Quantcast

സുകേഷ് ജയിലിനുള്ളില്‍ വച്ച് മുട്ടുകുത്തി വിവാഹാഭ്യർത്ഥന നടത്തി; വെളിപ്പെടുത്തി നടി ചാഹത് ഖന്ന

"കൂടിക്കാഴ്ച കഴിഞ്ഞ തിരിച്ചു പോകുമ്പോൾ എയ്ഞ്ചൽ തനിക്ക് രണ്ടു ലക്ഷം രൂപ തന്നു. അവർ കെട്ടിയിരുന്ന വെർസാചെ വാച്ചും സമ്മാനമായി നൽകി."

MediaOne Logo

Web Desk

  • Updated:

    2023-01-29 08:43:03.0

Published:

29 Jan 2023 8:35 AM GMT

ചാഹത് ഖന്ന, സുകേഷ് ചന്ദ്രശേഖര്‍
X

മുംബൈ: തട്ടിപ്പുകേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ തിഹാർ ജയിലിൽ വച്ച് തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്ന വെളിപ്പെടുത്തലുമായി ടെലിവിഷൻ നടി ചാഹത് ഖന്ന. പെണ്‍സുഹൃത്തിന്‍റെ സഹായത്തോടെ കബളിപ്പിച്ചാണ് തന്നെ ജയിലിന് അകത്തെത്തിച്ചത് എന്നും ദക്ഷിണേന്ത്യൻ ടിവി ചാനലിന്റെ ഉടമ എന്നാണ് സുകേഷ് സ്വയം പരിചയപ്പെടുത്തിയത് എന്നും അവർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

'സുകേഷിനെ കണ്ടപ്പോൾ ഫാൻസി ഡ്രസ്സിലായിരുന്നു അയാൾ. കഴുത്തിൽ സ്വർണച്ചെയിനുണ്ടായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബന്ധുവും ജനപ്രിയ ദക്ഷിണേന്ത്യൻ ടെലിവിഷൻ ചാനലിന്റെ ഉടമയുമാണ് എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. എന്റെ വലിയ ആരാധകനാണ് എന്നും ബഡെ അച്ചെ ലഗ്‌തെ ഹൈ അടക്കമുള്ള ടിവി ഷോകൾ കാണാറുണ്ടെന്നും പറഞ്ഞു. നിങ്ങൾ എന്തിനാണ് ഇവിടേക്ക് വിളിച്ചുവരുത്തിയത് എന്ന് ഞാൻ ചോദിച്ചു. വീട്ടിൽ ആറു മാസം പ്രായമുള്ള കുട്ടിയെ വിട്ടിട്ടാണ് ഇവിടെയെത്തിയത് എന്നും പറഞ്ഞു. ആ വേളയിൽ അയാൾ മുട്ടുകുത്തി നിന്ന് എന്നോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു.' - അവർ പറഞ്ഞു.

പരിഭ്രമിച്ചു പോയ താന്‍ ഒച്ചയെടുത്തു. വിവാഹിതയാണ് എന്നും രണ്ടു കുട്ടികളുണ്ട് എന്നും പറഞ്ഞു. എന്നാല്‍ ഭർത്താവ് നിങ്ങൾക്ക് യോജിച്ച ആളല്ലെന്നും താൻ കുട്ടികളുടെ അച്ഛനാകാമെന്നും അയാൾ പറയുകയായിരുന്നു. ആ നേരം തനിക്ക് കരച്ചിടലടക്കാനായില്ല.- ചാഹത് കൂട്ടിച്ചേർത്തു.

കബളിപ്പിച്ചാണ് തന്നെ ജയിലിന് അകത്തെത്തിച്ചത് എന്നും അവർ പറയുന്നു. '2018 മെയ് 18നായിരുന്നു അത്. എയ്ഞ്ചൻ ഖാൻ എന്നു പേരുള്ള യുവതിയാണ് ഒരു സ്‌കൂൾ പരിപാടിക്കെന്ന വ്യാജേന തന്നെ വിളിച്ചത്. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ ഞാന്‍ കണ്ടുമുട്ടിയത്. ഇവരോടൊപ്പം പുറത്തെത്തി. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാർ സ്‌കൂളിന് അകത്ത് അനുവദിക്കില്ലെന്ന് പറഞ്ഞ് എയ്ഞ്ചല്‍ യാത്രയ്ക്കിടയിൽ കാർ മാറ്റി. ചാരനിറത്തിലുള്ള ഇന്നോവയിലായിരുന്നു പിന്നീടുള്ള യാത്ര. തിഹാർ ജയിലിന് പുറത്തെത്തിയപ്പോൾ കൂടെവന്നയാളോട് ഇതേക്കുറിച്ച് ചോദിച്ചു. ജയിൽ സമുച്ചയത്തിന് അകത്തുകൂടിയാണ് സ്‌കൂളിലേക്ക് പോകാൻ കഴിയുക എന്നാണ് അവർ പറഞ്ഞത്. കൂടിക്കാഴ്ച കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് തിരിച്ചു പോകുമ്പോൾ എയ്ഞ്ചൽ തനിക്ക് രണ്ടു ലക്ഷം രൂപ തന്നു. അവർ കെട്ടിയിരുന്ന വെർസാചെ വാച്ചും സമ്മാനമായി നൽകി.'




