Quantcast

അപൂർവതയായി സിദ്ദിഖ് -ലാൽ കൂട്ടുകെട്ട്, മിമിക്രിയിലൂടെ ആരംഭിച്ച സൗഹൃദം മലയാള സിനിമയുടെ പ്രതീക്ഷയായി

1986ൽ 'പപ്പൻ പ്രിയപ്പെട്ട പപ്പനി'ലൂടെ തൂലിക ചലിപ്പിച്ച് തുടങ്ങിയ സൗഹൃദം തൊട്ടതെല്ലാം പൊന്നാക്കി

MediaOne Logo

Web Desk

  • Published:

    8 Aug 2023 4:09 PM GMT

Siddique-Lal collaboration, the friendship that started through mimicry became the hope of Malayalam cinema
X

സിനിമ ചരിത്രത്തിലെ അപൂർവതയായ സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിലെ ആദ്യ കണ്ണി വിടപറഞ്ഞിരിക്കുന്നു. കൊച്ചിൻ കലാഭവനിൽ മിമിക്രിയിലൂടെ ആരംഭിച്ച സൗഹൃദം മലയാള സിനിമയുടെ പ്രതീക്ഷയായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവർണകാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ കൂട്ടുകെട്ട് 1993ലാണ് പിരിയുന്നത്.

1986ൽ 'പപ്പൻ പ്രിയപ്പെട്ട പപ്പനി'ലൂടെ തൂലിക ചലിപ്പിച്ച് തുടങ്ങിയ സൗഹൃദം തൊട്ടതെല്ലാം പൊന്നാക്കി. 1989ൽ ആദ്യ സംവിധാന സംരംഭമായ 'റാം ജി റാവു സ്പീക്കിങ്' മുതൽ അഞ്ചു വർഷം തുടർച്ചയായി സൂപ്പർ ഹിറ്റുകൾ ഈ കൂട്ടുകെട്ടിലൂടെ പിറന്നു. ഇതിൽ ഗോഡ്ഫാദറും വിയറ്റ്‌നാം കോളനിയും മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും പണം വാരി ചിത്രങ്ങളായി. ഹരിഹർ നഗറിലെ നാൽവർ സംഘം ഒരു തലമുറയാകെ കൂടെക്കൂട്ടി.

ശ്രീനിവാസൻ - മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ 'നാടോടിക്കാറ്റ്' അടക്കം ഏഴു ചിത്രങ്ങൾക്ക് ഒന്നിച്ചു കഥയെഴുതി. കൂട്ടുകെട്ടുകളുടെ ഏച്ചുകെട്ടലില്ലാത്ത ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകി. നാടോടിക്കറ്റും മാന്നാർ മത്തായി സ്പീകിങ്ങും സൂപ്പർ ഹിറ്റുകളായി. ഒടുവിലിറങ്ങിയ 'കിംഗ് ലയർ' ആ വർഷത്തെ പണം വാരി ചിത്രങ്ങളിൽ ഒന്നായി.

1993ൽ പിരിഞ്ഞെങ്കിലും ലാൽ നിർമിച്ച ഹിറ്റ്‌ലർ, ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങൾ സിദ്ദിഖ് സംവിധാനം ചെയ്തു. അവിടെയും ആവർത്തിച്ച ഹിറ്റ് മാജിക്കിലെ രണ്ട് സിനിമകളും ആ വർഷത്തെ ഏറ്റവും വലിയ പണം വാരിയ ചിത്രങ്ങളായി. തിയറ്ററുകളിൽ മാത്രമല്ല സിനിമാപ്രേമികൾ ദൂരദർശൻ കാലത്തെ ഞായറാഴ്ചകളിൽ കാത്തിരുന്നതും സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിലെ ചിത്രങ്ങൾ കാണാനാണ്. ടെലിവിഷൻ ചരിത്രത്തിൽ കൂടുതൽ തവണ ബ്രോഡ്കാസ്റ്റ് ചെയ്ത 'മണിച്ചിത്രത്താഴി'ലെ ഹാസ്യരംഗങ്ങൾക്ക് പിന്നിലും സിദ്ദിഖ് ലാലിന്റെ കയ്യൊപ്പുണ്ട്.

സിദ്ദിഖ് ലാലിന് മുൻപോ ശേഷമോ മലയാളിയുടെ നർമബോധത്തെ ഇത്രത്തോളം ആകർഷിച്ച മറ്റൊരു കൂട്ടുകെട്ട് ഉണ്ടായിട്ടില്ല. കലാഭവനിലെ മിമിക്രിയിൽ തുടങ്ങിയ സൗഹൃദം മലയാള ചിത്രങ്ങളുടെ തലവര തന്നെ മാറ്റി. ഒരു കാലയളവിലെ സിനിമാ ചരിത്രത്തെ സ്വന്തം പേരിൽ എഴുതി ചേർത്തു. ആ കൂട്ടുകെട്ടിൽ നിന്ന് എക്കാലവും പ്രതീക്ഷയോടെ പ്രേക്ഷകർ കാതോർത്തു.

Siddique-Lal collaboration, the friendship that started through mimicry became the hope of Malayalam cinema

TAGS :

Next Story