Quantcast

ഫാമിലി മാന്‍ 2 നിരോധിക്കണം: കേന്ദ്രത്തിന് തമിഴ്നാട് സര്‍ക്കാരിന്‍റെ കത്ത്

ശ്രീലങ്കന്‍ തമിഴരെ അപകീര്‍ത്തിപ്പെടുത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നതാണ് സീരീസിന്‍റെ ട്രെയിലറെന്നാണ് പരാതി

MediaOne Logo

Web Desk

  • Published:

    25 May 2021 7:05 AM GMT

ഫാമിലി മാന്‍ 2 നിരോധിക്കണം: കേന്ദ്രത്തിന് തമിഴ്നാട് സര്‍ക്കാരിന്‍റെ കത്ത്
X

ദി ഫാമിലി മാന്‍ 2 എന്ന വെബ് സീരീസ് നിരോധിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍. സീരീസ് തടയാനോ നിരോധിക്കാനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് ഐടി മന്ത്രി ടി മനോ തങ്കരാജ് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേകറിനാണ് കത്ത് അയച്ചത്. ആമസോണ്‍ പ്രൈം ആണ് ജൂണ്‍ 4ന് ഫാമിലി മാന്‍ എന്ന വെബ് സീരീസിന്‍റെ രണ്ടാം ഭാഗം റിലീസ് ചെയ്യുക.

ശ്രീലങ്കന്‍ തമിഴരെ അപകീര്‍ത്തിപ്പെടുത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നതാണ് സീരീസിന്‍റെ ട്രെയിലറെന്നാണ് പരാതി. ഇത്തരമൊരു ചിത്രം പുറത്തിറങ്ങുന്നത് തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തും. സാമൂഹിക ഐക്യം തകരുമെന്ന ആശങ്കയും മന്ത്രി മനോ തങ്കരാജ് കത്തില്‍ പങ്കുവെച്ചു. തമിഴ് സംസാരിക്കുന്നവരെല്ലാം അക്രമകാരികളാണെന്നും തീവ്രവാദികളാണെന്നും സീരീസ് ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഫാമിലി മാന്‍റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ വിവിധ സംഘടനകള്‍ സീരീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നാം മക്കള്‍ കച്ചി നേതാവ് സീമാന്‍ പറഞ്ഞത് തമിഴ് ജനതയെ മോശമായി ചിത്രീകരിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ്. നിരോധിച്ചില്ലെങ്കില്‍ തമിഴ് ജനതയെ കുറിച്ച് തെറ്റായ സന്ദേശമാണ് രാജ്യമാകെ എത്തുക. എങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും സീമാന്‍ വ്യക്തമാക്കുകയുണ്ടായി.

2019ൽ ആമസോൺ പ്രൈമിൽ റിലീസായ ഫാമിലിമാന്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. രണ്ടാം ഭാഗം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രൈമിൽ റിലീസാകും. ആദ്യ സീസൺ വൻ വിജയമായതോടെ രണ്ടാം സീസണിനായുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. സേക്രഡ് ഗെയിംസ്, മിർസാപുർ തുടങ്ങിയ സീരീസുകൾക്കൊപ്പം ശ്രദ്ധേയമായ ഫാമിലിമാൻ മികച്ച ഒരു ആക്‌ഷൻ ത്രില്ലറാണ്.

മനോജ് ബാജ്പേയ്, പ്രിയാമണി തുടങ്ങിയവർ അഭിനയിച്ച സീരീസിന്റെ രണ്ടാം സീസണിലേക്ക് സാമന്ത അക്കിനേനി കൂടി എത്തുന്നുണ്ട്. സാമന്ത ആദ്യമായാണ് ഒരു സീരീസിൽ എത്തുന്നത്. രാജ് നിധിമോരു, ഡി.കെ കൃഷ്ണ എന്നിവരാണ് സീരീസിന്‍റെ സംവിധായകര്‍. ആദ്യ സീസണിൽ 10 എപ്പിസോഡുക‌ളാണുള്ളത്. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയുടെ സാങ്കൽപിക ബ്രാ‌‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്. മലയാളിയായ നീരജ് മാധവനും ഫാമിലി മാനിലുണ്ട്. സീരീസിന്റെ രണ്ടാമത്തെ സീസൺ ഫെബ്രുവരി 12ന് റിലീസാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം മാറ്റിവെയ്ക്കുകയായിരുന്നു.

TAGS :

Next Story