Quantcast

'കേരള സ്റ്റോറി ഇനി പ്രദര്‍ശിപ്പിക്കില്ല': തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സ് ഉടമകള്‍

സിനിമ കാണാന്‍ ആളില്ല, ക്രമസമാധാനപ്രശ്നം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    7 May 2023 2:07 PM GMT

The Kerala Story not to be screened in Tamil Nadu multiplex theatres
X

ചെന്നൈ: ദി കേരള സ്റ്റോറി എന്ന സിനിമ ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സ് ഉടമകള്‍. സിനിമ കാണാന്‍ ആളില്ല, ക്രമസമാധാനപ്രശ്നം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നാം തമിഴര്‍ കച്ചിയുടെ (എന്‍.ടി.കെ) നേതൃത്വത്തില്‍ ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സീമന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കേരളത്തിലെ ബോക്സ്ഓഫീസുകളിലും ചലനമുണ്ടാക്കാന്‍ കേരള സ്റ്റോറിക്ക് കഴിഞ്ഞില്ല. കലക്ഷന്‍റെ കാര്യത്തില്‍ കേരളം ആദ്യ പത്തില്‍ പോലും ഇടം പിടിച്ചില്ലെന്നാണ് ബോക്സ് ഓഫീസ് പാന്‍ ഇന്ത്യ സൈറ്റിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്ര- 2.78 കോടി, കര്‍ണാടക-0.5 കോടി, ഉത്തര്‍പ്രദേശ്- 1.17 കോടി, ഗുജറാത്ത്-0.8 കോടി, ഹരിയാന -0.55 കോടി എന്നിങ്ങനെയാണ് കലക്ഷന്‍.



കേരളത്തില്‍ 20 തിയറ്ററുകളിലാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. തൃശൂരിലെ മാളയില്‍ ആളില്ലാത്തതിനാല്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററിലാണ് ഉച്ചയ്‌ക്ക് പ്രദർശനം നടത്തിയശേഷം കാഴ്ചക്കാരില്ലാത്തതിനാല്‍ നിര്‍ത്തിയത്. ഇതോടെ വൈകിട്ട് 6.30ഓടെ സിനിമ കാണാനെത്തിയ ബി.ജെ.പി നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് കാവലില്‍ പ്രദര്‍ശനം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമയെ അഭിനന്ദിച്ചു. ഭീകരവാദത്തിന്റെ വികൃത മുഖവും പദ്ധതികളും തുറന്നു കാണിക്കുന്ന സിനിമയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേരള സ്റ്റോറിക്ക് സംസ്ഥാനത്ത് നികുതിയിളവ് നല്‍കുമെന്ന് പ്രഖ്യാപിച്ചു.



മെയ് അഞ്ചിനാണ് കേരള സ്റ്റോറി തിയേറ്ററുകളിൽ എത്തിയത്. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം ചെയ്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. തീവ്രവാദ സംഘടനയായ ഐഎസിലേക്ക് ഇത്തരത്തിൽ 32,000 പെൺകുട്ടികളെ കടത്തി കൊണ്ടുപോയിട്ടുണ്ട് എന്നാണ് സിനിമയുടെ ട്രെയിലറില്‍ ആരോപിച്ചത്. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.


Summary- The multiplex theatres in Tamil Nadu have halted the screenings of The Kerala Story from today, citing the law and order situation and poor response of the movie.

TAGS :

Next Story