യൂണിഫോം വാങ്ങാൻ പണമില്ലാത്തതിനാൽ നാലാം ക്ലാസിൽ പഠനം നിര്‍ത്തി, 68-ാം വയസിൽ ഏഴാം ക്ലാസ് പരീക്ഷ; ഇന്ദ്രൻസ് എന്ന പോരാളി
സിനിമയെപ്പോലെ തന്നെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇന്ദ്രൻസിന്റെ ജീവിതം

- Published:
18 April 2026 1:26 PM IST

ഹാസ്യതാരങ്ങൾ ക്യാരക്ടര്‍ റോളുകളിൽ തിളങ്ങുന്നത് മലയാള സിനിമയിൽ ഒരു പുതിയ കാഴ്ചയല്ല. ഇവരെയെല്ലാം മറികടക്കുന്നതായിരുന്നു ഇന്ദ്രൻസിന്റെ പ്രകടനം. ഓരോ സിനിമകളിലൂടെയും പ്രേക്ഷകരെക്കൊണ്ട് കയ്യടിപ്പിക്കുന്ന ഇന്ദ്രൻസിന്റെ മായാജാലം ഒടുവിൽ ദേശീയപുരസ്കാരത്തിലേക്ക് വരെ എത്തിച്ചു. 2021ൽ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസിന് പ്രത്യേക പരാമര്‍ശം ലഭിച്ചു.
സിനിമയെപ്പോലെ തന്നെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇന്ദ്രൻസിന്റെ ജീവിതം. യൂണിഫോം വാങ്ങാൻ പണമില്ലാത്തതിനാൽ നാലാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്ന ഒരാൾ, 68-ാം വയസിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നതിലേക്ക് എത്തിയ യാത്ര അതിശയിപ്പിക്കുന്നതാണ്. ദാരിദ്ര്യം മൂലം നാലാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന കുട്ടിക്കാലമായിരുന്നു ഇന്ദ്രൻസിന്റേത്. സ്കൂൾ യൂണിഫോം വാങ്ങാൻ പോലും അന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് നിവൃത്തിയില്ലായിരുന്നു.
"എന്റെ സ്കൂൾ വിദ്യാഭ്യാസവും കുട്ടിക്കാലവും തിരുവനന്തപുരത്തെ കുമാരപുരത്തായിരുന്നു. പഠനത്തിൽ മിടുക്കൻ, സ്ഥിരമായി ഒന്നാം റാങ്കും നേടി. അക്കാലത്ത്, മിടുക്കരായ വിദ്യാർഥികളെ മുൻ ബെഞ്ചുകളിൽ ഇരുത്തിയിരുന്നു; അതിനാൽ ഞാൻ എപ്പോഴും ഒരു 'ഫ്രണ്ട്-ബെഞ്ച്' വിദ്യാർഥിയായിരുന്നു''ഒരിക്കൽ ഇന്ദ്രൻസ് പറഞ്ഞുയ
'' നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് യൂണിഫോം ഒരു പ്രശ്നമായി മാറിയത്. ആ വർഷം മുഴുവൻ ഞാൻ സ്കൂളിൽ പോയില്ല. അടുത്ത വർഷം, പുസ്തകങ്ങളും യൂണിഫോമും ഒരുമിച്ച് വാങ്ങാൻ ഞങ്ങളുടെ കൈവശം പണമില്ലായിരുന്നു. സ്കൂൾ യൂണിഫോം നിർബന്ധമാക്കി. അങ്ങനെയാണ് എനിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നത്. ഞങ്ങൾ വീട്ടിൽ ഏഴ് കുട്ടികളായിരുന്നു, ഞാൻ മൂന്നാമത്തെ ആളായിരുന്നു” ഇതായിരുന്നു ഇന്ദ്രൻസിന്റെ വാക്കുകൾ.
ആദ്യ ദേശീയ പുരസ്കാരം നേടിയ ശേഷം , 2024 ൽ ഇന്ദ്രൻസ് കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി.പരീക്ഷാഹാളിലെത്തുന്ന നടന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മിഥുൻ മാനുവൽ തോമസിന്റെ ആട് 3: വൺ ലാസ്റ്റ് റൈഡ് - പാർട്ട് 1 , ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഭീഷ്മർ എന്നീ ചിത്രങ്ങളിലാണ് ഇന്ദ്രൻസ് ഏറ്റവും ഒടുവിൽ അഭിനയിച്ചത് . മമ്മൂട്ടി-മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പാട്രിയറ്റിലും ഇന്ദ്രൻസ് അഭിനയിച്ചിട്ടുണ്ട്.
Adjust Story Font
16
