'കട്ടയ്ക്ക് നില്‍ക്കാൻ നീയാര്, മോഹൻലാലോ? അധികം കാശൊന്നും പ്രതീക്ഷിക്കണ്ടെന്ന് മമ്മൂക്ക'പിന്നീട് സംഭവിച്ചതിനെക്കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട്
ഞാൻ ഇവിടെ ഫീല്‍ഡില്‍ തന്നെയുണ്ടെന്ന് ഓർമ്മിപ്പിക്കാൻ ഇടയ്ക്കിടെ ഞാൻ മമ്മൂക്കയെ ഫോണ്‍ വിളിച്ച് പറയാറുമുണ്ട്

ചെന്നൈ: ഒരിക്കൽ മമ്മൂട്ടിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള നടൻ സുരാജ് വെഞ്ഞാറമ്മൂടിന്‍റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ആനന്ദ് ടിവിയുടെ ഫിലിം അവാർഡ് വേദിയില്‍ വെച്ചായിരുന്നു മമ്മൂട്ടിയുമായുള്ള ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സുരാജ് വെളിപ്പെടുത്തിയത്. കുറച്ചുകാലമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടില്ലെന്നും തനിക്ക് ഒരു വേഷം നല്‍കണമെന്നും സുരാജ് വേദിയിൽ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.
"മമ്മൂക്കയോട് പബ്ലിക്കായി എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് പറഞ്ഞില്ലെങ്കില്‍ അത് ശരിയാവില്ല. ഞാനും മമ്മൂക്കയും ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളതാണ്. പക്ഷേ, കുറച്ചുകാലമായി ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട്. ഞാൻ ഇവിടെ ഫീല്‍ഡില്‍ തന്നെയുണ്ടെന്ന് ഓർമ്മിപ്പിക്കാൻ ഇടയ്ക്കിടെ ഞാൻ മമ്മൂക്കയെ ഫോണ്‍ വിളിച്ച് പറയാറുമുണ്ട്. അടുത്തിടെ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് ഒരു വേഷമുണ്ടെന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. ഞാൻ വലിയ ആവേശത്തില്‍ മമ്മൂക്കയോട് പറഞ്ഞു; 'മമ്മൂക്കാ... മമ്മൂക്കയും ഞാനും കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്ന തരത്തിലുള്ള ഒരു വേഷം തന്നെ വേണം'. ഉടനെ വന്നു അദ്ദേഹത്തിന്റെ മറുപടി, 'കട്ടയ്ക്ക് നില്‍ക്കാൻ നീയാര്, മോഹൻലാലോ?' എന്ന്. ഒരു വേഷമുണ്ട്, വേണമെങ്കില്‍ വന്ന് ചെയ്യ് എന്നാണ് അദ്ദേഹം പറഞ്ഞത്."
സിനിമയുടെ പ്രതിഫലത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളും സുരാജ് തുറന്നുപറഞ്ഞു. "എന്‍റെ പടമാണെന്ന് കരുതി വലിയ പ്രതിഫലമൊന്നും പ്രതീക്ഷിക്കണ്ട, ഒരു ചെറിയ കമ്പനിയാണ് ചിത്രം നിർമിക്കുന്നത് എന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത്. അതേത് കമ്പനിയാണെന്ന് ഞാൻ തിരിച്ചു ചോദിച്ചപ്പോള്‍ 'മമ്മൂട്ടി കമ്പനി' എന്നായിരുന്നു മറുപടി. മമ്മൂട്ടി കമ്പനി ചെറിയ കമ്പനിയാണെന്ന്! നിങ്ങള്‍ മനസിലാക്കേണ്ടത്, പണ്ട് ഇന്ത്യ ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയേക്കാള്‍ വലിയ കമ്പനിയാണ് മമ്മൂട്ടി കമ്പനി. അതിങ്ങനെ വളർന്നുകൊണ്ടിരിക്കുകയാണ്."
എന്തായാലും ഇത്രയും വലിയൊരു സദസ്സിന് മുന്നില്‍ വെച്ച് താൻ മമ്മൂക്കയോട് പരസ്യമായി അവസരം ചോദിക്കുകയാണെന്നും, ഇനി ഏത് ചെറിയ വേഷമാണെങ്കിലും ചെയ്യാൻ താൻ തയ്യാറാണെന്നുമാണ് സുരാജ് പറഞ്ഞത്.
Adjust Story Font
16

