'വര്‍ഷങ്ങളായി ഞാൻ അടിമയായിരുന്നു, ആരതിയിൽ നിന്നും വിവാഹമോചനം നേടുന്നതുവരെ സിനിമയിൽ അഭിനയിക്കില്ല'; വാര്‍ത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് ജയം രവി
ഇത്രയും കാലം ഞാനൊന്നും തുറന്നുപറഞ്ഞില്ല, പക്ഷെ ഇനി അതില്ല, എല്ലാം തുറന്നുപറയാനുള്ള സമയമായി

- Published:
16 May 2026 3:58 PM IST

ചെന്നൈ: ജയം രവിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന ഗായിക കെനിഷ ഫ്രാൻസിസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റിന് പിന്നാലെ നടന്‍റെ ദാമ്പത്യ ജീവിതം വീണ്ടും വാര്‍ത്തകളിൽ നിറയുകയാണ്. ശനിയാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിൽ ഭാര്യ ആരതിയുമായി നിയമപരമായി വിവാഹമോചനം നേടുന്നതു വരെ താൻ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് ജയം രവി അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പല തവണ വികാരഭരിതനാവുകയും പൊട്ടിക്കരയുകയും ചെയ്തു.
വര്‍ഷങ്ങളായി തന്നെ ഒരു അടിമയെപ്പോലെയാണ് ആരതിയും കുടുംബവും കരുതിയിരുന്നതെന്നും അനാവശ്യമായ അപമാനം തനിക്ക് സഹിക്കാൻ കഴിയുന്നതെല്ലെന്നും അദ്ദേഹം പറഞ്ഞു. ''ഇത്രയും കാലം ഞാനൊന്നും തുറന്നുപറഞ്ഞില്ല, പക്ഷെ ഇനി അതില്ല, എല്ലാം തുറന്നുപറയാനുള്ള സമയമായി. ഞാനൊരു പാവമാണ്, സാധുവാണെന്നാണ് എല്ലാവരും കരുതുന്നത്. അങ്ങനെ തന്നെയായിരുന്നു ഞാൻ. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. എപ്പോഴും സൌമ്യനായിരിക്കുന്ന ഒരാൾ ദേഷ്യപ്പെട്ടാൽ സഹിക്കാൻ പ്രയാസമാണ്. എന്നാൽ എല്ലാവരും എന്‍റെ ക്ഷമയെ പരീക്ഷിക്കുകയാണ് '' രവി പറയുന്നു.
''വിവാഹമോചനം നേടുന്നതുവരെ ഞാൻ അഭിനയിക്കില്ല. എന്ന് അത് സാധ്യമാകുന്നോ എന്‍റെ ജീവിതം വീണ്ടും സാധാരണമാകും... ഈ സൈബർ ആക്രമണം അവസാനിക്കുമ്പോൾ ഞാൻ തിരിച്ചുവരും." രണ്ട് പതിറ്റാണ്ടിലേറെയായി താൻ സിനിമയിലുണ്ടെന്നും മിക്ക സിനിമകളും വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെനിഷയെക്കുറിച്ചും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പരാമര്‍ശിച്ചു. അവര്‍ക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആരുടെയും പേരെടുത്ത് പറയാതെ, 'സൈബർ ബുള്ളിയിങ് നടത്തുന്ന തെമ്മാടികൾ' എന്ന് വിശേഷിപ്പിച്ച രവി, ഇവർക്കെല്ലാവർക്കുമെതിരെയുള്ള തെളിവുകൾ തന്‍റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടു. മൂന്നക്ഷരമുള്ള ഒരു നടിയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "പണിയില്ലാത്ത ആ നടി ഫെമിനിസം പ്രസംഗിക്കേണ്ട കാര്യമില്ല. കുടുംബങ്ങൾ തകർത്തതിന് ശേഷം, പൊതുവേദികളിൽ വന്ന് ഫെമിനിസത്തെക്കുറിച്ച് സംസാരിക്കാൻ അവർക്ക് എന്ത് യോഗ്യതയാണുള്ളത്?" അദ്ദേഹം ചോദിച്ചു.
തന്‍റെ മക്കളായ ആരവിനെയും അയാനെയും കാണാൻ ആരതി അനുവദിക്കില്ലെന്നും ജയം രവി ആരോപിച്ചു. കുട്ടികളെ ബോഡിഗാർഡുകൾക്കൊപ്പമാണ് സ്കൂളിലേക്ക് അയയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “എന്‍റെ മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് ഞാൻ വിവാഹം കഴിച്ചത്. അതിന്‍റെ വിലയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. ഒരവസരത്തിൽ ഞാൻ ആത്മഹത്യക്ക് ശ്രമിക്കുക വരെ ചെയ്തു, എന്നിട്ട് തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിംഗിന് ഹാജരാവുകയും ചെയ്തു. ജോലിയോടുള്ള എന്‍റെ പ്രതിബദ്ധത അതാണ്,” നടൻ വെളിപ്പെടുത്തി.
ജയം രവിയുടെ വാര്‍ത്താസമ്മേളനത്തിന് മുൻപ് ആരതി ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. “ഉറങ്ങിക്കിടക്കുന്ന സിംഹത്തെ നിങ്ങൾ ഒരിക്കലും വിളിച്ചുണർത്തരുത്. അതിനി ഒരു അമ്മ സിംഹമാണെങ്കിൽ ദൈവം തന്നെ രക്ഷിക്കട്ടെ. എന്‍റെ മാന്യമായ മൗനത്തെ ഒരിക്കലും ഒരു ബലഹീനതയായി തെറ്റിദ്ധരിക്കുകയോ അതിൽ നിന്ന് അനാവശ്യ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയോ ചെയ്യരുത്. ആവശ്യമെങ്കിൽ, എന്റെ മക്കളെയും എന്റെ അന്തസ്സിനെയും സംരക്ഷിക്കാൻ ഞാൻ എന്റെ സുരക്ഷിത വലയത്തിൽ നിന്ന് പുറത്തുകടക്കുകയും സത്യവുമായി ലോകത്തെ നേരിടുകയും ചെയ്യും. കാരണം, ഒടുവിൽ സത്യം മാത്രമേ ജയിക്കൂ.” എന്നായിരുന്നു ആരതിയുടെ പോസ്റ്റ്.
ആരതിയുടെ കുറിപ്പിന് മറുപടിയായി ഖുശ്ബു സുന്ദർ ഇങ്ങനെ കുറിച്ചു: “ഒരു അമ്മയോടും ഒരിക്കലും കളിക്കരുത്. നീ നിന്‍റെ സിംഹക്കുട്ടികൾക്കൊപ്പമാണ്. നിനക്ക് കൂടുതൽ കരുത്തുണ്ടാകട്ടെ എന്റെ കുട്ടീ.” എന്നാൽ, രവിയുടെ വാർത്താ സമ്മേളനത്തിന് ശേഷം ആരുടെയും പേരെടുത്തു പറയാതെ ഖുശ്ബു തന്റെ എക്സ് ഹാൻഡിലിൽ ഇങ്ങനെ എഴുതി: “ചിലർ അവരുടെ ഡിഎൻഎ എന്താണെന്ന് തെളിയിക്കാൻ കഠിനമായി ശ്രമിക്കുകയാണ്. ഞാൻ പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചതിന് നന്ദി.”
2009 ജൂണ്‍ 4നായിരുന്നു നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. പ്രശസ്ത തമിഴ് ചലച്ചിത്ര എഡിറ്ററായ മോഹന്‍റെ മകനാണ് ജയംരവി.
Adjust Story Font
16
