ഇറങ്ങിയോടുംമുമ്പ് നടി വിൻസിയുടെ വെളിപ്പെടുത്തൽ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി നടൻ ഷൈൻ ടോം ചാക്കോ
തന്നോട് മോശമായി പെരുമാറിയ ആ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കും താരസംഘടനയായ 'അമ്മ'യ്ക്കും ഇന്നാണ് വിൻസി അലോഷ്യസ് പരാതി നൽകിയത്.

കൊച്ചി: സിനിമാ സെറ്റിൽ വച്ച് ഒരു പ്രധാന നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ കഴിഞ്ഞദിവസത്തെ വെളിപ്പെടുത്തല്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി നടൻ ഷൈൻ ടോം ചാക്കോ. നടന്റെ പേര് വെളിപ്പെടുത്തി വിൻസി പരാതി നൽകുകയും ഹോട്ടലിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്യുന്നതിനു മുമ്പാണ് നടൻ സ്റ്റോറി പങ്കുവച്ചത്. ഇതു സംബന്ധിച്ച വാർത്തയുടെ പോസ്റ്ററാണ് നടൻ സ്റ്റോറിയാക്കിയത്. ഇത് ഇപ്പോഴും നടന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലുണ്ട്.
തന്നോട് മോശമായി പെരുമാറിയ ആ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കും താരസംഘടനയായ 'അമ്മ'യ്ക്കും ഇന്നാണ് വിൻസി അലോഷ്യസ് പരാതി നൽകിയത്. ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ കഴിഞ്ഞദിവസത്തെ വെളിപ്പെടുത്തല്‍. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ നടി നടത്തിയ വെളിപ്പെടുത്തലിൽ നടന്‍റെ പേരെടുത്ത് പറഞ്ഞിരുന്നില്ല. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് പ്രസ്താവനയുടെ വിശദീകരണം എന്ന നിലയ്ക്കായിരുന്നു ഈ വെളിപ്പെടുത്തൽ.
തുടർന്ന്, ആരോപണവിധേയനായ നടനെതിരെ വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടിയെന്ന് താരസംഘടന ഇന്നലെ വ്യക്തമാക്കിയിരുന്നു. വിൻസിയുടെ ആരോപണം അമ്മ അഡ്ഹോക്ക് സമിതി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വിൻസി അലോഷ്യസ് പരാതി നൽകിയത്.
ലഹരി ഉപയോഗിക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ച് ദിവസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു നടൻ ഷൈൻ ടോം ചാക്കോ. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടൻ താമസിച്ചിരുന്ന കൊച്ചിയിലെ ഹോട്ടലിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തുകയും നടൻ ഇവിടെ നിന്ന് ഇറങ്ങിയോടുകയും ചെയ്തിരുന്നു.
കൊച്ചിയിലെ ഹോട്ടലിലെ 314ാം നമ്പർ മുറിയിൽ രാത്രി 10.50ന് ഡാൻസാഫ് സംഘം പരിശോധന നടത്തുന്ന സമയത്തായിരുന്നു സംഭവം. ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നാണ് ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. ഇന്നലെ പുലർച്ചെ 5.30നാണ് ഹോട്ടലിൽ ഷൈൻ മുറിയെടുത്തത്. ഷൈൻ ടോം ചാക്കോയെ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഷൈന്‍ ഇറങ്ങിയോടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറിയെന്നും ലൊക്കേഷനില്‍ വച്ച് തന്‍റെ വസ്ത്രത്തിന്‍റെ ഷോള്‍ഡറിന് ചെറിയൊരു പ്രശ്‌നം വന്നപ്പോള്‍ ശരിയാക്കാൻ മുറിയിലേക്ക് പോകാനൊരുങ്ങവെ 'ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം' എന്ന് അയാൾ പറഞ്ഞെന്നുമായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടും സഹ പ്രവർത്തക നിർബന്ധിച്ചതു കൊണ്ടും മാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞിരുന്നു. അയാൾ ലഹരി ഉപയോഗിക്കാറുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്ന് തനിക്ക് വ്യക്തമായെന്നും വായില്‍നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടെന്നും വിൻസി വിശദമാക്കിയിരുന്നു.
Adjust Story Font
16

