ഇലക്ഷന് റീൽ ഭരിക്കാനെത്തുന്നു തലവാ സോംഗ്; പ്രതിഛായയിലെ ആദ്യ ഗാനമെത്തി
എംബുരാനിലെ ടൈറ്റിൽ ട്രാക്ക് പാടി ഹിറ്റായ ആനന്ദ് ശ്രീരാജിന്റെ അടുത്ത ശ്രദ്ധേയമായ പാട്ടാണ് തലവാ

തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികളുടെ റീലുകളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നത് സിനിമ ഗാനങ്ങളാണ്. ഇനി അത്തരം റീലുകൾ ഭരിക്കാൻ കഴിയുന്ന ഒരു പാട്ടുമായി നിവിൻ പോളി നായകനാകുന്ന ഉണ്ണികൃഷ്ണൻ ബി ചിത്രം പ്രതിഛായ എത്തുന്നു. ചിത്രത്തിലെ തലവാ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആനന്ദ് ശ്രീരാജാണ് പാടിയിരിക്കുന്നത്. എംബുരാനിലെ ടൈറ്റിൽ ട്രാക്ക് പാടി ഹിറ്റായ ആനന്ദ് ശ്രീരാജിന്റെ അടുത്ത ശ്രദ്ധേയമായ പാട്ടാണ് തലവാ. പാട്ടിലെ റാപ്പിലെ വരികൾ എഴുതി പാടിയിരിക്കുന്നത് വെനോ മിസ് ആണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ ട്രാക്കിൽ വരുന്നുണ്ട്. ടീ സിരിസ് ആണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്.
രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തും.
Adjust Story Font
16

