Quantcast

"ഫഹദ് നിങ്ങൾ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു"; മലയൻകുഞ്ഞിന്‍റെ ട്രെയിലർ പങ്കുവച്ച് സൂര്യ

ഉലകനായകൻ കമൽഹാസനും ഫഹദിനെ അഭിനനന്ദിച്ച് രംഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    16 July 2022 12:27 PM GMT

ഫഹദ് നിങ്ങൾ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു; മലയൻകുഞ്ഞിന്‍റെ ട്രെയിലർ പങ്കുവച്ച് സൂര്യ
X

ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയൻ കു‍ഞ്ഞിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. ട്രെയിലർ പുറത്ത് വന്നതിന് പിറകേ സിനിമാരം​ഗത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് ഫ​ഹദ് ഫാസിലിനെ അഭിനന്ദിച്ച് രം​ഗത്തെത്തുന്നത്. ഉലകനായകൻ കമൽഹാസന്‍ സിനിമയുടെ ട്രെയിലർ പങ്കുവച്ച് ഫഹദിനെ അഭിനനന്ദിച്ച് രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ തമിഴ് സൂപ്പർതാരം സൂര്യയും ഫഹദിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. ഫഹദ് അദ്ദേഹത്തിന്റെ കഥകൾ കൊണ്ട് തന്നെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു എന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു. മലയൻകുഞ്ഞ് സിനിമയുടെ ട്രെയിലർ പങ്കുവച്ചാണ് താരം ഫഹദിനെ പ്രശംസിച്ചത്.

"ഫാസിൽ സാറിനോട് സ്നേഹവും ബഹുമാനവും.. ഫഹദ് അദ്ദേഹത്തിന്റെ കഥകൾ കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. തികച്ചും വ്യത്യസ്തമായ ഈ ശ്രമത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞാൻ ഞെട്ടി" - സൂര്യ പറഞ്ഞു

പ്രകൃതി ദുരന്തത്തിൻ്റെ ആഴവും ഭീകരതയും പങ്കുവെച്ച സമാനതകളില്ലാത്ത ദൃശ്യാനുഭമാണ് ട്രെയ്‌ലറിൽ സിനിമയുടെ അണിപ്രവര്‍ത്തകര്‍ കാഴ്ചവെച്ചിരിക്കുന്നത്. എ. ആർ. റഹ്മാൻ്റെ മികവുറ്റ പശ്ചാത്തല സംഗീതവും ഫഹദ് ഫാസിലിൻ്റെ ആഴമേറിയ അഭിനയ മുഹൂർത്തങ്ങളും ട്രെയ്‌ലറിലെ ചുരുക്കം രംഗങ്ങളിൽ നിന്ന് തന്നെ വലിയ തോതിൽ പ്രശംസകൾ നേടിയെടുത്തിരുന്നു പ്രേക്ഷകർക്കിടയിൽ.

18 വർഷങ്ങൾക്ക് ശേഷം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ 'ട്രെൻഡ്സെറ്റർ' ഫാസിൽ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. കൂടാതെ ഫഹദ് ഫാസിൽ - ഫാസിൽ കൂട്ടുകെട്ട് 20 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചിത്രത്തിനായി വീണ്ടും ഒരുമിക്കുന്നത്. ഫാസിൽ തന്നെ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ ആദ്യമായി നായകനായ 'കയ്യെത്തും ദൂരത്ത്' ആണ് ഇവർ ഇതിന് മുൻപ് ഒരുമിച്ച് പ്രവർത്തിച്ച അവസാന ചിത്രം. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.

മുപ്പത് വർഷത്തിന് ശേഷം എ. ആർ. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. 1992ൽ വന്ന 'യോദ്ധ'യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story