Quantcast

"ഒരു നടിക്ക് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ട ആവശ്യം എന്താണ്! ഭ്രാന്തമായ ഒരു ഘട്ടമായിരുന്നു അത്"; സമീറ റെഡ്‌ഡി പറയുന്നു

പത്ത് വർഷം മുൻപ് അങ്ങനെയൊരു സർജറി ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ ഖേദിക്കേണ്ടി വരുമായിരുന്നു എന്നും സമീറ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 Feb 2023 1:09 PM GMT

ഒരു നടിക്ക് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ട ആവശ്യം എന്താണ്! ഭ്രാന്തമായ ഒരു ഘട്ടമായിരുന്നു അത്; സമീറ റെഡ്‌ഡി പറയുന്നു
X

സ്വയം സ്‌നേഹിക്കേണ്ടത് എത്രത്തോളം അത്യാവശ്യമാണെന്ന് സോഷ്യൽ മീഡിയയിലൂടെ നിരന്തരം ഓർമിപ്പിക്കുന്ന നടിയാണ് സമീറ റെഡ്‌ഡി. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ മിക്കപ്പോഴും തുറന്നുകാണിക്കുന്നത് താരപരിവേഷങ്ങളൊന്നുമില്ലാത്ത യഥാർത്ഥ സമീറയെയാണെന്ന് നടി ഇടയ്ക്കിടെ പറയാറുമുണ്ട്. സമീറയുടെ തുറന്നെഴുതുകൾക്കുള്ള ആരാധകരും കുറവല്ല. മേക്ക് അപ് ഇല്ലാതെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സമീറ ഇപ്പോൾ പുതുമയുള്ള കാഴ്ചയല്ല. കഴിഞ്ഞ കുറെ നാളുകളായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സമീറയുടെ വിശേഷങ്ങളറിയാൻ ആരാധകർ ഏറെ താല്പര്യം കാണിക്കാറുണ്ട്.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ മികച്ച വേഷങ്ങൾ ചെയ്‌ത്‌ തിളങ്ങി നിന്ന നടി അക്ഷയ് വർദെയുമായുള്ള വിവാഹശേഷം അഭിനയജീവിതത്തിന് അവധി കൊടുക്കുകയായിരുന്നു. എങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു സമീറ. ഗർഭിണിയായ ശേഷം തന്റെ ശരീരത്തിന് വന്ന മാറ്റങ്ങളെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞുകൊണ്ടാണ് ഗ്ലാമറസ് റെഡ്‌ഡിയുടെ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചവർക്ക് സമീറ മറുപടി നൽകിയത്.

തലമുടി നരച്ചതും വയറിലെ സ്ട്രെച്ച് മാർക്കുകളും യാതൊരു മടിയും കൂടാതെ സമീറ പ്രദർശിപ്പിച്ചത് പലർക്കും പ്രചോദനമാവുകയാണുണ്ടായത്. ഇപ്പോഴിതാ, സിനിമാ ലോകത്തെ മറ്റൊരു വശത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. പത്ത് വർഷത്തിന് മുൻപ് തനിക്ക് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളാണ് നടി തുറന്നുപറഞ്ഞിരിക്കുന്നത്. ഓൺ സ്‌ക്രീനിൽ മികച്ചതായി കാണുന്നതിന് പ്ലാസ്റ്റിക് സർജറി ചെയ്യാൻ പലരും നിർദ്ദേശിച്ചിരുന്നു. മാറിടങ്ങൾക്ക് വലിപ്പം കൂട്ടുന്നതിനായി താൻ എപ്പോഴും നെഞ്ചിൽ ഒരു പാഡ് ധരിക്കാൻ നിർബന്ധിതയായെന്നും നടി പറഞ്ഞു.

"ഏകദേശം പത്ത് വർഷത്തിന് മുൻപ് എല്ലാവരും പ്ലാസ്റ്റിക് സർജറിയുടെ പിന്നാലെയായിരുന്നു. മൂക്ക് അല്ലെങ്കിൽ അസ്ഥികളുടെ ഘടന എന്നിവ മാറ്റുന്നതിനായി ആയിരുന്നു ഇത്. എനിക്ക് നെഞ്ചിൽ എപ്പോഴും പാഡ് കെട്ടി നടക്കേണ്ടി വന്നിട്ടുണ്ട്. ജോലിയുടെ ഭാഗമെന്നായിരുന്നു പറഞ്ഞിരുന്നത്. ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അത്"; സമീറ പറഞ്ഞു.

പ്ലാസ്റ്റിക് സർജറിയെ കുറിച്ച് സിനിമാ ലോകത്ത് പലരും തുറന്നുപറഞ്ഞിരുന്നതിനാൽ സ്‌തന ശസ്ത്രക്രിയ ചെയ്യാൻ പോലും തനിക്ക് നിർദ്ദേശം ലഭിച്ചിരുന്നുവെന്ന് സമീറ പറയുന്നു. എന്നാൽ, ഇത് വേണോ? ഒരു നടിയെന്ന നിലയിൽ ഇത് ചെയ്യേണ്ടതുണ്ടോ? എന്താണ് ഇതിന്റെയൊക്കെ ആവശ്യം എന്നായിരുന്നു തന്റെ ചിന്ത. ഇത്തരം നിർദ്ദേശങ്ങൾക്കെതിരെ തീരുമാനം എടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സമീറ പറഞ്ഞു.

പത്ത് വർഷം മുൻപ് അങ്ങനെയൊരു സർജറി ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ ഖേദിക്കേണ്ടി വരുമായിരുന്നു എന്നും സമീറ പറഞ്ഞു. എന്നാൽ, ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്നവരോട് വിരോധമൊന്നുമില്ലെന്നും സമീറ പറയുന്നു. അവർക്കത് സന്തോഷം നല്കുന്നുവെങ്കിൽ അവർ ജീവിക്കട്ടെ, അവരെ ജീവിക്കാൻ അനുവദിക്കൂ. അവരെ വിലയിരുത്താൻ നമ്മളാരാണ്; സമീറ ചോദിച്ചു.

ഇപ്പോൾ കുടുംബത്തിനൊപ്പം ഏറെ സന്തോഷത്തിലാണ് സമീറ. ഹാൻസ്, നൈര എന്ന രണ്ടുമക്കളാണ് സമീറക്കുള്ളത്. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റും എത്രത്തോളം ആത്മവിശ്വാസം തരുന്നതാണെന്ന് സിനിമാതാരങ്ങൾ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

TAGS :

Next Story