Quantcast

'ധുരന്ധര്‍ പ്രൊപ്പഗണ്ട ചിത്രമല്ല, സിനിമ കണ്ട ലക്ഷക്കണക്കിനാളുകൾ വിഡ്ഢികളാണോ?'; സംവിധായകൻ പ്രിയദര്‍ശൻ

ആദിത്യ ധറിന്‍റെ ആദ്യകാല പോരാട്ടങ്ങളെക്കുറിച്ച് അഭിമുഖത്തിൽ പ്രിയദർശൻ ഓർത്തെടുത്തു

MediaOne Logo
ധുരന്ധര്‍  പ്രൊപ്പഗണ്ട ചിത്രമല്ല, സിനിമ കണ്ട ലക്ഷക്കണക്കിനാളുകൾ വിഡ്ഢികളാണോ?; സംവിധായകൻ പ്രിയദര്‍ശൻ
X

മുംബൈ: രൺവീര്‍ സിങ്ങിനെ കേന്ദ്രകഥാപാത്രമാക്കി ആദിത്യ ധര്‍ ഒരുക്കിയ 'ധുരന്ധര്‍: ദ റിവഞ്ച്' ബോക്സ് ഓഫീസ് റെക്കോഡുകൾ തകര്‍ത്ത് മുന്നേറുകയാണ്. ഇതിനിടയിൽ പ്രൊപ്പഗണ്ട ചിത്രമെന്ന ആരോപണവും ചില കോണുകളിൽ നിന്നുയരുന്നുണ്ട്. സംവിധായകൻ വെട്രിമാരൻ ഉൾപ്പെടെയുള്ളവര്‍ ചിത്രത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ധുരന്ധറിനെയും ആദിത്യ ധറിനെയും ന്യായീകരിച്ചുകൊണ്ട് സംവിധായകൻ പ്രിയദര്‍ശൻ രംഗത്തെത്തിയിരിക്കുകയാണ്. സിദ്ധാര്‍ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് ശിഷ്യൻ കൂടിയായ ആദിത്യ ധറിനെ പുകഴ്ത്തിയത്.

ആദിത്യ ധറിന്‍റെ ആദ്യകാല പോരാട്ടങ്ങളെക്കുറിച്ച് അഭിമുഖത്തിൽ പ്രിയദർശൻ ഓർത്തെടുത്തു. താൻ തയ്യാറാക്കിയ ചില തിരക്കഥകൾക്ക് അർഹമായ അംഗീകാരം ലഭിക്കാതെ വന്നപ്പോൾ ആദിത്യ ഏറെ നിരാശനായിരുന്നുവെന്ന് പ്രിയദർശൻ വെളിപ്പെടുത്തി. കരിയറിന്റെ ആദ്യ ഘട്ടത്തിൽ പ്രിയദർശന്‍റെ അസിസ്റ്റന്‍റായി ആദിത്യ ധർ പ്രവർത്തിച്ചിരുന്നു.

''അവൻ അതീവ നിരാശനായിരുന്നു, പക്ഷേ എന്‍റെ കൂടെ ജോലി തുടങ്ങുന്നത് വരെ അവൻ അത് എന്നോട് പറഞ്ഞിരുന്നില്ല. വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ, എത്രത്തോളം മനംമടുത്താണ് താൻ സിനിമയിലേക്ക് വരാൻ തീരുമാനിച്ചതെന്ന് അവൻ എന്നോട് പറഞ്ഞു. സ്വന്തം മക്കളോ ശിഷ്യന്മാരോ ജീവിതത്തിൽ ഉയരങ്ങളിലെത്തുന്നത് കാണുന്നതാണ് ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷം. അതുകൊണ്ട് തന്നെ ആദിത്യ നേടിയ നേട്ടങ്ങളിൽ എനിക്ക് വലിയ അഭിമാനമുണ്ട്''

പ്രൊപ്പഗണ്ട ചിത്രമെന്ന നിലയിൽ ഉയരുന്ന വിമർശനങ്ങളെ ശക്തമായി തള്ളിക്കളഞ്ഞ പ്രിയദർശൻ, സിനിമയുടെ ഉദ്ദേശശുദ്ധിയെയും ജനങ്ങൾ അതിനെ സ്വീകരിച്ച രീതിയെയും പിന്തുണക്കുകയും ചെയ്തു. '' സത്യം ജനങ്ങളുടെ മുന്നിലെത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്ത്യ മുഴുവൻ അത് സ്വീകരിച്ചുകഴിഞ്ഞാൽ പിന്നെ ചിലരുടെ അഭിപ്രായങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളത്? ഇന്ത്യ അത് കാണുകയും അംഗീകരിക്കുകയും ചെയ്തു. അതിലും വലിയ വിജയം വേറെയില്ല'' പ്രിയദര്‍ശൻ പറഞ്ഞു.

ആദിത്യ ധറിന്‍റെ സിനിമകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾ അസ്ഥാനത്താണെന്ന് പ്രിയദർശൻ ആവർത്തിച്ചു. സിനിമ കണ്ട ലക്ഷക്കണക്കിനാളുകൾ വിഡ്ഢികളാണോ?. ഭൂരിഭാഗം ജനങ്ങളും ഒരു സിനിമയെ സ്വീകരിക്കുക എന്നാൽ അത് നിലവാരമുള്ള ചിത്രമായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായ തർക്കങ്ങളിലേക്ക് പോകാതെ സിനിമയുടെ വിജയം ആഘോഷിക്കുകയാണ് വേണ്ടതെന്നും പ്രിയദർശൻ അഭിമുഖത്തിൽ വ്യക്തമാക്കി.

TAGS :

Next Story