Quantcast

മധുര ഗാനങ്ങളുടെ നറുനിലാവ്; ഭാവഗായകന്‍ പി.ജയചന്ദ്രന് ഇന്ന് എൺപതാം പിറന്നാൾ

പാടുന്ന പാട്ടുകളൊക്കെയും കേൾവിക്കാരുടെ ചുണ്ടുകളിൽ വീണ്ടും മൂളിക്കുന്ന മാന്ത്രികൻ

MediaOne Logo

Web Desk

  • Published:

    3 March 2024 2:06 AM GMT

birthday ,P. Jayachandran,Singer Jayachandran,happy birthday P. Jayachandran,malayalam,latest malayalam news,പി ജയചന്ദ്രന്‍,ഭാവഗായകന്‍,ജയചന്ദ്രന് പിറന്നാള്‍
X

കോഴിക്കോട്: മധുര ഗാനങ്ങളുടെ നറുനിലാവ് പൊഴിച്ച പ്രിയഗായകൻ പി.ജയചന്ദ്രന് ഇന്ന് എൺപതാം പിറന്നാൾ. സംഗീത ലോകത്ത് എന്നും നിറഞ്ഞ് നിൽക്കുന്നതാണ് ഭാവഗായകന്റെ ശബ്ദം. കാതോരത്ത് കൂടുകൂട്ടിയ പ്രിയപ്പെട്ട പാട്ടുപെട്ടിയാണ് മലയാളത്തിന് പി.ജയചന്ദ്രൻ. മലയാള ഗാനാശാഖയിൽ പ്രണയത്തിന്റെ കൂട് കൂട്ടിയ പ്രിയപ്പെട്ടൊരാൾ. ആ ശബ്ദം അങ്ങനെ കേട്ട് ഹൃദയം നിറക്കുന്നത് എത്രയെത്ര നേരങ്ങളിലാണ്.

പഴയ ആകാശവാണിയിൽ നിന്ന് പുതിയകാലത്തിന്റെ സ്പോട്ടിഫൈയിൽ എത്തുമ്പോഴും ആ സംഗീതത്താൽ ഹൃദയം ഒരിറ്റ് തുളുമ്പുന്നുണ്ട്. കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതശബ്ദം. വികാര വിചാരങ്ങളെ ഭാവതീവ്രമായി പാട്ടിലേക്ക് കൊണ്ടുവന്ന മധുര ശബ്ദം.ആ പാട്ടുകൾ തുലാമഴപോലെ പെയ്തിറങ്ങി, ആത്മാവിലങ്ങനെ വേരു നാട്ടി. പാടുന്ന പാട്ടുകളൊക്കെയും കേൾവിക്കാരുടെ ചുണ്ടുകളിൽ വീണ്ടും മൂളിക്കുന്ന മാന്ത്രികൻ.

'ഓലഞ്ഞാലിക്കുിരുവി', 'പൊടി മീശ മുളയ്ക്കണ കാലം','ശിശിരകാല മേഘമിഥുന','പൂവേ പൂവേ പാലപ്പൂവേ','പൊന്നുഷസ്സെന്നും', 'തേരിറങ്ങും മുകിലേ', 'സ്വയം വര ചന്ദ്രികേ','ആലിലത്താലിയുമായ്', 'നീയൊരു പുഴയായ്','ഇതളൂര്‍ന്നു വീണ','ഓലഞ്ഞാലി കുരുവി','കണ്ണിൽ കാശിത്തുമ്പകൾ', 'പൊടിമീശ മുളക്കണകാലം', 'പ്രേമിക്കുമ്പോൾ നീയും ഞാനും', 'ഓലേഞ്ഞാലിക്കുരിവീ','രാസാത്തി ഉന്നെ കാണാതെ', അങ്ങനെ അങ്ങനെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപാട് ഗാനങ്ങള്‍ ആ ശബ്ദത്തില്‍ പിറന്നു.

1944 മാർച്ച് മൂന്നിനായിരുന്നു ജയചന്ദ്രന്റെ ജനനം. ഗാനഗന്ധർവന്‍ യേശുദാസിന്റെ ഗാനങ്ങളിൽ സംഗീതലോകം അഭിരമിച്ചുനിൽക്കുമ്പോഴായിരുന്നു പി. ജയചന്ദ്രന്‍റെ വളർച്ച. 1960 കളുടെ മധ്യം തൊട്ട് 1985 വരെ മലയാള ഗാനശാഖയിൽ യേശുദാസ് എന്ന കൊടുങ്കാറ്റിന് മുന്നിൽ അടിപതാറാതെ നിന്ന ഒരേയൊരു വൻമരം.ദേശവും കാലവും കടന്ന് ആ സ്വരമൊരു സ്വർണനദി പോലൊഴുകി.സംഗീതത്തിന് ഒരറ്റ ഭാഷയെന്ന് ആ സ്വരം കേൾപ്പിച്ചു. പാടി പാടി ആ ശബ്ദം മോഹിപ്പിക്കുകയാണ്. കേട്ട് കേട്ട് ആ ഭാവം മോഹിക്കുകയാണ്. മലയാളത്തിന്റെ മധുചന്ദ്രികയ്ക്ക് പിറന്നാൾ ആശംസകൾ..


TAGS :

Next Story