Quantcast

'എന്താ പുള്ളിയുടെ നരേഷൻ'; ഡിലീറ്റഡ് സീനിലൂടെ വീണ്ടും ആരാധകരെക്കൊണ്ട് കയ്യടിപ്പിച്ച് മോഹൻലാൽ, സമ്മര്‍ ഇൻ ബത്ലെഹെമിൽ നിന്നും കട്ട് ചെയ്ത ആ 9 മിനിറ്റ് രംഗം

വധശിക്ഷയ്ക്ക് മുമ്പ് നിരഞ്ജന്‍റെ നിർബന്ധ പ്രകാരം ഡെന്നിസിനെ അഭിരാമി താലി കെട്ടുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-03-24 06:57:44.0

Published:

24 March 2026 12:22 PM IST

എന്താ പുള്ളിയുടെ നരേഷൻ; ഡിലീറ്റഡ് സീനിലൂടെ വീണ്ടും ആരാധകരെക്കൊണ്ട് കയ്യടിപ്പിച്ച് മോഹൻലാൽ, സമ്മര്‍ ഇൻ ബത്ലെഹെമിൽ നിന്നും കട്ട് ചെയ്ത ആ 9 മിനിറ്റ് രംഗം
X

പേര് പോലെ തന്നെ മനോഹരമായ ഒരു അവധിക്കാലം പോലെയായിരുന്നു സമ്മര്‍ ഇൻ ബത്‌ലഹേം എന്ന ചിത്രം. ആമിയും ഡെന്നീസും രവിശങ്കറും മോനായിയും ബത്‌ലഹേം എന്ന ഫാമും ചേര്‍ന്ന കൊച്ചു സ്വര്‍ഗം. സിനിമ തീരുമ്പോൾ ഒരു അവധിക്കാലം തീര്‍ന്നുപോയ സങ്കടമായിരുന്നു പ്രേക്ഷകര്‍ക്ക്. ഒപ്പം അണിയറ പ്രവര്‍ത്തകര്‍ സസ്പെൻസായി വച്ച മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മരണവും. ചിത്രത്തിൽ പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത ഒന്നായിരുന്നു നിരഞ്ജനെ ജയിലിൽ പോയ കണ്ട ശേഷം ആമി ഡെന്നീസിനെ വിവാഹം കഴിക്കുന്നത്.

എന്നാൽ ഇതിനു മുൻപ് ചിത്രത്തിൽ ചില രംഗങ്ങൾ ഉണ്ടായിരുന്നുവെന്നും അത് വെട്ടിമാറ്റിയിരുന്നതായും ഒരിക്കിൽ സംവിധായകൻ സിബി മലയിൽ വെളിപ്പെടുത്തിയിരുന്നു. 28 വര്‍ഷങ്ങൾക്ക് ശേഷം ഈയിടെ ചിത്രത്തിലെ ഡിലീറ്റഡ് സീനുകൾ പുറത്തുവിട്ടിരുന്നു. സമ്മിശ്രപ്രതികരണമാണ് ഈ വീഡിയോക്ക് ലഭിച്ചത്.

ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടിൽ എത്തുന്നതും തുടർന്ന് മഞ്ജുവിന്റെ കഥാപാത്രത്തെ എല്ലാവരും ചേർന്ന് വിവാഹബന്ധത്തിൽ തുടരാൻ സമ്മതിപ്പിക്കുന്നതുമാണ് രംഗത്തിലുള്ളത്.

