Top

നടിമാർക്കായി വല വിരിക്കും, വിൽപ്പന ആപ്പുകൾ വഴി; ബോളിവുഡിലെ നീലച്ചിത്ര നിർമാണം

ഒരു എപ്പിസോഡ് ഉണ്ടാക്കാൻ 1-2 ലക്ഷം രൂപയാണ് ചെലവ്. ഇതു വിറ്റാൽ 4-5 ലക്ഷം രൂപ ലഭിക്കും.

MediaOne Logo

Web Desk

  • Updated:

    2021-07-20 09:12:20.0

Published:

20 July 2021 8:47 AM GMT

നടിമാർക്കായി വല വിരിക്കും, വിൽപ്പന ആപ്പുകൾ വഴി; ബോളിവുഡിലെ നീലച്ചിത്ര നിർമാണം
X

നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപ്പുകളിലൂടെ വിതരണം ചെയ്‌തെന്ന ആരോപണത്തിൽ നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ തിങ്കളാഴ്ച രാത്രി പതിനൊന്നു മണിക്കാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യസൂത്രധാരനാണ് രാജ് കുന്ദ്ര എന്നാണ് മുംബൈ പൊലീസ് കമ്മിഷണർ ഹേമന്ത് നഗ്രാലെ മാധ്യമങ്ങളോട് പറഞ്ഞത്.

2021 ഫെബ്രുവരിയിലാണ് നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഐപിസിയിലെ വകുപ്പ് 292, ഐടി ആക്ടിലെ വകുപ്പ് 67, 67 എ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കഴിഞ്ഞ വർഷം തന്നെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ചിലർക്ക് രാജ്കുന്ദ്രയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും ആ വേളയില്‍ കുന്ദ്ര നിഷേധിക്കുകയായിരുന്നു.

പൂനം പാണ്ഡെയും ഷെർലിൻ ചോപ്രയും

ബോളിവുഡ് നടിമാരായ പൂനം പാണ്ഡെയ്ക്കും ഷെർലിൻ ചോപ്രയ്ക്കും കേസുമായി ബന്ധമുണ്ട് . മഹാരാഷ്ട്ര സൈബർ സെല്ലിന് മുമ്പാകെയാണ് കേസുമായി ബന്ധപ്പെട്ട് ഇവർ മൊഴി നൽകിയിരുന്നത്. രാജ് കുന്ദ്രയുടെ കമ്പനിക്കു വേണ്ടി 15-20 പ്രോജക്ട്രുകൾ ചെയ്തു എന്നാണ് ഷെർലിൻ മൊഴി നൽകിയിരുന്നത്. ഓരോ പ്രോജക്ടിനും മുപ്പത് ലക്ഷം രൂപ വീതമാണ് കിട്ടിയത്.

രാജ് കുന്ദ്രയുടെ കമ്പനി ആംസ്‌പ്രൈം മീഡിയയുമായി തനിക്ക് കോൺട്രാക്ട് ഉണ്ടായിരുന്നതായി പൂനം പാണ്ഡെയും വെളിപ്പെടുത്തിയിരുന്നു. പാണ്ഡെയുടെ അഡൽറ്റ് ആപ്പ് കൈകാര്യം ചെയ്തിരുന്നത് ആസ്‌പ്രൈം മീഡിയയായിരുന്നു. എട്ടു മാസങ്ങൾക്ക് മുമ്പ് കരാർ അവസാനിച്ചിട്ടും തന്റെ വീഡിയോ ദൃശ്യങ്ങൾ കമ്പനി ഉപയോഗിക്കുന്നതായി അവർ ആരോപിച്ചിരുന്നു. 2020ൽ കമ്പനിക്കെതിരെ നടി പൊലീസിൽ പരാതി നൽകി.

ആംസ്‌പ്രൈം മീഡിയ

സോഷ്യൽ ഇൻഫ്‌ളുവൻസർ ടെക് സ്റ്റാർട്ട് അപ്പാണ് ആംസ്‌പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. നിരവധി ബോളിവുഡ് അഭിനേതാക്കൾക്കും മോഡലുകൾക്കും കമ്പനി മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. കിരൺ റാത്തോർ, റിയ സെൻ, അങ്കിത ദവെ, അന്വേഷി ജെയിൻ, കൈനാത് അറോറ, മിനിഷ, കേറ്റ് ശർമ്മ തുടങ്ങിയവരെല്ലാം കമ്പനി ഉപഭോക്താക്കളാണ്. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ഇവയെല്ലാം ലഭ്യവുമാണ്. പൂനം പാണ്ഡെയ്ക്ക് പുറമേ, ഷെർലിൻ ചോപ്ര, ഗെഹാന വസിഷ്ട എന്നിവർക്കും കമ്പനി ആപ്പ് നിർമിച്ചു നൽകിയിട്ടുണ്ട്.


