ഒബ്സെഷന്, ധിന്ദോര, അക്ക...! ഈ വാരാന്ത്യം ഒടിടി കത്തിക്കാന്‍ ഒമ്പത് ചിത്രങ്ങള്‍
ആക്ഷന്‍, ത്രില്ലര്‍, കോമഡി, ഹൊറര്‍ തുടങ്ങി വിവിധ ഴോണറുകളിലായി തിയേറ്ററുകളില്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ച സിനിമകള്‍ ഉള്‍പ്പെടെയാണ് ഇക്കുറി പ്രേക്ഷകരിലേക്കെത്തുന്നത്

സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈ ആഴ്ചയില്‍ ഒടിടിയിലെത്തിയത് ഒമ്പത് കിടിലന്‍ ചിത്രങ്ങള്‍. ആക്ഷന്‍, ത്രില്ലര്‍, കോമഡി, ഹൊറര്‍ തുടങ്ങി വിവിധ ഴോണറുകളിലായി തിയേറ്ററുകളില്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ച സിനിമകള്‍ ഉള്‍പ്പെടെയാണ് ഇക്കുറി പ്രേക്ഷകരിലേക്കെത്തുന്നത്. തിയേറ്ററുകളില്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒബ്സെഷന്, കീര്‍ത്തി സുരേഷ് വേറിട്ടൊരു വേഷവുമായി എത്തിയ അക്ക തുടങ്ങിയവയാണ് റിലീസിനെത്തുന്നത്. തിയേറ്ററില്‍ കണ്ടവര്‍ക്ക് വീണ്ടും കാണാനും മിസ്സായവര്‍ക്ക് വീട്ടിലിരുന്ന് കാണാനും ആസ്വദിക്കാനും കൂടിയുള്ള അവസരമാണ് ഈ ആഴ്ചയിലെ റിലീസുകള്‍.
1. ഒബ്സെഷന്
കറി ബേക്കറിന്റെ സംവിധാനത്തില്‍ പുറത്തിങ്ങിയ ചിത്രം ആഗോള മാര്‍ക്കറ്റില്‍ വന്‍ വിജയമാണ് കൈവരിച്ചത്. ഹൊറര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത് മൈക്കല്‍ ജോണ്‍സ്റ്റണും ഇന്തി നവരേറ്റെുമാണ്. തിയറ്ററില്‍ മിസ്സായവര്‍ക്ക് ജിയോ ഹോട്ട്സ്റ്റാറില്‍ ചിത്രം കാണാം.
2. മീത്തേ മേം ക്യാ ഹൈ
നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്ന ഈ ഹിന്ദി ചിത്രം നവാഗതനായ നിര്ദ്ദെഷക് ഓര് ലെഖാകാണ് സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി മൂടിവെച്ച രഹസ്യങ്ങളും ഭിന്നാഭിപ്രായങ്ങളും കാരണം സങ്കീര്‍ണ്ണമായ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് മീത്തേ മേം ക്യാ ഹൈ.
3. ഡ്രൈവ്-ദി പ്രെറ്റെന്ഡേഴ്സ്
ആമസോണില്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം റേസിങ് പശ്ചാത്തലത്തിലുള്ള ഒരു റൊമാന്റിക് ഡ്രാമയാണ്. ഒരു മെക്കാനിക്കിന്റെയും പ്രശസ്ത റേസിങ് ഡ്രൈവറുടെയും തമ്മിലുള്ള യാദൃശ്ചികമായ കൂടിക്കാഴ്ചയാണ് ചിത്രത്തിന്റെ പ്രമേയം. തമാര ലഷിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം കാഴ്ചക്കാര്‍ക്ക് മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കും.
