Quantcast

'എന്തൊരു കഷ്ടമാണിത്?; അനുവാദമില്ലാതെ തന്‍റെ ദൃശ്യങ്ങൾ പരസ്യത്തിൽ ഉപയോഗിച്ച ഹെൽത്ത് കെയർ ബ്രാൻഡിനെതിരെ നിയമനടപടിയുമായി മാധവൻ

ഒരാളുടെ അഭിമുഖത്തിലെ ക്ലിപ്പ് എടുത്ത് നിങ്ങളുടെ ഉൽപന്നത്തിന്‍റെ പരസ്യത്തിന്റെ ഭാഗമാക്കാൻ നിങ്ങൾക്ക് കഴിയില്ല

MediaOne Logo

Web Desk

  • Published:

    20 May 2026 1:57 PM IST

എന്തൊരു കഷ്ടമാണിത്?; അനുവാദമില്ലാതെ തന്‍റെ ദൃശ്യങ്ങൾ പരസ്യത്തിൽ ഉപയോഗിച്ച ഹെൽത്ത് കെയർ ബ്രാൻഡിനെതിരെ നിയമനടപടിയുമായി മാധവൻ
X

ചെന്നൈ: അനുവാദമില്ലാതെ പഴയ അഭിമുഖത്തിലെ ദൃശ്യങ്ങൾ പരസ്യത്തിനായി ഉപയോഗിച്ച ഹെൽത്ത് കെയർ ബ്രാൻഡിനെതിരെ കടുത്ത നിയമനടപടിയുമായി നടൻ ആർ. മാധവൻ. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തനിക്കുണ്ടായ ദുരനുഭവം ആരാധകരുമായി പങ്കുവച്ചത്. പ്രസ്തുത പരസ്യം വ്യാജമാണെന്നും മുന്നറിയിപ്പും നൽകി. എലിവേറ്റ്നൗ എന്ന ബ്രാൻഡിനെതിരെയാണ് താരം നോട്ടീസ് അയച്ചത്.

"എന്ത് കഷ്ടമാണിത്! ഇങ്ങനെയുള്ള ആളുകൾക്കും സ്ഥാപനങ്ങൾക്കും നിയമത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് എങ്ങനെയാണ് കരുതാൻ കഴിയുന്നത്? ഒരാളുടെ അഭിമുഖത്തിലെ ക്ലിപ്പ് എടുത്ത് നിങ്ങളുടെ ഉൽപന്നത്തിന്‍റെ പരസ്യത്തിന്റെ ഭാഗമാക്കാൻ നിങ്ങൾക്ക് കഴിയില്ല. ഇവർക്കെതിരെ ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ട്. ദയവായി ഇത്തരത്തിലുള്ള പ്രൊഫഷണലുകളെയും സ്ഥാപനങ്ങളെയും കുറിച്ച് ജാഗ്രത പാലിക്കുക," മാധവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പ്രസ്തുത ഇൻസ്റ്റാഗ്രാം റീൽ കണ്ടാൽ താൻ ആ ഉൽപന്നം പ്രൊമോട്ട് ചെയ്യുകയാണെന്ന് ആളുകൾക്ക് തോന്നുമെന്നും, എന്നാൽ യാതൊരു അനുമതിയും കൂടാതെയാണ് അവർ ആ വീഡിയോ ഉപയോഗിച്ചിരിക്കുന്നതെന്നും താരം വ്യക്തമാക്കി. " അനുവാദമില്ലാതെ അഭിമുഖത്തിലെ ക്ലിപ്പ് എടുത്ത് എന്റെ ഭാഗത്തുനിന്നുള്ള എൻഡോഴ്‌സ്‌മെന്റായി അവർ ഉപയോഗിച്ചിരിക്കുകയാണ്. ഇത്തരം ആളുകളെയും അവരുടെ ചികിത്സകളെയും പൊതുജനങ്ങൾ എങ്ങനെ വിശ്വസിക്കും? കഷ്ടം തന്നെ!" മാധവൻ കൂട്ടിച്ചേർത്തു.

വെറും 21 ദിവസങ്ങൾ കൊണ്ട് താൻ എങ്ങനെയാണ് ശരീരഭാരം കുറച്ചതെന്ന് മാധവൻ ഒരു അഭിമുഖത്തിൽ വിവരിക്കുന്ന ദൃശ്യങ്ങളാണ് ഈ പരസ്യത്തിനായി ബ്രാൻഡ് അനുവാദമില്ലാതെ ഉപയോഗിച്ചിരിക്കുന്നത്. ഈ വീഡിയോക്ക് പിന്നാലെ ഡോക്ടറാണെന്ന് അവകാശപ്പെടുന്ന ഇയാൾ, മാധവന്റെ ഈ പെട്ടെന്നുള്ള ശാരീരിക മാറ്റത്തെക്കുറിച്ചും അതിന് പിന്നിലെ മെഡിക്കൽ വശങ്ങളെക്കുറിച്ചുമെന്ന രീതിയിലാണ് സംസാരിക്കുന്നത്. മാധവന്‍റെ മാത്രമല്ല, കരൺ ജോഹറിന്റെയും രാം കപൂറിന്റെയും അഭിമുഖ ക്ലിപ്പുകൾ ബ്രാൻഡ് ഉപയോഗിച്ചിട്ടുണ്ട്.എന്നാൽ ഹെൽത്ത് കെയര്‍ ബ്രാൻഡ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

TAGS :

Next Story