Quantcast

തമിഴകത്ത് നിന്നെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന വെങ്കിടേഷ്; നിങ്ങളില്ലാതെ 90'സ് കിഡ്സിന്‍റെ ഓര്‍മകൾ പൂര്‍ണമാകില്ല

ആദ്യം സംഗീത സംവിധാനം നിര്‍വഹിച്ച രാജാവിന്‍റെ മകൻ മുതൽ മലയാളികളെ എസ്‍പിവി തന്‍റെ മാസ്മരിക ഈണങ്ങളിൽ കെട്ടിയിടുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-02-03 08:24:20.0

Published:

3 Feb 2026 1:44 PM IST

തമിഴകത്ത് നിന്നെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന വെങ്കിടേഷ്;  നിങ്ങളില്ലാതെ 90സ് കിഡ്സിന്‍റെ ഓര്‍മകൾ പൂര്‍ണമാകില്ല
X

കോഴിക്കോട്: ആരും പാടാൻ കൊതിക്കുന്ന ആരും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പാട്ടുകൾ ബാക്കിയാക്കി എസ്.പി വെങ്കിടേഷ് മറഞ്ഞു. തമിഴകത്ത് നിന്നും വന്ന് മലയാളികളുടെ ഹൃദയങ്ങളെ കവര്‍ന്നെടുന്ന എസ്‍പി‍വി ഏറ്റവും കൂടുതൽ ഈണമൊരുക്കിയതും മലയാളത്തിന് വേണ്ടിയായിരുന്നു.

ആദ്യം സംഗീത സംവിധാനം നിര്‍വഹിച്ച രാജാവിന്‍റെ മകൻ മുതൽ മലയാളികളെ എസ്‍പിവി തന്‍റെ മാസ്മരിക ഈണങ്ങളിൽ കെട്ടിയിടുകയായിരുന്നു. 90'സ് കിഡ്സിന്‍റെ ബാല്യങ്ങൾ ആഘോഷമായത് അദ്ദേഹത്തിന്‍റെ പാട്ടുകളിലൂടെയായിരുന്നു. അവര്‍ പാടിയതും ആടിയതും വെങ്കിടേഷിന്‍റെ പാട്ടുകളിലൂടെയായിരുന്നു. വിണ്ണിലെ ഗന്ധര്‍വ വീണകൾ പാടുന്ന, മീന വേനലിൽ, നിലാവെ മായുമോ, ശാന്തമീ രാത്രീയിൽ, പാൽനിലാവിനും ഒരു നൊമ്പരം, പുത്തൻ പുതുക്കാലം, നീലക്കണ്ണാ നിന്നെ കണ്ടു, ഒന്നാം വട്ടം കണ്ടപ്പോൾ...അങ്ങിനെ വെങ്കിടേഷിന്‍റെ പാട്ടുകളിലൂടെയായിരുന്നു 90'സ് കിഡ്സ് വളര്‍ന്നത്.

അദ്ദേഹം കമ്പോസ് ചെയ്ത പശ്ചാത്തല സംഗീതം സിനിമയുടെ മൂഡ് തന്നെ മാറ്റുന്നതായിരുന്നു. 'ആ...ആ.ആ...ആ' ആ ഐക്കോണിക് ബിജിഎം ഇല്ലാതെ കിലുക്കം എന്ന ചിത്രത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുമോ. മിന്നാരം, സ്ഫടികം, ഹിറ്റ്‍ലര്‍, ഹൈവേ,കൗരവര്‍, ജോണി വാക്കര്‍, ധ്രുവം തുടങ്ങിയ ചിത്രങ്ങളിൽ സംഗീത സംവിധാനത്തിനൊപ്പം അദ്ദേഹം പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു.

ഈണമിട്ട പാട്ടുകൾക്കൊപ്പം ബാക്ക്ഗ്രൗണ്ട് സ്കോറുകളും ഹിറ്റാക്കിയ സംഗീതസംവിധായകൻ വേറെയുണ്ടാകില്ല. മാസ് ആയാലും പ്രണയമായാലും കോമഡിയായാലും ബിജിഎമ്മുകൾ ഒരുക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ധ്രുവം സിനിമയിൽ നായകനെയും വില്ലനെയും സ്ക്രീനിൽ കാണിക്കുമ്പോഴുള്ള ബിജിഎം എങ്ങനെ മറക്കാനാകും. സ്ഫടികത്തിലെ ആടുതോമ, ഹിറ്റ്ലറിലെ മാധവൻകുട്ടി, മാന്ത്രികത്തിലെ ആൽബി, സൂപ്പര്‍മാനിലെ ഹരീന്ദ്രൻ ഈ നായകൻമാരുടെയെല്ലാം എൻട്രിക്ക് എസ്‍പിവിയുടെ ബിജിഎമ്മിന്‍റെ പഞ്ചും കൂടിയുണ്ടായിരുന്നു.

80കളിലും 90കളിലും ജനിച്ചുവളര്‍ന്നവരുടെ പാട്ടോര്‍മകൾ എസ്‍പിവിയുടെ പാട്ടുകളിലാതെ പൂര്‍ണമാകില്ല. ഇപ്പോഴും അവരുടെ പ്ലേ ലിസ്റ്റുകളിലൂടെ അദ്ദേഹം വീണ്ടും വീണ്ടും ഓര്‍മകളെ തൊട്ടുണര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

TAGS :

Next Story