Quantcast

'24 പേര്‍ അന്ന് രാത്രി മരിച്ചു': നിറയെ ദുരൂഹതകളുമായി കുരുതി

താന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും തീക്ഷ്ണവും വേഗതയാര്‍ന്നതുമായ ചിത്രങ്ങളില്‍ ഒന്നാണ് കുരുതിയെന്ന് പൃഥ്വിരാജ്

MediaOne Logo

Web Desk

  • Published:

    4 Aug 2021 12:09 PM GMT

24 പേര്‍ അന്ന് രാത്രി മരിച്ചു: നിറയെ ദുരൂഹതകളുമായി കുരുതി
X

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മനു വാര്യര്‍ ആണ്. അനീഷ് പള്ള്യലിന്റേതാണ് തിരക്കഥ. പൃഥ്വിരാജിനെ കൂടാതെ റോഷന്‍ മാത്യു, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, സ്രിന്ദ, മാമ്മുക്കോയ, മണികണ്ഠന്‍ രാജന്‍, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ, നാസ്‌ലെന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

മലയോര പ്രദേശമായ ഈരാറ്റുപേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇബ്രാഹിമിന്റെ ജീവിതത്തിലേക്കാണ് ട്രെയിലര്‍ വെളിച്ചം വീശുന്നത്. ഇന്നും തന്നെ അലട്ടുന്ന ഭൂതകാലത്തെ കയ്‌പ്പേറിയ ഓര്‍മകളെ മറക്കാന്‍ പാടുപെടുന്ന ഇബ്രാഹിമിന്‍റെ വീട്ടില്‍ ഒരു രാത്രി ഒരു തടവുകാരനൊപ്പം പരിക്കുകളോടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അഭയം ചോദിച്ചെത്തുന്നു. ഏറെ ദുരൂഹതകളും സസ്പെന്‍സും നിറഞ്ഞതാണ് ട്രെയിലര്‍.

കൊല്ലുമെന്ന ശപഥവും സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമാണ് കുരുതിയുടെ ഇതിവൃത്തമെന്നും സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്താണോ അതിന്റെയൊരു അംശമാണ് ട്രെയിലര്‍ നല്‍കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു- 'ഞാന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും തീക്ഷ്ണവും വേഗതയാര്‍ന്നതുമായ ചിത്രങ്ങളില്‍ ഒന്നാണ് കുരുതി. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന ആകര്‍ഷണീയമായ കഥയും തുടര്‍ച്ചയായ ത്രില്ലുകളുമുള്ള ഈ ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്. ആമസോണ്‍ പ്രൈമുമായുള്ള സഹകരണം എനിക്കേറെ ഗുണം ചെയ്തിട്ടുണ്ട്. ഈ സ്ട്രീമിങ് സേവനത്തിലൂടെ ആഗോള പ്രേക്ഷകര്‍ക്കായി കുരുതി അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറെ ആവേശഭരിതനാണ്. ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഞങ്ങളുടെ ആരാധകര്‍ക്ക് ഓണാശംസ മുന്‍കൂറായി നേരുന്നു'.

തന്റെ ആദ്യ മലയാള ചിത്രമെന്ന നിലയ്ക്ക് കുരുതിയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വളരെ പ്രോത്സാഹനജനകമാണെന്ന് സംവിധായകന്‍ മനു വാര്യര്‍ പറഞ്ഞു. ഇത്രയും വലിയ താരനിരയോടും പ്രതിബദ്ധരായ അണിയറ പ്രവര്‍ത്തകരോടുമൊപ്പമുള്ള പ്രവര്‍ത്തനം മികച്ച അനുഭവമായിരുന്നു. എല്ലാം സാധ്യമായത് സുപ്രിയയുടെയും പൃഥ്വിരാജിന്റെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണെന്നും മനു വാര്യര്‍ പറഞ്ഞു. കുരുതി പ്രേക്ഷകര്‍ക്ക് ഓണക്കാലത്ത് നവ്യാനുഭവം പകരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രണയം, വെറുപ്പ്, പക, സംരക്ഷണം എന്നിവയ്ക്ക് പുറമേ ശരിയോ തെറ്റോ എന്ന ചോദ്യം- ഇവയാണ് കുരുതി പ്രതിപാദിക്കുന്നതെന്ന് നടന്‍ റോഷന്‍ മാത്യു പറഞ്ഞു. ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് കുരുതി. ഓണക്കാലത്ത് പ്രേക്ഷകരെ കാത്തിരിക്കുന്ന ആവേശത്തിന്റെ ഒരു ചെറിയ അംശമാണ് അതിന്റെ ട്രെയിലര്‍. ആമസോണ്‍ പ്രൈം കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ആമസോണ്‍ പ്രൈമിലൂടെയുള്ള വേള്‍ഡ് പ്രീമിയര്‍ 240 രാജ്യങ്ങളിലെ സിനിമാപ്രേമികളുടെ അടുത്ത് സിനിമ എത്തിക്കാനാകുന്നതില്‍ ഏറെ ചാരിതാര്‍ഥ്യം ഉണ്ടെന്നും റോഷന്‍ മാത്യു പറഞ്ഞു.

ഓണത്തോട് അനുബന്ധിച്ച് കുരുതിയിലൂടെ പ്രേക്ഷകര്‍ക്ക് മികച്ച വിരുന്നൊരുക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഡയറക്ടറും കണ്ടന്റ് ഹെഡുമായ വിജയ് സുബ്രഹ്മണ്യം പറഞ്ഞു. ലോകത്തുടനീളമുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മലയാളം ചിത്രങ്ങള്‍ക്കായിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷനുമായി സഹകരിക്കാനാകുന്നതിലും നിലവിലുള്ള സിനിമകളുടെ പട്ടികയിലേക്ക് പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ മെഗാ എന്റര്‍ടെയ്‌നര്‍ കൂടി ഉള്‍പ്പെടുത്തുന്നതിലും ഏറെ സന്തോഷമുണ്ടെന്നും വിജയ് സുബ്രഹ്മണ്യം അറിയിച്ചു.

TAGS :

Next Story