Quantcast

സല്‍മാന് വീണ്ടും ലോറന്‍സ് ബിഷ്ണോയി സംഘത്തിന്‍റെ ഭീഷണി

ചൊവ്വാഴ്ചയാണ് ഭീഷണി ഉണ്ടായതെന്നും അദ്ദേഹത്തിന്‍റെ സുരക്ഷ അവലോകനം ചെയ്തതായും മുംബൈ പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    29 Nov 2023 4:56 AM GMT

Salman Khan
X

സല്‍മാന്‍ ഖാന്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തിന്‍റെ ഭീഷണി. ചൊവ്വാഴ്ചയാണ് ഭീഷണി ഉണ്ടായതെന്നും അദ്ദേഹത്തിന്‍റെ സുരക്ഷ അവലോകനം ചെയ്തതായും മുംബൈ പൊലീസ് അറിയിച്ചു.നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാനുള്ളത്.

ഞായറാഴ്ച പഞ്ചാബി ഗായകന്‍ ഗിപ്പി ഗ്രവാളിന്‍റെ കാനഡയിലെ വസതി ആക്രമിച്ചതിനു പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സല്‍മാനെയും പരാമര്‍ശിച്ചിരിക്കുന്നത്.'' "നിങ്ങൾ സൽമാൻ ഖാനെ ഒരു സഹോദരനായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ഇപ്പോൾ നിങ്ങളുടെ സഹോദരൻ വന്ന് നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്. ഈ സന്ദേശം സല്‍മാന്‍ ഖാനും കൂടിയുള്ളതാണ്. ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന വ്യാമോഹം വേണ്ട. നിന്നെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. സിദ്ധു മൂസെവാലയുടെ മരണത്തിനു പിന്നാലെയുള്ള നിങ്ങളുടെ നാടകീയമായ പ്രതികരണം ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ല. അവൻ ഏതുതരം വ്യക്തിയായിരുന്നുവെന്നും അവനുണ്ടായിരുന്ന ക്രിമിനൽ കൂട്ടുകെട്ടുകളെക്കുറിച്ചുമെല്ലാ ഞങ്ങള്‍ക്കറിയാം. നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുന്നു.ഇതൊരു ട്രെയിലറായി കരുതുക. മുഴുവൻ ചിത്രവും ഉടൻ പുറത്തിറങ്ങും.നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും രാജ്യത്തേക്ക് പലായനം ചെയ്യുക, എന്നാൽ ഓർക്കുക, മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ വരുന്നു." ലോറൻസ് ബിഷ്‌ണോയിയുടെ അക്കൗണ്ടെന്ന് കരുതപ്പെടുന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ ഉറവിടെ ഇന്ത്യക്ക് പുറത്തുനിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീഷണിക്ക് പിന്നാലെ മുംബൈ പൊലീസ് സൽമാൻ ഖാന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ചു. കഴിഞ്ഞ മാര്‍ച്ചിലും സല്‍മാന് നേരെ ഭീഷണിയുണ്ടായിരുന്നു. യുകെയില്‍ പഠിക്കുന്ന ഡല്‍ഹി സ്വദേശിയായ 25കാരനാണ് ഇ-മെയില്‍ ഭീഷണിപ്പെടുത്തിയത്.താരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ മുംബൈ പൊലീസ് ഖാന് Y+ കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. നേരത്തെ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് താരത്തിന് ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ സുരക്ഷ ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷവും സല്‍മാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിലുണ്ടായിരുന്നത്. ജൂൺ അഞ്ചിന് ബാന്ദ്രയിൽനിന്നാണ് കത്തു ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്കു പോകുന്ന വഴിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കത്ത് കണ്ടെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് താരം സ്വയം സുരക്ഷ ശക്തമാക്കിയിരുന്നു. തന്‍റെ ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവി കവചവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചിരുന്നു. തോക്ക് കൈവശം വയ്ക്കാനും സല്‍മാന് മുംബൈ പൊലീസ് അനുമതി നല്‍കിയിരുന്നു.

TAGS :

Next Story