സുകേഷിന്റെ ജയിൽ മുറിയിൽ നിറയെ ആഡംബര വസ്തുക്കളായിരുന്നു എന്നും അവർ ആരോപിച്ചു. 'ലാപ്‌ടോപ്പുകൾ, വാച്ചുകൾ, വിലകൂടിയ ബാഗുകൾ തുടങ്ങിയവയെ കൊണ്ട് അയാളുടെ ചെറിയ മുറി നിറഞ്ഞിരുന്നു. ഒരു സോഫ, പോർട്ട്ബ്ൾ എസി, ഫ്രിജ്, കസേര എന്നിവയും മുറിയിലുണ്ടായിരുന്നു' - അവര്‍ കൂട്ടിച്ചേർത്തു. ജയിലിനകത്ത് സിവില്‍ വേഷത്തിലുള്ള കുറേപേര്‍ എസ്കോര്‍ട്ടായി ഉണ്ടായിരുന്നു. സിസിടിവിക്ക് അടുത്തെത്തിയപ്പോള്‍ എയ്ഞ്ചല്‍ തന്‍റെ കൈയില്‍ പിടിച്ച് താഴോട്ടു നോക്കാന്‍ പറഞ്ഞു. അവര്‍ സുകേഷിന്‍റെ മടിയിലാണിരുന്നത്. അടുത്തു സുഹൃത്തുക്കളാണ് എന്നു പറഞ്ഞ് ചുംബിക്കുകയും ചെയ്തു. 20-25 മിനിറ്റാണ് ജയിലിന് അകത്ത് ചെലവഴിച്ചത്.

മുംബൈയിൽ തിരിച്ചെത്തിയ ശേഷം അജ്ഞാതരായ രണ്ടു പേരിൽനിന്ന് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായും അവർ പറഞ്ഞു. 'ഒരിക്കൽ രണ്ടു പേർ എന്റെ നാത്തൂനെ റോഡിൽ പിടിച്ചുവച്ച് തങ്ങളുടെ കൈവശം ചാഹത്തിന്റെ വീഡിയോ ഫൂട്ടേജ് ഉണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. പത്തു ലക്ഷം രൂപയാണ് അവർ ആവശ്യപ്പെട്ടത്. ഒരു ദിവസം ഒരാൾ വിളിച്ച് ജയിലിലെ എന്റെ ദൃശ്യങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ വഴി കിട്ടിയെന്ന് പറഞ്ഞു. പണം ചോദിച്ചു. മൂന്നു ലക്ഷം രൂപ നൽകാമെന്ന് ഞാൻ സമ്മതിച്ചു. വിരാറിലെ ഒരിടത്ത് വച്ചാണ് പണം കൈമാറിയത്. ഇന്നുവരെ അവർ ആരാണെന്ന് എനിക്കറിയില്ല'- നടി പറഞ്ഞു.

2018 മെയിൽ സുകേഷ് ജയിലിൽ നിന്ന് തന്നെ വിളിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. 'അന്താരാഷ്ട്ര നമ്പറിൽനിന്നാണ് അയാൾ വിളിച്ചിരുന്നത്. ഭർത്താവിന്റേത് അടക്കം ഏതു നമ്പറിൽനിന്നും തനിക്ക് വിളിക്കാനാകും എന്നയാൾ അവകാശപ്പെട്ടു. വിളി ഒരു മിനിറ്റേ നീണ്ടുള്ളൂ. കുട്ടികളെ കുറിച്ച് ചോദിക്കുകയും എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ആരായുകയും ചെയ്തു. ഒന്നും ആവശ്യമില്ലെന്ന മറുപടിയാണ് നൽകിയത്. 2018 ഡിസംബറിൽ വിളിച്ചപ്പോൾ ഇനി തന്നെ വിളിക്കരുത് എന്ന് ആവശ്യപ്പെട്ടു. ജയിലിൽ നിന്ന് പുറത്തുവന്നാൽ വേണമെങ്കിൽ സംസാരിക്കാമെന്നും പറഞ്ഞു. ഞങ്ങൾ സന്ദേശങ്ങളൊന്നും പരസ്പരം അയച്ചിട്ടില്ല. എയഞ്ചൽ ഒരുപാട് സന്ദേശങ്ങൾ അയച്ചിരുന്നു. ഒന്നിച്ച് ജോലി ചെയ്യാൻ താത്പര്യമുണ്ട് എന്നതടക്കം. എന്നാൽ ഞാൻ ഒന്നിനും മറുപടി അയച്ചില്ല.' - അവർ കൂട്ടിച്ചേർത്തു.

സുകേഷ് ചന്ദ്രശേഖറും ബോളിവുഡ് അഭിനേത്രികളായ ജാക്വിലിൻ ഫെർണാണ്ടസും നോറ ഫത്തേഹിയും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് ചാഹത്തിന്‍റെ ന്റെ വെളിപ്പെടുത്തൽ. നിക്കി തംബോലി, സോഫിയ സിങ്, അരൂഷ പാട്ടീൽ എന്നിങ്ങനെ നിരവധി പേരുകളും കേസിൽ ഉയർന്നു വന്നിട്ടുണ്ട്. കേസിൽ 2017ൽ ജയിലിലായ സുകേഷ് ഡൽഹി രോഹിണി ജയിലിലാണ്.

Summary: Telivision Actress Chahatt Khanna shares details of how she was tricked into visiting Conman Sukesh Chandrashekhar in Tihar jail






TAGS :

Next Story