ഇനിയുണ്ടാകുമോ ഇതുപോലൊരു ഫോട്ടോ; മോഹൻലാലിനൊപ്പം ഫിലോമിന, കെപിഎസി ലളിത, പപ്പു, ഒടുവിൽ, മാമുക്കോയ... മലയാള സിനിമയിലെ ലെജന്‍സുകൾ ഒറ്റ ഫ്രയിമിൽ
കമൽ സംവിധാനം ചെയ്ത 'പെരുവണ്ണാപുരത്തെ വിശേഷങ്ങൾ' എന്ന ചിത്രത്തിലെ ഒരു ഫ്രയിമാണ് ഇപ്പോൾ സോഷ്യൽമീഡിയയിഷൽ വൈറലായിക്കൊണ്ടിരിക്കുന്നത്

പഴയ പാട്ടുകൾ പോലെയാണ് പഴയ സിനിമകളും...എന്നെന്നും ഓര്‍ത്തിരിക്കാനുള്ള സിനിമകൾ പിറന്ന കാലമായിരുന്നു 80കളും 90കളും..അതിലെ ഓരോ രംഗം പോലും നമ്മെ കാലങ്ങൾക്ക് പിറകിലേക്ക് കൊണ്ടുപോകും. ഇപ്പോൾ റീലുകളായും ഷോര്‍ട്സുകളായും അത്തരം സീനുകൾ കാണുമ്പോൾ എത്ര മനോഹരമായ കാലമായിരുന്നുവെന്ന് നഷ്ടബോധത്തോടെ ഓര്‍ക്കും. പഴയ സിനിമകൾ കാണുമ്പോഴാണ് അന്ന് നമ്മെ പൊട്ടിച്ചിരിപ്പിച്ച, രസിപ്പിച്ച അതുല്യ കലാകാരൻമാര്‍ ഇന്നില്ലെന്ന് ഓര്‍ക്കുന്നത്.
കമൽ സംവിധാനം ചെയ്ത 'പെരുവണ്ണാപുരത്തെ വിശേഷങ്ങൾ' എന്ന ചിത്രത്തിലെ ഒരു ഫ്രയിമാണ് ഇപ്പോൾ സോഷ്യൽമീഡിയയിഷൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിലേതാണ് ഫോട്ടോ. ഒരു നീല മാരുതി കാറിന്‍റെ ഡോര്‍ തുറന്ന് മോഹൻലാൽ നിൽക്കുന്നതും ലാലിനെ നോക്കുന്ന ഫിലോമിനയുമാണ് ചിത്രത്തിലുള്ളത്. ഇന്നസെന്‍റ്, കെപിഎസി ലളിത, കൽപന, കുതിരവട്ടം പപ്പു, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ മൺമറഞ്ഞ കലാകാരൻമാര്‍ക്കൊപ്പം സിദ്ദിഖും ജയറാമും ജഗതി ശ്രീകുമാറും ചിത്രത്തിലുണ്ട്. നിരവധി സിനിമാപ്രേമികളാണ് ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകൾ പങ്കുവച്ചത്.
1989 ആഗസ്ത് 5നാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തിയറ്ററുകളിലെത്തിയത്. രഞ്ജിത്തിന്‍റെ തിരക്കഥയിൽ കമലാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. ജയറാമും പാര്‍വതിയുമായിരുന്നു നായികാനായകൻമാര്‍. പെരുവണ്ണാപുരത്തെ വാമദേവകുറുപ്പ് മെമ്മോറിയൽ കോളേജും കുറുപ്പൻമാരും കോളജിലേക്ക് പുതിയതായി എത്തുന്ന പ്യൂണും തുടർന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമായിരുന്നു കഥയുടെ ഇതിവൃത്തം. അന്നത്തെ ഹിറ്റ് കോമ്പോകൾ അണിനിരന്ന ചിത്രത്തിൽ മോഹന്‍ലാലിന്‍റെ അതിഥി വേഷമായിരുന്നു ഏറ്റവും വലിയ ഹൈലൈറ്റ്.
കിരീടത്തിന്‍റെ തിരക്ക് പിടിച്ച ഷെഡ്യൂളിനിടയിൽ നിന്നാണ് ലാൽ പെരുവണ്ണാപുരത്തിൽ ജോയിൻ ചെയ്യുന്നത്. മോഹൻലാൽ ചെയ്ത അച്യുതക്കുറുപ്പ് എന്ന കഥാപാത്രം പടത്തിന്‍റെ വിജയത്തിന് കൂടുതൽ സഹായമായി എന്ന് കമൽ പിന്നീട് പറഞ്ഞിരുന്നു. അതുപോലെ ശ്രീനിവാസൻ അഭിനയിക്കേണ്ട വേഷമായിരുന്നു ജഗതി അഭിനയിച്ച കീലേരി പത്മനാഭൻ. തിരക്ക് മൂലം ശ്രീനിവാസൻ ജഗതിയുടെ പേര് നിർദേശിക്കുകയായിരുന്നു. കെ.ടി കുഞ്ഞുമോനായിരുന്നു നിര്‍മാണം.
Adjust Story Font
16

