'തായ് കിഴവി' വിജയം: സംവിധായകന് 20 ലക്ഷത്തിന്റെ മഹീന്ദ്ര BE6 കാർ സമ്മാനിച്ച് നടൻ ശിവകാർത്തികേയൻ
നടൻ ശിവകാർത്തികേയന്റെ ശിവകാർത്തികേയൻ പ്രൊഡക്ഷൻസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

നടൻ ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ചിത്രം 'തായ് കിഴവി'യുടെ വമ്പൻ വിജയത്തെത്തുടർന്ന് സംവിധായകന് പുതിയ കാർ സമ്മാനമായി നൽകി ശിവകാർത്തികേയൻ. കോമഡി ഡ്രാമയായി എത്തിയ ചിത്രം വിജയകരമായി 100 ദിവസങ്ങൾ പൂർത്തിയാക്കിയിരുന്നു. ഈ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു ശിവകാർത്തികേയൻ സംവിധായകന് 20 ലക്ഷം രൂപ വിലമതിക്കുന്ന കാർ സമ്മാനിച്ചത്. ചിത്രത്തിന്റെ നൂറാം ദിന ആഘോഷങ്ങളുടെ ഭാഗമായി ശിവകാർത്തികേയൻ പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക പേജിലൂടെ തന്നെയാണ് കാർ സമ്മാനിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചത്.
ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന 'മഹീന്ദ്ര BE6' കാറാണ് താരം ശിവകുമാറിന് സമ്മാനമായി നൽകിയിരിക്കുന്നത്. പങ്കുവെച്ച വീഡിയോയിൽ ശിവകുമാറിന് ഒരു സർപ്രൈസ് ഉണ്ടെന്ന് പറയുന്നതും പിന്നീട് കാർ സമ്മാനമായി ലഭിക്കുമ്പോൾ ശിവകുമാർ സന്തോഷം പ്രകടിപ്പിക്കുന്നതും എല്ലാവരേയും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെയ്ക്കുന്നതുമെല്ലാം കാണാം.
തായ് കിളവി ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കോമഡി ഡ്രാമയാണ്. രാധിക ശരത്കുമാറാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നടൻ ശിവകാർത്തികേയന്റെ ശിവകാർത്തികേയൻ പ്രൊഡക്ഷൻസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിങ്കംപുലി, ബാല ശരവണൻ, അരുൾദോസ്, മുനീഷ്കാന്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 62.62 കോടി ഇതിനോടകം നേടിക്കഴിഞ്ഞിട്ടുണ്ട്.
Adjust Story Font
16