വധശിക്ഷയ്ക്ക് മുമ്പ് നിരഞ്ജന്‍റെ നിർബന്ധ പ്രകാരം ഡെന്നിസ് അഭിരാമിയെ താലി കെട്ടുന്നുണ്ട്. നിരഞ്ജനെ അവസാനമായി കണ്ട ശേഷം തിരിച്ചു വീട്ടിലെത്തുമ്പോൾ നടന്ന കാര്യങ്ങളെല്ലാം ഡെന്നിസ് ആമിയുടെ കുടുംബാംഗങ്ങളെ അറിയിക്കുന്നു. താൻ കെട്ടിയ താലി ഊരി മാറ്റാൻ തയാറാകുന്നു എന്നാൽ രവിശങ്കറും മറ്റുള്ളവരും ഇതിനെ എതിർക്കുന്നതും വിവാഹബന്ധം തുടരാൻ ആമിയോട് ആവശ്യപ്പെടുന്നതുമാണ് വെട്ടിമാറ്റിയ സീനിലുള്ളത്.

അങ്ങനെ എല്ലാവരുടെയും അഭ്യർഥന പ്രകാരം ഡെന്നിസിനൊപ്പം ജീവിക്കാൻ ആമി തയാറുമ്പോൾ ഒരു സ്വപ്നത്തിലെന്നപോലെ വീണ്ടും നിരഞ്ജൻ കടന്നു വരുന്നു. ഡെന്നിസിനൊപ്പം ജീവിക്കണമെന്ന് നിരഞ്ജനും സ്വപ്നത്തിൽ ആമിയോടു പറയുകയാണ്.

ചിത്രത്തിൽ നിന്നും ഈ രംഗം വെട്ടിമാറ്റാനുള്ള കാരണവും സിബി മലയിൽ വ്യക്തമാക്കിയിരുന്നു. '' ലാൽ സിനിമയിൽ ഉണ്ടെന്നത് തിയറ്ററിൽ എത്തുന്നതുവരെ ഞങ്ങൾ ഒളിപ്പിച്ച് വച്ചിരുന്നു. ആ സർപ്രൈസ് വലിയ രീതിയിൽ അന്ന് സ്വീകരിക്കപ്പെടുകയും ചെയ്തു. ഇതിലുള്ള ഒരു രഹസ്യം എന്താണെന്നുവച്ചാൽ, രണ്ട് സീനുകൾ ഞങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിനെ താലികെട്ടിയ ശേഷം കൺവിൻസ് ചെയ്യിക്കുന്ന ഒരു സീനുണ്ടായിരുന്നു. അഞ്ചോ പത്തോ മിനിറ്റുള്ള സീനായിരുന്നു അത്. ലാൽ വരുന്ന വേറൊരു സീനും ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും ബെഞ്ചിലിരിക്കുന്ന സീൻ. സിയാദ് ആദ്യ ദിവസം സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. ആ രണ്ട് സീൻ സിനിമയിൽ ആവശ്യമില്ല, ആളുകൾ അസ്വസ്ഥരാകുന്നുണ്ട് എന്ന്.

ലാൽ മരിച്ചു എന്ന് പറഞ്ഞുകഴിയുമ്പോൾ തന്നെ ആളുകൾ ഇരിക്കാൻ മടി കാണിക്കുന്നുണ്ട്. സിയാദിന്റെ തിയറ്ററിൽ മാത്രം അത് കട്ട് ചെയ്ത് നോക്കാൻ ഞാൻ പറഞ്ഞു. കട്ട് ചെയ്തപ്പോൾ ആൾക്കാർക്ക് പ്രശ്നമില്ലെന്ന് മനസിലായി. ‘സമ്മർ ഇൻ ബത്​ലഹേം’ റീ റിലീസ് ചെയ്യുമ്പോൾ ആ സീൻ ഉൾപ്പെടുത്തണമെന്ന് കരുതിയതാണ്. പക്ഷേ നല്ല ക്വാളിറ്റിയുള്ള നെഗറ്റീവുകൾ കിട്ടാത്തതുകൊണ്ട് അത് സാധിച്ചില്ല. അല്ലെങ്കിൽ അതൊരു സർപ്രൈസ് ആയിട്ട് വന്നേനേ'' എന്നാണ് സിബി പറഞ്ഞത്.



TAGS :

Next Story