'വീട്ടിലൊക്കെ പറഞ്ഞിട്ടാണോ ഇറങ്ങിയത് ?' എന്ന് ലാൽ ; എല്ലാം വീട്ടിൽ അറിയിച്ചിട്ടു തന്നെയാണെന്ന് ഞാനും: മോഹൻലാലുമായുള്ള സൗഹൃദം തുടങ്ങിയതിനെക്കുറിച്ച് ഷാജി കൈലാസ്
എടുക്കാൻ പോകുന്ന സീൻ വിശദീകരിക്കാനായി ഞാൻ ലാലിനരികിൽ

ഷാജി കൈലാസ്-മോഹൻലാൽ | Photo Facebook
ആറാം തമ്പുരാൻ, നരസിംഹം..മോഹൻലാലിന്‍റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന രണ്ട് ചിത്രങ്ങൾ.. ഷാജി കൈലാസാണ് ഈ രണ്ട് ഹിറ്റ് ചിത്രങ്ങളുടെയും സംവിധായകൻ. മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ചും ഷൂട്ടിങ്ങിനെക്കുറിച്ചുമെല്ലാം ഷാജി നിരവധി തവണ പറഞ്ഞിട്ടുണ്ട്. ലാലും ഷാജിയും ഒരേ കോളജിൽ പഠിച്ചവരാണ്. തിരുവനന്തപുരം എംജി കോളജിന്റെ ഇടനാഴികളിൽ വച്ചാണ് ലാലിനെ ആദ്യമായി കാണുന്നതെന്ന് ഷാജി കൈലാസ് പറയുന്നു.
ഞാൻ പ്രീഡിഗ്രിക്ക് ചേരുമ്പോൾ ലാൽ അവിടെ ബിരുദത്തിന് പഠിക്കുകയാണ്. അതുപോലെ തന്നെ ക്ലാസുള്ള ദിവസങ്ങളിലെല്ലാം രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ ലാലും സംഘവുമുണ്ടാകും. അവർ അവിടെനിന്നാണ് ബസ് കയറി കോളജിലേക്ക് പോകുന്നത്. നമ്മൾ മോണിങ് ട്യൂഷനൊക്കെ കഴിഞ്ഞ് ബസ് കയറാനെത്തുമ്പോൾ ലാലിനെയും കൂട്ടുകാരെയും കാണും. പൊക്കമുള്ളതിനാൽ അവരുടെ കണ്ണിൽ ഞാനും പെട്ടിരുന്നു. പക്ഷേ അപ്പോഴൊന്നും തമ്മിൽതമ്മിൽ ഒന്നും സംസാരിക്കാറില്ല. അതുകൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ സൗഹൃദം സംഭവിച്ചതുമില്ല.
എംജി കോളേജിലെ സംഘത്തിൽ പെട്ടവരൊക്കെത്തന്നെയായിരുന്നു ലാലിന്റെ ആദ്യസിനിമയായ 'തിരനോട്ട'ത്തിനു പിന്നിൽ. ആ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ ലാലിന്‍റെ വിജയയാത്ര തുടങ്ങി. അത് ടോപ് ഗിയറിൽ നില്കുമ്പോഴാണ് നമ്മളൊക്കെ സിനിമയിലേക്ക് പ്രവേശിക്കുന്നത്. ബാലു കിരിയത്തിന്‍റെ അസിസ്റ്റന്‍റായി മദിരാശിയിൽ ചെല്ലുമ്പോൾ ലാൽ അന്നത്തെ ഏറ്റവും തിരക്കുള്ള നായകനടനായി മാറിക്കഴിഞ്ഞിരുന്നു. ഒരുവർഷം മുപ്പതും മുപ്പത്തിയഞ്ചും പടങ്ങളിലൊക്കെയാണ് അഭിനയിക്കുന്നത്. പലതരത്തിലും വലിപ്പത്തിലുമുള്ള കഥാപാത്രങ്ങൾ. രാപകലില്ലാതെ അഭിനയം മാത്രം. കൊച്ചിയിൽ നിന്ന് മദിരാശിയിലേക്കും, തിരിച്ചും പറന്നുനടക്കുകയായിരുന്നു അക്കാലത്ത് ലാൽ. ഒരുമാസത്തെ ദിവസങ്ങൾ പല ചിത്രങ്ങൾക്കായി വീതിച്ചുകൊടുത്തിട്ടുണ്ടാകും. അതിന്റെയെല്ലാം ഷൂട്ടിങ്ങുകൾ പലയിടങ്ങളിൽ. ഒരു വേഷത്തിന്റെ മേക്കപ്പ് തുടച്ചുമാറ്റുംമുമ്പ് മറ്റൊരിടത്ത് എത്തി അഭിനയം.
