനസ്‌കരും ആതിഥ്യമര്യാദയുള്ളവരുമാണ്. എന്നും അങ്ങനെ തന്നെ തുടരുകയും വേണം. ആ ദിവസങ്ങള്‍ എത്രയും വേഗം തിരിച്ചുവരണമേയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' -സഞ്ജയ് ദത്ത് പറഞ്ഞു.

പരിപാടിയുടെ ഭാഗമായി അഞ്ച് മിനിറ്റ് നേരത്തേക്ക് സ്വയം പ്രധാനമന്ത്രിയായി സങ്കല്‍പ്പിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സഞ്ജയ് ദത്ത് തന്റെ ജനപ്രിയ കഥാപാത്രമായ 'മുന്നാഭായി'യുടെ ശൈലിയിലാണ് സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും അമിതമായി ഉപയോഗിക്കുന്നതിനെ അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ക്ക് പകരം മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നായിരുന്നു താരത്തിന്റെ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെയും സഞ്ജയ് ദത്ത് പരോക്ഷമായി പരിഹസിച്ചു. താന്‍ പ്രധാനമന്ത്രിയായാല്‍ സന്തോഷം ആഘോഷിക്കാന്‍ വിദേശത്തേക്ക് പോകില്ലെന്നും ജനങ്ങള്‍ക്കിടയില്‍ തന്നെ തുടരുമെന്നും 'മുന്നാഭായി' ശൈലിയില്‍ അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും സഞ്ജയ് ദത്ത് വിമര്‍ശിച്ചു. ലോകത്ത് ഇപ്പോള്‍ തന്നെ ആവശ്യത്തിലേറെ മിസൈലുകളുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് പകരം സ്‌നേഹവും ഗാന്ധിഗിരിയും സ്വീകരിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭീഷണിക്ക് പകരം ചര്‍ച്ചകള്‍ നടക്കണമെന്നും ട്രംപിനെ 'ഗാന്ധിഗിരി' പഠിപ്പിക്കണമെന്നും 'മുന്നാഭായി'യുടെ ശൈലിയില്‍ സഞ്ജയ് ദത്ത് പറഞ്ഞു.

TAGS :

Next Story