മുഖ്യമന്ത്രിയായതിന് പിന്നാലെ വിജയിന്‍റെ 'സ്പെഷ്യൽ പെർമിഷൻ'; തൃഷയുടെ 'കറുപ്പിന്'9 മണി ഷോക്ക് അനുമതി
മെയ് 10-ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്, അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളിലാണ് ഈ ഉത്തരവിൽ ഒപ്പുവെച്ചത്

- Published:
13 May 2026 12:20 PM IST

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടൻ വിജയ് എടുത്ത നിർണായക തീരുമാനം സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. സൂര്യയും തൃഷയും പ്രധാന വേഷങ്ങളിലെത്തുന്ന 'കറുപ്പ്' എന്ന ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ മുഖ്യമന്ത്രി അനുമതി നൽകി. മെയ് 10-ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്, അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളിലാണ് ഈ ഉത്തരവിൽ ഒപ്പുവെച്ചത്.
സാധാരണയായി തമിഴ്നാട്ടിൽ വലിയ ചിത്രങ്ങൾക്ക് പുലർച്ചെയുള്ള ഷാകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ മെയ് 14-ന് റിലീസ് ചെയ്യുന്ന 'കറുപ്പ്' എന്ന ചിത്രത്തിന് രാവിലെ 9 മണിക്ക് തന്നെ ഷോകൾ തുടങ്ങാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. ''കറുപ്പിന്‍റെ 9 AM ഷോകൾക്ക് പ്രത്യേക അനുമതി നൽകിയതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ജോസഫ് വിജയിക്ക് പ്രത്യേക നന്ദി. കറുപ്പ് - FDFS മെയ് 14 മുതൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്നു'' ചൊവ്വാഴ്ച വൈകിട്ട് എസ്.ആർ. പ്രഭുവിന്റെയും എസ്.ആർ. പ്രകാശ്ബാബുവിന്റെയും പ്രൊഡക്ഷൻ ഹൗസായ ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്‍റെ ഔദ്യോഗിക എക്സ് ഹാൻഡിൽ സോഷ്യൽമീഡിയയിൽ കുറിച്ചു.
വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ പങ്കെടുത്തിരുന്നു. താരത്തിന്‍റെ അമ്മ ശോഭ ചന്ദ്രശേഖറിനെ തൃഷ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്' ഒരു ആക്ഷൻ കോർട്ട്റൂം ഡ്രാമയാണ്. സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.
തമിഴ്‌നാട്ടിൽ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് പുലർച്ചെയുള്ള ഷോകൾക്ക് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ സാധാരണമാണെങ്കിലും, തമിഴ്‌നാട്ടിൽ ആരാധകരുടെ ആവേശം ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് തടയാനായിരുന്നു ഈ നടപടി.2023 പൊങ്കൽ റിലീസായി എത്തിയ അജിത്തിന്റെ 'തുനിവ്', വിജയിയുടെ 'വാരിസ്' എന്നീ ചിത്രങ്ങളുടെ പുലർച്ചെ 4 മണി ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ ഒരു ആരാധകൻ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ഡിഎംകെ സർക്കാർ പുലർച്ചെയുള്ള ഷോകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
സാധാരണ ദിവസങ്ങളിൽ നാല് ഷോകളും വാരാന്ത്യങ്ങളിൽ പരമാവധി അഞ്ച് ഷോകളും മാത്രമേ അനുവദിക്കൂ. പുലർച്ചെ 4 മണി, 1 മണി ഷോകൾക്ക് പകരം രാവിലെ 9 മണി മുതൽ മാത്രമേ പ്രദർശനം തുടങ്ങാവൂ എന്നും അത് പ്രത്യേക അനുമതിക്ക് വിധേയമായിരിക്കുമെന്നും സർക്കാർ ഉത്തരവിട്ടിരുന്നു.ലോകേഷ് കനകരാജിന്‍റെ 'ലിയോ', ശിവയുടെ 'കങ്കുവ' എന്നീ ചിത്രങ്ങൾക്ക് മാത്രമാണ് മുൻപ് ഇത്തരത്തിൽ ഇളവുകൾ ലഭിച്ചിട്ടുള്ളത്.
Adjust Story Font
16