നെറ്റ്‌വർക്ക് 18, സീ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളിൽ ജോലി ചെയ്ത സൗരഭ് ഖുഷ്‌വയാണ് ആംസ്‌പ്രൈം സ്ഥാപകൻ. 2019 ഫെബ്രുവരിയിലാണ് രാജ് കുന്ദ്ര കമ്പനിയിൽ നിക്ഷേപമറിക്കിയത്. എന്നാൽ കമ്പനിയിലെ ഓഹരികൾ ആ വർഷം അവസാനം തന്നെ വിറ്റതായി കുന്ദ്ര അറിയിച്ചിരുന്നു.

വെളിപ്പെടുത്തലുമായി നടി സാഗരിക ഷോന

വിവാദങ്ങൾക്കിടെ, ഒരു വെബ്‌സീരിസിൽ അഭിനയിക്കാൻ തന്നോട് രാജ് കുന്ദ്രയുടെ കമ്പനി ആവശ്യപ്പെട്ടിരുന്നതായി നടി സാഗരിക ഷോന വെളിപ്പെടുത്തി. ഇതിനായി ഒരു നഗ്ന ഓഡീഷൻ നടത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചതായും അവർ പറയുന്നു. ലോക്ഡൗൺ കാലത്ത് 2020 ഓഗസ്റ്റിലായിരുന്നു വാഗ്ദാനം. കമ്പനി മാനേജിങ് ഡയറക്ടർ ഉമേഷ് കാമത്തിൽ നിന്നാണ് ഫോൺ വന്നത്. വീഡിയോ കോളിൽ ജോയിൻ ചെയ്ത ഉടൻ നഗ്ന ഓഡീഷൻ വേണമന്ന് ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോളിൽ മൂന്നു പേരുണ്ടായിരുന്നു. അതിൽ ഒരാളുടെ മുഖം മറച്ചിരുന്നു- നടി പറഞ്ഞു.

അതേസമയം, നീലച്ചിത്ര ഉള്ളടക്കവുമായി ബന്ധപ്പെട്ട് കുന്ദ്ര നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ കേസിൽ നിർണായകമാകുമെന്ന പൊലീസ് കരുതുന്നു. മൊബൈൽ ആപ്ലിക്കേഷൻ വഴി ഉള്ളടക്കം വിൽക്കുന്നതിന്റെ ലാഭവിഹിതം വരെ വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്തിട്ടുണ്ട്. 'ഈയാഴ്ച ഒന്നേ റിലീസ് ചെയ്തിട്ടുള്ളൂ, വിൽപ്പന കുതിച്ചു കയറുന്നുണ്ട്' -എന്നാണ് ഒരു ട്വീറ്റുകളിൽ ഒന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കോവിഡിനിടെ വളർന്ന വിപണി

കോവിഡ് മഹാമാരിക്കിടെ ഇന്ത്യയിൽ അഭൂതപൂർവ്വമായി വളർച്ച നേടിയ വ്യവസായമാണ് സോഫ്റ്റ് പോൺ ഇൻഡസ്ട്രി. മുംബൈ ആസ്ഥാനമായ ഇറോട്ടിക എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്‌ഫോമിൽ ഈയിടെ പൊലീസ് ഇടപെടലുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ ഇത്തരത്തിൽ 150 കണ്ടന്റ് പ്ലാറ്റ്‌ഫോമുകളുണ്ട് എന്നാണ് അന്ന് പൊലീസ് പറഞ്ഞിരുന്നത്. ഇതിൽ ഹോട്‌ഷോട്ട് എന്ന പേരിലുള്ള ആപ്ലിക്കേഷൻ രാജ് കുന്ദ്രയുടേതാണ് എന്ന് പൊലീസ് കരുതുന്നു. സാഗരിക ഷോനയെ വിളിച്ച ഉമേഷ് കാമത്ത് ഇതിലാണ് ജോലി ചെയ്തിരുന്നത്. ഇയാളെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.

199 രൂപയാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രതിമാസ വരിസംഖ്യ. ഒരു എപ്പിസോഡ് ഉണ്ടാക്കാൻ 1-2 ലക്ഷം രൂപയാണ് ചെലവ്. ഇതു വിറ്റാൽ 4-5 ലക്ഷം രൂപ ലഭിക്കും. സാധാരണ അഭിനേത്രിക്ക് 25000 രൂപയും അഭിനേതാവിന് 15000 രൂപ വരെയുമാണ് പ്രതിഫലം.

TAGS :

Next Story