'എന്റെ ജീവിതം സിനിമയിൽ കാണിച്ചതല്ല';പ്രിയങ്ക അഭിനയിച്ച ബയോപിക്കിനെ വിമർശിച്ച് മേരി കോം
ബിഗ് ബോസ് 20 ൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് 2014ൽ പുറത്തിറങ്ങിയ സിനിമയെക്കുറിച്ച് മേരി കോമിന്റെ പ്രതികരണം

ന്യൂഡൽഹി: മേരി കോമിന്റെ ജീവിതം പ്രമേയമാക്കി പ്രിയങ്ക ചോപ്ര നായികയായെത്തിയ ബയോപിക് സിനിമയെ വിമർശിച്ച് ബോക്സിങ് താരം മേരി കോം. തന്റെ കരിയറിന് പിന്നിലെ കഠിനാധ്വാനവും കഷ്ടപ്പാടുകളും സിനിമയിൽ വേണ്ടത്ര കാണിച്ചില്ലെന്നാണ് മേരി കോമിന്റെ വിമർശനം. തന്റെ ജീവിത കഥയുടെ പത്ത് ശതമാനം മാത്രമാണ് സിനിമയിൽ കാണിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
'ബിഗ് ബോസ് 20'യിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മേരി കോം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിലെ ചില ഭാഗങ്ങൾ യഥാർഥ ജീവിതവുമായി പൊരുത്തപ്പെടുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, എല്ലാവർക്കും തന്റെ കഥ അറിയാമെന്നായിരുന്നു മേരി കോമിന്റെ മറുപടി. ഒക്ടോബർ 24നാണ് ഏകദേശം ഏഴ് ആഴ്ച നീണ്ട ബിഗ് ബോസ് ജീവിതത്തിന് ശേഷം താരം പുറത്തായത്. ഷോയിൽ തന്റെ യഥാർഥ വ്യക്തിത്വമാണ് പ്രേക്ഷകർ കണ്ടതെന്നും തന്നെ ഇഷ്ടപ്പെട്ടിരുന്നവർക്ക് ഇപ്പോൾ യഥാർഥ മേരി കോമിനെ കൂടുതൽ അറിയാൻ സാധിക്കുമെന്നും അവർ പറഞ്ഞു.
ഒമങ് കുമാർ സംവിധാനം ചെയ്ത് സഞ്ജയ് ലീല ബൻസാലി നിർമിച്ച മേരി കോം 2014ലാണ് പുറത്തിറങ്ങിയത്. പ്രിയങ്ക ചോപ്രയായിരുന്നു ചിത്രത്തിൽ മേരി കോമായി വേഷമിട്ടത്. വനിതാ കായികതാരത്തിന്റെ ജീവിതം പ്രമേയമാക്കിയ വലിയ ബജറ്റ് ഹിന്ദി ബയോപിക് എന്ന നിലയിൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രം പുറത്തിറങ്ങിയ സമയത്ത് മേരി കോം അഞ്ചുതവണ ലോക ബോക്സിങ് ചാമ്പ്യനായിരുന്നു. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡലും നേടിയിരുന്നു. പിന്നീട് ആറാം ലോക കിരീടവും താരം സ്വന്തമാക്കി.
പ്രിയങ്ക ചോപ്രയുടെ പ്രകടനത്തിന് പ്രശംസ ലഭിച്ച ചിത്രം ബോക്സ് ഓഫിസിലും വിജയമായിരുന്നു. എന്നാൽ, സിനിമ പുറത്തിറങ്ങിയ കാലത്തുതന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. അമിതമായ നാടകീയതയ്ക്കും പതിവ് ബോളിവുഡ് അവതരണരീതികൾക്കും പ്രാധാന്യം നൽകിയ ചിത്രം മണിപ്പൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ വേണ്ടത്ര പരിഗണിച്ചില്ലെന്നായിരുന്നു വിമർശനം.
മണിപ്പൂരുകാരിയല്ലാത്ത പ്രിയങ്ക ചോപ്രയെ മേരി കോമായി അവതരിപ്പിച്ചതും ചർച്ചയായിരുന്നു. ഹിന്ദി സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്ന വിഘടനവാദി സംഘടനയുടെ നിലപാടിനെ തുടർന്ന് മേരി കോമിന്റെ സ്വന്തം സംസ്ഥാനമായ മണിപ്പൂരിൽ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചിരുന്നില്ല. മേരി കോമിന്റെ മുഖസാദൃശ്യം തനിക്കില്ലെന്ന് പ്രിയങ്കയും അന്ന് സമ്മതിച്ചിരുന്നു.
Adjust Story Font
16

