'അച്ഛൻ പോയിട്ട് ഒന്നര മാസം കഴിഞ്ഞേയുള്ളു, തമാശ പറയാൻ പറ്റിയ മാനസികാവസ്ഥയിലല്ല': ധ്യാൻ ശ്രീനിവാസൻ
ഇവിടെ വന്നാൽ ഉടനേ തമാശ പറയും, എല്ലാവരെയും ചിരിപ്പിക്കും എന്നാണ് പലരും കരുതുന്നത്

കൊച്ചി: മലയാളത്തിന്‍റെ ശ്രീനിവാസൻ വിട പറഞ്ഞിട്ടേ കുറച്ചു നാളുകളേ ആയിട്ടുള്ളൂ...അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച തീരാദുഃഖത്തിലാണ് ഉറ്റവര്‍. ശ്രീനിവാസന്‍റെ വേര്‍പാടിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയപ്പോൾ മകനും നടനുമായ ധ്യാൻ ശ്രീനിവാസനും അച്ഛനെക്കുറിച്ച് തന്നെയാണ് പറയാനുണ്ടായിരുന്നത്. അച്ഛൻ വിടവാങ്ങിയിട്ട് ഒന്നരമാസം മാത്രമേ ആയിട്ടുള്ളൂവെന്നും എല്ലാവരെയും ചിരിപ്പിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ വലിയ ഭാരമായി തോന്നുന്നുവെന്നും ധ്യാൻ പറഞ്ഞു. വർഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷന്‍റെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനാണ് ധ്യാൻ എത്തിയത്.
"ഇവിടെ വന്നാൽ ഉടനേ തമാശ പറയും, എല്ലാവരെയും ചിരിപ്പിക്കും എന്നാണ് പലരും കരുതുന്നത്. സത്യം പറഞ്ഞാൽ ഇപ്പോൾ അങ്ങനെയൊരു അവസ്ഥയിലല്ല ഞാൻ. അച്ഛൻ പോയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളൂ. അച്ഛൻ പോയതിന് ശേഷം ഞാൻ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണിത്. അതുകൊണ്ട് തന്നെ തമാശകളൊന്നും പ്രതീക്ഷിക്കണ്ട.
കുറച്ചു വർഷങ്ങൾക്കു മുൻപ്, ഞാൻ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയം. പഠിച്ചിട്ടില്ല, പോയിക്കൊണ്ടിരിക്കുന്ന സമയം. വെറുതേ ഇങ്ങനെ പോകും വരും. ഒരു ദിവസം അച്ഛന്റെ ഒരു സുഹൃത്തും സിനിമയിലൊക്കെയുള്ള ഒരാളും വീട്ടിൽ വന്നപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു. 'നാളെ നീ എന്നെങ്കിലും രക്ഷപ്പെടുകയാണെങ്കിൽ, നിന്റെ കയ്യിൽ പത്ത് കാശൊക്കെ വരുന്ന സമയത്ത് നീ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണം’ എന്നാണ് അദ്ദേഹം പറഞ്ഞത്.
എനിക്ക് മുന്നോട്ട് എന്ത് സംഭവിക്കും എന്ന് പോലും അറിയാത്ത ഒരു കാലത്താണ് അദ്ദേഹം എന്നോട് ഇത് പറയുന്നത്. നിനക്ക് ഒരു 1000 രൂപ വരികയാണെങ്കിൽ അതിൽ ഒരു 600 രൂപ നീ ആദ്യത്തെ ബാങ്ക് അക്കൗണ്ടിൽ ഇടണം. പിന്നെ വരുന്ന ഒരു 300 രൂപ രണ്ടാമത്തെ ബാങ്ക് അക്കൗണ്ടിൽ ഇടുക. ബാക്കി വരുന്ന 100 രൂപ മൂന്നാമത്തെ ബാങ്ക് അക്കൗണ്ടിലേക്കും മാറ്റുക.’ ആയിരം രൂപ പോയിട്ട് ഒരു അമ്പത് രൂപ എടുക്കാനില്ലാത്ത സമയത്താണ് പുള്ളി എന്നെ ഇങ്ങനെ ഉപദേശിക്കുന്നത്.
അപ്പോൾ ഞാൻ ചോദിച്ചു, എന്തിനാണ് അങ്കിൾ അങ്ങനെ? എന്ന്. പുള്ളി പറഞ്ഞു: 'ആദ്യത്തെ ബാങ്ക് അക്കൗണ്ടിൽ വരുന്ന കാശ് നിനക്ക് നിന്റെ ആവശ്യങ്ങൾക്കും ചെലവുകൾക്കും ഉപയോഗിക്കാം. രണ്ടാമത്തെ ബാങ്ക് അക്കൗണ്ടിലുള്ള പൈസ കൊണ്ട് നിനക്ക് ഈ നാട്ടിലെ നികുതി അടയ്ക്കാം. നീ ഒരു റെസ്പോൺസിബിൾ സിറ്റിസൺ ആണെങ്കിൽ ടാക്സ് അടയ്ക്കാൻ ബാധ്യസ്ഥനാണ്. അതുകൊണ്ട് നീ കൃത്യമായി ആ പൈസ കൊണ്ട് നികുതിയടയ്ക്കുക'' ധ്യാൻ പറഞ്ഞു.
Adjust Story Font
16