ബാലു കിരിയത്തിന്റെ 'വാ കുരുവി വരൂ കുരുവി' എന്ന സിനിമയെക്കുറിച്ച് ഞാൻ മുമ്പ് പറഞ്ഞിരുന്നു. പിന്നീട് 'നായകൻ' എന്ന പേരിൽ തിയേറ്ററിലെത്തിയ ചിത്രം. പി.എച്ച്. റഷീദ് ആണ് പ്രൊഡ്യൂസർ. ഷൂട്ടിങ് മദ്രാസിൽ തുടങ്ങി. കുറിച്ചുദിവസം കഴിഞ്ഞേ ലാൽ സെറ്റിൽ ജോയിൻ ചെയ്യൂ. ഒരു ദിവസം ബാലുകിരിയത്ത് പറഞ്ഞു,'വൈകീട്ട് ലാൽ വരും..പെട്ടെന്ന് എല്ലാം സെറ്റ് ചെയ്യണം...'നൈറ്റ് ഷൂട്ട് കഴിഞ്ഞ് രാവിലെ തന്നെ ലാലിന് പോകണം. നേരത്തെ പറഞ്ഞ തിരക്കിന്റെ പ്രതിഫലനം. ചിലപ്പോൾ രാവിലെ ഫ്ളൈറ്റിൽ വന്ന് പകൽമുഴുവൻ അഭിനയിച്ച് വൈകീട്ട് കേരളത്തിലേക്ക്. അല്ലെങ്കിൽ വൈകീട്ട് എത്തി രാത്രി മുഴുവൻ അഭിനയിച്ച് രാവിലെ തിരിച്ചുപറക്കാൽ. ഇതായിരുന്നു ലാലിന്റെ രീതി.
ലാൽ വരുന്നുവെന്നറിഞ്ഞതോടെ സെറ്റ് മുഴുവൻ ഉഷാറായി. പറഞ്ഞതുപോലെ തന്നെ വൈകീട്ട് ലാൽ എത്തി. ഞങ്ങൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ ഓരോ ഫ്രെയിമും ഇന്നും എന്റെ മനസ്സിലുണ്ട്. എടുക്കാൻപോകുന്ന സീൻ വിശദീകരിക്കാനായി ഞാൻ ലാലിനരികിൽ. അദ്ദേഹം സോക്സ് ഇട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെ എന്നെയൊന്ന് തലയയുർത്തി നോക്കുന്നു. വീണ്ടും സോക്സ് വലിച്ചുകയറ്റുന്നു. രണ്ടാംവട്ടം തലയയുർത്തിയിട്ട് ലാൽ എന്റെ കണ്ണുകളിലേക്ക് നോക്കി ലാൽ ചോദിച്ചു: 'വീട്ടിലൊക്കെ പറഞ്ഞിട്ടാണോ ഇറങ്ങിയത്...?'
അന്ന് സിനിമാ മോഹവുമായി ചെറുപ്പക്കാർ മദിരാശിയിലേക്ക് കള്ളവണ്ടി കയറുന്ന കാലമാണ്. കോളേജ് പഠനം കഴിഞ്ഞയുടനെയോ അല്ലെങ്കിൽ അത് പാതിവഴിയിൽ അവസാനിപ്പിച്ചിട്ടോ അഭിനയിക്കാനും സംവിധായകനാകാനുമെല്ലാം ഇറങ്ങിപ്പുറപ്പെടുന്നവരെക്കൊണ്ട് നിറഞ്ഞിരുന്നു, തിരുവനന്തപുരം-ചെന്നൈ മെയിൽ. ഞാനും അങ്ങനെ ആരോടും പറയാതെ ഒളിച്ചോടി സിനിമയിലേക്ക് വന്നയാളായിരിക്കും എന്നുകരുതിയാകും 'വീട്ടിൽ പറഞ്ഞിട്ടാണോ വന്നത്' എന്ന് ലാൽ ചോദിച്ചത്. തിരുവനന്തപുരത്തെ കോളേജ് കാലത്ത് കണ്ടുപരിചയിച്ച ആളായതുകൊണ്ടുള്ള സ്നേഹപ്രകടനവുമായിരുന്നിരിക്കാം. ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു: 'എല്ലാം വീട്ടിൽ അറിയിച്ചിട്ടു തന്നെയാണ് വന്നിരിക്കുന്നത്...'
എംജി കോളജിന്റെ ഇടനാഴികളിലോ സെക്രട്ടറിയേറ്റിന് മുന്നിലോ വച്ച് കണ്ട സമയത്ത് ഇങ്ങനെയൊരു മുഖാമുഖം ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. സിനിമയുടെ ഏതെങ്കിലും ഒരു നാൽക്കവലയിൽവെച്ച് കണ്ടുമുട്ടാൻ മാത്രം സിനിമാമോഹം ഞങ്ങൾക്കുള്ളിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിപ്പെട്ടവരായിരുന്നു ഞങ്ങൾ രണ്ടുപേരും.
കടപ്പാട്: ഒരു ഷാജി കൈലാസ് വര്‍ത്തമാനം, Pappappa
Adjust Story Font
16

