Quantcast

ഒരു കഥൈ സൊല്ലട്ടുമാ... തമിഴ് സിനിമാ അവാർഡുകൾ തൂക്കി മലയാളി താരങ്ങൾ; 'മികച്ച നടി' പുരസ്കാരങ്ങളിൽ ഏഴിൽ അ‍ഞ്ചും കേരളത്തിലേക്ക്

2016- 2022 വർഷങ്ങളിലെ പുരസ്കാരമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ രണ്ട് വർഷം മാത്രമാണ് തമിഴ് താരങ്ങൾ മികച്ച നടിമാരായത്.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-30 02:56:19.0

Published:

30 Jan 2026 8:16 AM IST

Tamil Nadu State Film Awards for 2016 to 2022 announced |
X

ചെന്നൈ: തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കി മലയാളി നടികൾ. ഏഴ് വർഷത്തെ‌ സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിമാരിൽ അഞ്ച് പേരും മലയാളികൾ. 2016- 2022 വർഷങ്ങളിലെ പുരസ്കാരമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ രണ്ട് വർഷം മാത്രമാണ് തമിഴ് താരങ്ങൾ മികച്ച നടിമാരായത്. മികച്ച നടിക്കുള്ള അവാർ‍ഡിന് പുറമെ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളി താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.

2016ൽ 'പാമ്പു സട്ടൈ'യിലെ പ്രകടനത്തിന് മലയാളി താരം കീർത്തി സുരേഷാണ് മികച്ച നടിക്കുള്ള അവാർഡ് തൂക്കിയത്. 2017ൽ ഇത് 'അരം' എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാര സ്വന്തമാക്കിയപ്പോൾ 2018ൽ ജ്യോതികയാണ് മികച്ച നടി. 'ചെക്ക ചിവന്ത വാനം' സിനിമയിലെ പ്രകടനമാണ് നടിയെ അവാർഡിന് അർഹയാക്കിയത്. 2019ൽ വീണ്ടും ഇത് മലയാളിയുടെ കരങ്ങളിലേക്കെത്തി. വെട്രിമാരൻ സംവിധാനം ചെയ്ത 'അസുരൻ' എന്ന ചിത്രത്തിലെ കിടിലൻ പ്രകടനത്തിന് മഞ്ജു വാര്യറാണ് പുരസ്‌കാരം നേടിയത്. മഞ്ജു ആദ്യമായി അഭിനയിച്ച തമിഴ് സിനിമയായിരുന്നു ഇത്.

2020ലും കേരളത്തിലേക്ക് തന്നെയായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം. 'സൂരറൈ പൊട്ര്' സിനിമയിലെ അഭിനയത്തിന് അവാർഡ് ലഭിച്ചത് അപർണ ബാലമുരളിക്ക്. 2021ൽ ജയ് ഭീമിലെ തീപ്പൊരി പ്രകടനത്തിന് ലിജോ മോൾ മികച്ച നടിയായപ്പോൾ 2022ൽ വീണ്ടുമൊരു തമിഴ് താരം പുരസ്‌കാരം സ്വന്തമാക്കി- സായ് പല്ലവി. 'ഗാർഗി'യിലെ കഥാപാത്രമാണ് നടിക്ക് പുരസ്‌കാരം നേടിക്കൊടുത്ത സിനിമ.

2016ൽ 'പുരിയാത്ത പുതിർ' എന്ന സിനിമയിലെ അഭിനയത്തിന് വിജയ് സേതുപതി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 2017ൽ കാർത്തിയാണ് മികച്ച നടൻ (തീരൻ അധികാരം ഒൺട്ര്). 2018ൽ 'വട ചെന്നൈ'യിലൂടെ പുരസ്‌കാരം ധനുഷിന്റെ കൈകളിലെത്തിയപ്പോൾ 2019ൽ 'ഒത്ത സെരുപ്പ് സൈസ്-7' എന്ന ചിത്രത്തിലെ പ്രകടനം ആർ. പാർഥിപനെ പുരസ്‌കാരത്തിനർഹനാക്കി. തൊട്ടടുത്ത വർഷം 'സുരറൈ പൊട്രി'ലെ അഴിഞ്ഞാട്ടത്തിന് സൂര്യ മികച്ച നടനായപ്പോൾ 2021ൽ 'സർപാട്ട പരമ്പരൈ' എന്ന ചിത്രത്തിൽ നായകനായ ആര്യയാണ് നേടിയത്. 2022ൽ 'ടാണാക്കാരൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രം പ്രഭുവാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

മറ്റ് മേഖലകളിൽ അവാർഡ് കരസ്ഥമാക്കിയ മലയാളികൾ ഇവരാണ്: 2016 മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം- വൈക്കം വിജയ ലക്ഷ്മി (വേലൈനു വന്തിട്ടു വെള്ളക്കാരൻ), മികച്ച വില്ലൻ- റഹ്മാൻ (ഒരു മുഗത്തിറൈ). 2017ൽ മികച്ച ഹാസ്യനടി- ഉർവശി (മകളിർ മട്ടും). 2020 മികച്ച ഗായിക- വർഷ രഞ്ജിത്ത് (തായ് നിലം സിനിമയിലെ ആഗായം മേലെ). മാനഗരം (2016), അരം (2017), പരിയേറും പെരുമാൾ (2018), അസുരൻ (2019), കൂഴാങ്കൾ (2020), ജയ് ഭീം (2021), ഗാർഗി (2022) എന്നിവയാണ് മികച്ച സിനിമകൾ.

ലോകേഷ് കനകരാജ് (2016 മാനഗരം), പുഷ്‌കർ- ഗായത്രി (2017 വിക്രം വേധ), മാരി സെൽവരാജ് (2018 പരിയേറും പെരുമാൾ), ആർ പാർഥിപൻ (2019 ഒത്ത സെരുപ്പ് സൈസ്-7), സുധ കൊങ്കാര (2020 സൂരറൈ പൊട്ര്), ടി.ജെ ജ്ഞാനവേൽ (2020 ജയ് ഭീം), ഗൗതം രാമചന്ദ്രൻ (2022 ഗാർഗി) എന്നിവരാണ് ഏഴ് വർഷങ്ങളിലെ മികച്ച സംവിധായകർ.

ഫെബ്രുവരി 13ന് ചെന്നൈ കലൈവാനർ അരംഗിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്കാരങ്ങൾ സമ്മാനിക്കും. മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച ചിത്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.

TAGS :

Next Story