Quantcast

അത്തരമൊരു പ്രിന്‍റ് നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല; പുഷ്പ മലയാളം പതിപ്പ് വൈകുന്നതിനെക്കുറിച്ച് റസൂല്‍ പൂക്കുട്ടി

കേരളത്തിലെ തിയറ്ററുകളില്‍ തമിഴ് പതിപ്പാണ് ഓടിക്കൊണ്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 Dec 2021 6:08 AM GMT

അത്തരമൊരു പ്രിന്‍റ് നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല; പുഷ്പ മലയാളം പതിപ്പ് വൈകുന്നതിനെക്കുറിച്ച് റസൂല്‍ പൂക്കുട്ടി
X

അല്ലു ആരാധകരെ ആവേശത്തിലാഴ്ത്തി ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം പുഷ്പ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. എന്നാല്‍ മലയാളി ആരാധകരെ റിലീസ് നിരാശയിലാഴ്ത്തിയിരിക്കുകയാണ്. മറ്റു ഭാഷകളില്‍ ചിത്രം എത്തുമ്പോള്‍ മലയാള പതിപ്പ് വൈകുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. കേരളത്തിലെ തിയറ്ററുകളില്‍ തമിഴ് പതിപ്പാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മലയാളം റിലീസ് വൈകാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനര്‍ ആയ റസൂല്‍ പൂക്കുട്ടി.

സോഫ്റ്റ്‍വെയറിലെ ഒരു ബഗ് മൂലം പ്രിന്റിൽ തകരാർ സംഭവിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയാണ് റസൂൽ പൂക്കുട്ടിയുടെ പ്രതികരണം. 'മിക്സ് ഫയല്‍സ് ഉണ്ടാക്കാനായി പുതിയതും വേഗമുള്ളതുമായ ഒരു രീതിയാണ് ഞങ്ങള്‍ ഉപയോഗിച്ചത്. ഞങ്ങളുടെ പരീക്ഷണഫലങ്ങളൊക്കെ മികച്ചതുമായിരുന്നു. പക്ഷേ സോഫ്റ്റ്‍വെയറിലെ ഒരു ബഗ് മൂലം ഫൈനല്‍ പ്രിന്‍റില്‍ തകരാർ കണ്ടെത്തുകയായിരുന്നു. അല്ലു അര്‍ജുന്‍റെയും രശ്‍മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്‍റ് നൽകാൻ ഞാൻ ആഗ്രഹിച്ചില്ല. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്', റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർതാരമാക്കിയ സുകുമാർ ആണ് ഈ ചിത്രത്തിന്‍റെയും സംവിധാനം. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പുഷ്പയുടെ വില്ലന്‍. മൊട്ടയടിച്ച് ഗംഭീര മേക്കോവറിലാണ് ആദ്യ തെലുങ്ക് ചിത്രത്തില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നത്.

TAGS :

Next Story