സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ മമ്മൂട്ടിക്ക് മടിയുണ്ടായിരുന്നു, നിര്‍ബന്ധത്തിന് വഴങ്ങിയാണ് സമ്മതിച്ചത്: എസ് എന്‍ സ്വാമി
"ഇന്നുവരെ മമ്മൂട്ടി തനിക്ക് ഇന്ന സിനിമ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരേയൊരു പ്രാവശ്യം പറഞ്ഞത് സിബിഐയെ കുറിച്ചാ"

മമ്മൂട്ടിയുടെ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സേതുരാമയ്യര്‍ സിബിഐയുടെ അഞ്ചാം ഭാഗം. അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് സിബിഐ സിനിമകളുടെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി മീഡിയവണിനോട് പറഞ്ഞു.
"ഞാനും മമ്മൂട്ടിയും തമ്മില്‍ 30 വര്‍ഷത്തെ പരിചയമുണ്ട്. 40 സിനിമയില്‍ കൂടുതല്‍ മമ്മൂട്ടിക്കായി എഴുതിയിട്ടുണ്ട്. എഴുതിയതില്‍ ഭൂരിപക്ഷം സിനിമകളും ഹിറ്റാണ്. ഇപ്പോഴും ഞാന്‍ അയാള്‍ക്കായി എഴുതിക്കൊണ്ടിരിക്കുകയാണ്. അയാളുടെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് ഞാന്‍ എന്നാണ് എന്‍റെ വിശ്വാസം. ലോ കോളജില്‍ മമ്മൂട്ടി പഠിക്കുന്ന കാലത്താണ് ആദ്യമായി കാണുന്നത്. അന്ന് അയാള്‍ക്ക് സിനിമാ കമ്പമുണ്ടോയെന്നൊന്നും എനിക്ക് അറിയില്ല"- എസ് എന്‍ സ്വാമി പറഞ്ഞു.
ഏതെങ്കിലും കഥാപാത്രം വേണമെന്ന് മമ്മൂട്ടി പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് എസ് എന്‍ സ്വാമിയുടെ മറുപടി ഇങ്ങനെ- "ഇന്നുവരെ മമ്മൂട്ടി തനിക്ക് ഇന്ന സിനിമ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരേയൊരു പ്രാവശ്യം പറഞ്ഞത് സിബിഐയെ കുറിച്ചാ. ഞാനൊരു പൊലീസ് കഥ എഴുതിയപ്പോള്‍ പൊലീസ് കഥ വേണ്ട, സിബിഐ ആക്കാം എന്നൊരു നിര്‍ദേശം പറഞ്ഞു. അയാളുടെ വാക്കിന് ഞാന്‍ വല്യ ബഹുമാനം കല്‍പ്പിക്കുന്നു. അയാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനകത്ത് എന്തെങ്കിലും കാര്യമുണ്ടാകും. അല്ലാതെ ഇന്ന കഥാപാത്രം വേണമെന്ന് അയാള്‍ ഒരിക്കലും പറഞ്ഞിട്ടില്ല".
സിബിഐ കഥകളിലേക്ക് എത്തിയതെങ്ങനെ എന്ന ചോദ്യത്തിന് എസ് എന്‍ സ്വാമി നല്‍കിയ മറുപടിയിങ്ങനെ- മമ്മൂട്ടിയുടെ ഏതോ സിനിമയുടെ ഷൂട്ടിങ് കണ്ണൂരില്‍ നടക്കുകയാ. ഞാന്‍ മൂകാംബികയ്ക്ക് പോവുകയാ. അപ്പോള്‍ ഞങ്ങളെ വിളിച്ചു. ആവനാഴി എന്ന സിനിമ റിലീസായ സമയമാണത്. അത് ഭയങ്കര ഹിറ്റാ. അതിനപ്പുറമുള്ള ഒരു പൊലീസ് കഥ എളുപ്പമല്ല. ആവനാഴിയിലെ എല്ലാ അമ്പും എടുത്ത് ചെയ്ത സിനിമയാണത്. അങ്ങനെയാണ് സിബിഐ എന്തുകൊണ്ട് ആലോചിച്ചുകൂടായെന്ന് ചോദിച്ചത്. അന്നെനിക്ക് സിബിഐയെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. പിന്നീട് പലരോടും സംസാരിച്ചാണ് സിബിഐയുടെ രീതികളെ കുറിച്ച് ധാരണയുണ്ടായത്. അങ്ങനെ ഓകെ പറഞ്ഞു. അതിനകത്ത് ബ്രാഹ്മിണ്‍ കഥാപാത്രം വേണമെന്ന് പറഞ്ഞത് മമ്മൂട്ടിയാ. സേതുരാമയ്യര്‍ എന്ന പേര് അന്ന് ആയിട്ടില്ല. പക്ഷേ കഥാപാത്രമായി മമ്മൂട്ടി അഭിനിച്ചുകാണിച്ചുതന്നു.
സിബിഐ കഥകളില്‍ 'ജാഗ്രത' ഒഴിച്ച് ബാക്കിയെല്ലാം ഹിറ്റാണ്. എന്നാലും അഞ്ചാമത്തെ സിനിമ ചെയ്യാന്‍ മമ്മൂട്ടിക്ക് മടിയുണ്ടായിരുന്നു. സിനിമയുടെ വിജയത്തെ കുറിച്ചുള്ള സംശയമല്ല. നാല് തവണ ആ കഥാപാത്രമായി. വീണ്ടും ആവര്‍ത്തിക്കുമ്പോള്‍, ചെയ്യാന്‍ താത്പര്യം തോന്നുന്നില്ലെന്നാണ് പറഞ്ഞത്. പുതുതായി കൂടുതലായി ചെയ്യാനില്ലല്ലോ, സേതുരാമയ്യരെ വല്ലാതങ്ങ് മാറ്റിയാല്‍ പ്രേക്ഷകര്‍ക്ക് അംഗീകരിച്ചെന്ന് വരില്ല. അവസാനം നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് എസ് എന്‍ സ്വാമി പറഞ്ഞു.
മമ്മൂട്ടി മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നയാളാണ്. 50 കൊല്ലമായി അഭിനയിക്കുന്നു. ഒട്ടും പുതുമ നഷ്ടപ്പെടാതെ ഇന്നും നില്‍ക്കുന്നത് കഴിവുകൊണ്ടാണ്. ഇത്രയും വലിയ ആരാധകവൃന്ദം ഇന്നും അയാള്‍ക്കുണ്ടെങ്കില്‍ അയാള്‍ ഇന്നും ലൈവാണെന്നാണ് അര്‍ഥമെന്നും എസ് എന്‍ സ്വാമി പറഞ്ഞു.
Adjust Story Font
16

