'മോനേ, നിന്നെ ജനം ഇത്രയും സ്നേഹിക്കുന്നുണ്ടോ. എനിക്കു പോലും വിശ്വസിക്കാനാവുന്നില്ല'; സര്‍വ്വം മായ കണ്ട് മമ്മി പറഞ്ഞു: നിവിൻ പോളി
പ്രേക്ഷകരുടെ ഈ വലിയ സ്നേഹത്തിനും കരുതലിനും എങ്ങനെ പ്രത്യുപകാരം ചെയ്യുമെന്നറിയാതെ ഞാൻ കൈ കൂപ്പി നിൽക്കുന്നു

- Published:
4 Jan 2026 11:55 AM IST

ഒരിടവേളക്ക് ശേഷം നിവിൻ പോളി തിയറ്ററുകൾ നിറച്ചുകൊണ്ടിരിക്കുകയാണ്. നിറഞ്ഞ സദസിൽ 'സര്‍വ്വം മായ' പ്രദര്‍ശനം തുടരുമ്പോൾ നിവിൻ എന്ന നടനെ പ്രേക്ഷകര്‍ എത്രത്തോളം സ്നേഹിക്കുന്നുവെന്നതിന്‍റെ തെളിവ് കൂടിയാണ് ഈ ഹൗസ് ഫുൾ ഷോകൾ. ആക്ഷൻ ത്രില്ലര്‍ ചിത്രങ്ങളിലെ നിവിനെയല്ല, തൊട്ടടുത്ത വീട്ടിലെ പയ്യനായി നിവിനെ കാണാനാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതെന്നാണ് സര്‍വം മായയുടെ വിജയം തെളിയിക്കുന്നത്. വെറും 10 ദിവസം കൊണ്ട് ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്. ഒന്നിനു പിറകെ ഒന്നായി സിനിമകൾ പരാജയപ്പെട്ടപ്പോൾ താൻ മാത്രമല്ല, കുടുംബം മുഴുവൻ അതിന്‍റെ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്ന് നിവിൻ മനോരമക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുന്നു.
നിവിന്‍റെ വാക്കുകൾ
ഇത്രയധികം സ്നേഹവും കെയറിങ്ങും വൈകാരികവുമാണ് എന്നോടുള്ള ഇഷ്ടമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പരിചയമുള്ളവരും ഇല്ലാത്തവരുമായവർ അയയ്ക്കുന്ന മെസേജുകളും മറ്റും വായിക്കുമ്പോൾ ഞാനതു തിരിച്ചറിയുന്നു. എൻ്റെ ജീവിതത്തിൽ ഏറ്റവും കടുപ്പമേറിയ ചില ദിവസങ്ങൾ ഉണ്ടായിരുന്നു. എനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുമായി ഒരാൾ വന്ന സമയം കലൂരിലെ വീട്ടിലേക്കു പോകുമ്പോൾ, സ്കൂട്ടറിൽ വന്ന ഒരു കുടുംബം എൻ്റെ കാറിനു വട്ടം വച്ചു നിർത്തി. ആ ഭാര്യയും ഭർത്താവും എന്നോടു പറഞ്ഞു: 'ഞങ്ങളുണ്ട് കൂടെ. ഇതിലൊന്നും തളരരുത്. ധൈര്യമായി മുന്നോട്ടു പോകണം’. എന്റെ കണ്ണു നിറഞ്ഞു പോയി. എൻ്റെ ആരാണവർ? അവർക്കു വണ്ടി ഓടിച്ചു നേരെ വീട്ടിൽ പോയാൽ പോരെ? പക്ഷേ, ഞാൻ ചെയ്‌ത ചില സിനിമകൾ അവരെ സന്തോഷിപ്പിച്ചിട്ടുണ്ടാവും. അതുകൊ ണ്ടാവും വണ്ടി നിർത്തി അടുത്തേക്കു വരാൻ തോന്നിയത്.
സർവ്വം മായ തിയറ്ററിൽ പോയി കണ്ടിറങ്ങിയ തിനു ശേഷം മമ്മി എന്നെ വിളിച്ചു. 'മോനേ, നിന്നെ ജനം ഇത്രയും സ്നേഹിക്കുന്നുണ്ടോ. എനിക്കു പോലും വിശ്വസിക്കാനാവുന്നില്ല.' എന്നാണ് പറഞ്ഞത്. ഇതൊന്നും ചെറിയ കാര്യമായി കരുതാനാവില്ല. പ്രേക്ഷകരുടെ ഈ വലിയ സ്നേഹത്തിനും കരുതലിനും എങ്ങനെ പ്രത്യുപകാരം ചെയ്യുമെന്നറിയാതെ ഞാൻ കൈ കൂപ്പി നിൽക്കുന്നു. ഇനി അവരെ സന്തോഷിപ്പിക്കുന്ന സിനിമകൾ ചെയ്ത് അവർക്കൊപ്പം മുന്നോട്ടു പോകണം. അതാണ് ആഗ്രഹം. പ്രേക്ഷകരെ മറന്ന് ഒരു കളിക്കും ഇനി ഞാനില്ല.
വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ 20 മിനിറ്റ് അതിഥി വേഷം ചെയ്‌തപ്പോൾ തിയറ്ററിൽ ഉണ്ടായ പ്രതികരണം എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. തുടർച്ചയായി ചില പരാജയങ്ങൾ വന്നിട്ടും, പ്രേക്ഷകർ എൻ്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി തോന്നി. അതു പോലെ വിനീത് ശ്രീനിവാസൻ എന്നെ കാണുമ്പോഴൊക്കെ ഉപദേശിക്കുമായിരുന്നു. 'നിവിൻ, നിനക്ക് പ്രേക്ഷകർ ഒരു സ്ഥാനം നൽകിയിട്ടുണ്ട് അത് മറന്നു പോകരുത് എന്ന്. ഈ പടം ഇറങ്ങിക്കഴിഞ്ഞ് വിനീത് വീണ്ടും വിളിച്ചപ്പോഴാണ് ആ വാക്കുകളുടെ അർഥമെന്തെന്ന് എനിക്കു മനസ്സിലായത്.
Adjust Story Font
16