4. ധിന്ദോര
ഭുവന് ബാം സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ കോമഡി വെബ് സീരീസാണ് ധിന്ദോര. നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ച ഈ കോമഡി സീരീസിന്റെ പശ്ചാത്തലം ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെ ദൈനംദിന ജീവിതവും അവരുടെ ചെറിയ പ്രതിസന്ധികളുമാണ്. അപ്രതീക്ഷിതമായി അവരുടെ കൈവശം എത്തുന്ന ഒരു ലോട്ടറി ടിക്കറ്റും അതിനെത്തുടര്‍ന്ന് ആ കുടുംബത്തിലുണ്ടാവുന്ന രസകരമായ സംഭവവികാസങ്ങളുമാണ് സീരിസിന്റെ ഉള്ളടക്കം.
5. അക്ക
ധര്‍മ്മരാജ് ഷെട്ടി സംവിധാനം ചെയ്ത അക്ക നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. 1980-കളിലെ ദക്ഷിണേന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു ആക്ഷന്‍ ക്രൈം ത്രില്ലറാണ് ഇത്. കുറ്റകൃത്യങ്ങളുടെ അധോലോകം അടക്കിവാഴുന്ന ഭവാനി (കീര്‍ത്തി സുരേഷ്), രുദ്ര (രാധിക ആപ്തെ) എന്നീ രണ്ട് ലേഡി ഗ്യാങ്സ്റ്റര്‍മാരുടെ കഥയാണ് ഈ സീരീസ് പറയുന്നത്.
6. നോക്ടേണ്
നോക്ടേണ് ഒരു സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ വെബ് സീരീസാണ്. മാനസികാശുപത്രിയുടെ തടവറയ്ക്കുള്ളില്‍ കഴിയുന്ന ഒരു കുപ്രസിദ്ധ സീരിയല്‍ കില്ലറും പുറം ലോകവും തമ്മിലുള്ള ബന്ധവുമാണ് ഈ പരമ്പരയുടെ പശ്ചാത്തലം. സ്റ്റീഫന്‍ ഗ്രഹാം, ലിവ് ഷ്രൈബര്‍, സാസി ബീറ്റ്സ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ സീരീസ് പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കും. ആപ്പിള്‍ ടിവിയിലാണ് സീരിസ് സ്ട്രീം ചെയ്യുന്നത്.
7. എ കപ്പിള്‍ ഓഫ് ലൈസ്
റൊമാന്റിക് കോമഡി വിഭാഗത്തിള്‍പ്പെടുന്ന ഈ പരമ്പര നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിങ് ആരംഭിച്ചത്. പരസ്പരം ചെറിയ കള്ളങ്ങള്‍ പറയുന്ന ദമ്പതികളുടെ ജീവിതത്തിലെ രസകരമായ സംഭവവികാസങ്ങളാണ് ഈ പരമ്പരയുടെ പ്രധാന പ്രമേയം. പ്രണയവും നര്‍മവും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
8. ദി വണ്‍ എബൗട്ട് മാത്യു പെറി
ലോക പ്രശസ്ത സിറ്റ്കോം ആയ 'ഫ്രണ്ട്സ്' പരമ്പരയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത മാത്യു പെറിയുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പരമ്പരയാണിത്. താരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇതില്‍ എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
9. കൊളീഷന്‍ കോഴ്സ്
പ്രശസ്ത സ്പാനിഷ് സംവിധായകനായ ഡാനിയല്‍ സാഞ്ചസ് അരേവാലോ സംവിധാനം ചെയ്ത ഒരു ത്രില്ലര്‍ ചിത്രമാണ് കൊളീഷന്‍ കോഴ്സ്. 2013-ലെ സ്പെയിനിലെ സാമ്പത്തിക മാന്ദ്യം പശ്ചാത്തലമാക്കി നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രമേയം, ഒരു ബാങ്ക് കൊള്ളയ്ക്ക് ശേഷം തങ്ങളുടെ ലക്ഷ്യങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന നാല് കൊള്ളക്കാരുടെ ജീവിതമാണ്. വഞ്ചനയും അതിജീവനത്തിനായുള്ള പോരാട്ടവും നിറഞ്ഞ ഈ ത്രില്ലര്‍ നെറ്റ്ഫ്ലിക്സില്‍ കാണാം.
Adjust Story Font
16

