പഹൽഗാം ഭീകരാക്രമണത്തെ ഗോത്രവർഗ സംഘട്ടനത്തോട് ഉപമിച്ച് വിജയ് ദേവരകൊണ്ട; പരാതിയുമായി ആദിവാസി സംഘടനകൾ
സൂര്യ നായകനായ റെട്രോയുടെ പ്രീ-റിലീസ് പരിപാടിയ്ക്കിടെക്കിടെയാണ് നടന്റെ വിവാദ പരാമര്‍ശം.

ഹൈദരാബാദ്: ആദിവാസി വിഭാഗങ്ങള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് നടന്‍ വിജയ് ദേവരകൊണ്ടയ്ക്കെതിരെ പൊലീസില്‍ പരാതി.
ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തില്‍ ആദിവാസി വിഭാഗങ്ങളെ ബന്ധിപ്പിച്ചുള്ള താരത്തിന്റെ പരാമര്‍ശമാണ് വിവാദമായത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ലാല്‍ ചൗഹാന്‍ എന്ന അഭിഭാഷകനാണ് പരാതി നല്‍കിയിരിക്കുന്നത്. തമിഴ് നടന്‍ സൂര്യ നായകനായ റെട്രോയുടെ പ്രീ-റിലീസ് പരിപാടിയ്ക്കിടെക്കിടെയാണ് നടന്റെ വിവാദ പരാമര്‍ശം.
നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടത്തെ ഗോത്രവിഭാഗങ്ങള്‍ തമ്മിലടിച്ച പോലെയുള്ള ഒരു ആക്രമണമാണ് പഹൽഗാമിൽ നടന്നത് എന്നായിരുന്നു താരത്തിന്റെ പരാമർശം. ഇതിനെതിരെയാണ് ഗോത്ര സംഘടനകൾ രംഗത്ത് എത്തിയത്. ആദിവാസി സംഘടനകളും താരത്തിന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തുകയും പരാമര്‍ശത്തെ അപലപിക്കുകയും ചെയ്തിരുന്നു.
''കശ്മീരില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് പരിഹാരം ഭീകരരെ പഠിപ്പിക്കുകയും അവര്‍ ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. അവര്‍ എന്താണ് നേടുക? കശ്മീര്‍ ഇന്ത്യയുടേതാണ്, കശ്മീരികള്‍ നമ്മുടേതാണ്. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോത്രവര്‍ഗക്കാര്‍ ചെയ്തതുപോലെയാണ് അവര്‍ പെരുമാറുന്നത്, അതുപോലെയൊന്നാണ് പഹല്‍ഗാമില്‍ നടന്നത്. സാമാന്യബുദ്ധിയില്ലാതെ പോരാടുന്നു''- ഇങ്ങനെയായിരുന്നു താരത്തിന്റെ പരാമര്‍ശം.
അതേസമയം പരാതിയില്‍ നിയമോപദേശം തേടിയ ശേഷം നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കും എന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ വിവാദങ്ങളോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

