പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ
നടന്‍റെ മുറിയില്‍ നിന്ന് ലഹരി ഉപകരണങ്ങള്‍ കണ്ടെത്തി

കൊച്ചി: ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. നടി വിൻസി അലോഷ്യസിന്‍റെ പരാതിക്ക് കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തുന്ന സമയത്താണ് സംഭവം. ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. ഷൈനിന്‍റെ മുറിയില്‍ നിന്ന് ലഹരി ഉപകരണങ്ങള്‍ കണ്ടെത്തി.ഷൈൻ ടോം ചാക്കോയെ കസ്റ്റഡിയിൽ എടുക്കും. ഷൈന്‍ ഇറങ്ങിയോടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.
മൂന്നാംനിലയിലെ മുറിയൽ നിന്ന് ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. ചാട്ടത്തിന്റ ആഘാതത്തില്‍ രണ്ടാം നിലയിലെ ഷീറ്റ് പൊട്ടുകയും ചെയ്തു. അവിടെ നിന്നും രണ്ടാം നിലയില്‍ തന്നെയുള്ള സ്വിമ്മിംഗ് പൂളിലേക്ക് ചാടി. തുടർന്ന് കോണിപ്പടി വഴി ഇറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു.
മുറിയില്‍ പരിശോധന നടത്തിയ ഡാന്‍സാഫ് സംഘം ലഹരി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തു. ഷൈനിന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഷൈനെ കണ്ടെത്താനായി കൊച്ചിയിലെ ഫ്ലാറ്റിലും തൃശൂരിലെ വീട്ടിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷൈന്‍ അഭിനയക്കുന്ന സെറ്റുകളില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന തുടരുകയാണ്.
വിന്‍സിയുടെ വെളിപ്പെടുത്തലിന് പിറകേ എക്സൈസിന്‍റെയും പൊലീസിന്‍റെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു.വിന്‍സിയുടെ മൊഴിയെടുത്ത ശേഷം പൊലീസും എക്സൈസും കൂടുതല്‍ നടപടികളിലേക്ക് കടക്കും. അതിനിടെയാണ് ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഡാന്‍സാഫ് സംഘം പരിശോധനക്കെത്തിയത്.
സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ ഷൈൻ ടോം ചാക്കോക്കെതിരെ ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കും താരസംഘടനയായ 'അമ്മ'ക്കും വിൻസി അലോഷ്യസ് പരാതി നല്‍കിയത്.
ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍.നടന്‍റെ പേരെടുത്ത് പറയാതെയായിരുന്നു വിന്‍സി സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറി. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിന്‍സിയുടെ പ്രസ്താവനയുണ്ടായിരുന്നു. .
''ലൊക്കേഷനില്‍വെച്ച് എന്‍റെ വസ്ത്രത്തിന്‍റെ ഷോള്‍ഡറിന് ചെറിയൊരു പ്രശ്‌നംവന്നപ്പോള്‍ അടുത്തുവന്നിട്ട് 'ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം' എന്നൊക്കെ നടന്‍ പറഞ്ഞു. മറ്റൊരവസരത്തില്‍ ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്‍റെ വായില്‍നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു'' എന്നാണ് വിൻസി പറഞ്ഞത്.
അതേസമയം, വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ എക്സൈസും മൊഴി രേഖപെടുത്തും.പരാതി വാങ്ങി കേസ് എടുക്കാനാണ് ശ്രമം. കേസെടുത്താൽ പ്രത്യേക സംഘം അന്വേഷിക്കും.
Adjust Story Font
16

