Quantcast

'പ്രൊഡക്ഷന്‍ കമ്പനിയുടെ കൈവശം ആവശ്യത്തിന് പണമില്ല'; വാരിയംകുന്നനില്‍ നിന്നുള്ള പിന്‍മാറ്റത്തില്‍ ആഷിഖ് അബു

വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിലെ നായകനായിരുന്ന പൃഥ്വിരാജിനും സംവിധായകന്‍ ആഷിഖ് അബുവിനും വലിയ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്

MediaOne Logo

ijas

  • Updated:

    2021-12-12 04:43:46.0

Published:

12 Dec 2021 4:26 AM GMT

പ്രൊഡക്ഷന്‍ കമ്പനിയുടെ കൈവശം ആവശ്യത്തിന് പണമില്ല; വാരിയംകുന്നനില്‍ നിന്നുള്ള പിന്‍മാറ്റത്തില്‍ ആഷിഖ് അബു
X

വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'വാരിയംകുന്നന്‍' സിനിമയില്‍ നിന്നും പിന്‍മാറിയതില്‍ വിശദീകരണവുമായി ആഷിഖ് അബു. വാരിയംകുന്നന്‍ വലിയ സാമ്പത്തിക ചെലവ് വരുന്ന സിനിമയാണെന്നും പ്രൊഡക്ഷന്‍ കമ്പനിയായ കോമ്പസ് സിനിമയുടെ കൈവശം സിനിമക്ക് ആവശ്യമായ പണമില്ലാത്തത് കാരണമാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്ന് ആഷിഖ് അബു മീഡിയവണിനോട് പറഞ്ഞു. പ്രൊഡക്ഷന്‍ കമ്പനിയുടെ കൈവശം പണമില്ലെങ്കിലും അവരാ പ്രൊജക്ട് കൈമാറാന്‍ ഒരുക്കമല്ല. ആ ഒരു അവസ്ഥയില്‍ അത്രയും വലിയ ചരിത്ര സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നാത്തത് കൊണ്ടാണ് പിന്‍മാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സമ്മര്‍ദ്ദവും വാരിയംകുന്നന്‍റെ കാര്യത്തില്‍ തനിക്ക് മേലില്‍ ഉണ്ടായിട്ടില്ലെന്നും വീട്ടില്‍ നിന്നു പോലും സമ്മര്‍ദ്ദം എടുക്കാത്ത ആളാണ് താനെന്നും ആഷിഖ് അബു പറഞ്ഞു.

വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിലെ നായകനായിരുന്ന പൃഥ്വിരാജിനും സംവിധായകന്‍ ആഷിഖ് അബുവിനും വലിയ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2020 ജൂണ്‍ 22നാണ് വാരിയംകുന്നന്‍ പ്രഖ്യാപിക്കുന്നത്. ആദ്യം നിർമാതാക്കൾ സ്ക്രിപ്റ്റുമായി സംവിധായകൻ അൻവർ റഷീദിനെയാണ് സമീപിച്ചിരുന്നത്. നടൻ വിക്രമിനെ നായകനാക്കിയാണ് അൻവർ റഷീദ് ഈ സിനിമ എടുക്കാൻ ആലോചിച്ചിരുന്നത്. പിന്നീട് വിവിധ സാങ്കേതിക കാരണങ്ങളാല്‍ ആഷിഖ് അബുവില്‍ പ്രൊജക്ട് എത്തുകയായിരുന്നു.

ആഷിഖ് അബുവിന്‍റെയും നടന്‍ പൃഥ്വിരാജിന്‍റെയും പിന്‍മാറ്റത്തിന് പിന്നാലെ വിശദീകരണവുമായി നിര്‍മാതാക്കള്‍ രംഗത്തുവന്നിരുന്നു. വാരിയംകുന്നന്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറക്കുമെന്നാണ് നിര്‍മാതാക്കളായ കോമ്പസ് മൂവീസ് അറിയിച്ചത്.

ആഷിഖ് അബുവിന്‍റെ വാക്കുകള്‍:

അത് തികച്ചു പ്രൊഫഷണലായ ഒരു തീരുമാനമായിരുന്നു. ഈ സിനിമ ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല, വേറെ ഒരു സംവിധായകനുമായി ഒരുപാട് കാലമായി ആലോചിച്ചിരുന്ന സിനിമയായിരുന്നു. പിന്നെ അത്തരമൊരു സിനിമ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നാണ്. വലിയ രീതിയില്‍ അതിന് സമ്പത്ത് വേണ്ടിവരും. നമ്മളുദ്ദേശിക്കുന്ന പോലെയുള്ള സിനിമയേയല്ല. അത്രയും സമ്പത്ത് തല്‍ക്കാലം ഇപ്പോള്‍ ആ പ്രൊഡക്ഷന്‍ കമ്പനിയുടെ കൈയ്യിലില്ല. സിനിമ നമുക്ക് കൈമാറാനും ആ പ്രൊഡക്ഷന്‍ കമ്പനി തയ്യാറല്ല. ആ ഒരു അവസ്ഥയില്‍ അത്രയും വലിയ ചരിത്ര സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നാത്തത് കൊണ്ടാണ് ഞങ്ങള്‍ വളരെ സമാധാനപൂര്‍വ്വം നിങ്ങള്‍ വേറെയാളെ നോക്കികൊള്ളൂവെന്ന് പറഞ്ഞത്. ഒരു സമ്മര്‍ദ്ദവും എനിക്കങ്ങനെ ഏല്‍ക്കാറില്ല. സമ്മര്‍ദ്ദം എന്‍റെ വീട്ടിന്ന് പോലും എടുക്കാത്ത ആളാണ് ഞാന്‍.

സംഭവം ഇത്രയുമാണ്, അത് വലിയൊരു പ്രൊജക്ടാണ്. ഞങ്ങളെ പോലുള്ളവര്‍ അത് വളരെ ആത്മാര്‍ത്ഥമായി എക്സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടിവരും. അവര് വലിയ സംവിധാനങ്ങളുണ്ടാക്കുമായിരിക്കും ഭാവിയില്‍, പക്ഷേ ഇപ്പോള്‍ തല്‍ക്കാലം അതില്ലായെന്ന തിരിച്ചറിവിലാണ് ഞങ്ങള്‍ പിന്‍മാറിയത്.

TAGS :

Next Story