Quantcast

സൗദി വെള്ളക്കയും അറിയിപ്പും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്; കശ്മീര്‍ ഫയല്‍സും ആര്‍.ആര്‍.ആറും ഇന്ത്യന്‍ പനോരമയില്‍

രാജ്യത്താകെ നിന്നും 25 സിനിമകളാണ് ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്

MediaOne Logo

ijas

  • Updated:

    2022-10-22 07:40:17.0

Published:

22 Oct 2022 7:36 AM GMT

സൗദി വെള്ളക്കയും അറിയിപ്പും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്; കശ്മീര്‍ ഫയല്‍സും ആര്‍.ആര്‍.ആറും ഇന്ത്യന്‍ പനോരമയില്‍
X

അമ്പത്തിമൂന്നാം ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് മലയാളത്തില്‍ നിന്നും രണ്ട് സിനിമകള്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് എന്നീ സിനിമകളാണ് ഇന്ത്യന്‍ പനോരമയിലെ ഫീച്ചര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നോൺ ഫീച്ചർ വിഭാഗത്തിൽ 'വീട്ടിലേക്ക്' എന്ന മലയാള സിനിമയും തെരഞ്ഞെടുക്കപ്പെട്ടു.

ലുഖ്മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സൗദി വെള്ളക്ക തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ സംവിധാന ചിത്രമാണ്. വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ഓപ്പറേഷന്‍ ജാവയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ആദ്യ ചിത്രം. സൗദി വെള്ളക്ക ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്ക് ശേഷമാകും കേരളത്തിലെ തിയറ്ററുകളിലെത്തുക. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിലെത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയ 'അറിയിപ്പ്' മഹേഷ് നാരായണനാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മാലിക്കിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് അറിയിപ്പ്. 17 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലൊക്കാര്‍നോ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ ചിത്രമാണ് 'അറിയിപ്പ്'. ഫെസ്റ്റിവലുകളിലെ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ചിത്രം നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശിപ്പിക്കും.

രാജ്യത്താകെ നിന്നും 25 സിനിമകളാണ് ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബോളിവുഡില്‍ നിന്നും മേജര്‍, സിയ, സ്റ്റോറി ടെല്ലര്‍, ത്രീ ഓഫ് അസ്, കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളും തെലുഗില്‍ നിന്നും ആര്‍.ആര്‍.ആര്‍, സിനിമാ ബണ്ടി, കുതിരം ബോസ് എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുരങ്ങു പെഡല്‍, കിട, ജയ് ഭീം എന്നീ ചിത്രങ്ങളാണ് തമിഴില്‍ നിന്നും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 20 നോണ്‍ ഫീച്ചര്‍ സിനിമകളും ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ദിവ്യ കൊവാസ്ജി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം 'ഷോ മസ്റ്റ് ഗോ ഓണ്‍' ആണ് ഉദ്ഘാടന ചിത്രം.

TAGS :

Next Story