Quantcast

സര്‍ഫ് പരസ്യങ്ങളിലെ ലളിതാജി; ഉഡാന്‍ താരം കവിതാ ചൗധരി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Published:

    17 Feb 2024 7:05 AM GMT

Kavita Chaudhary
X

കവിതാ ചൗധരി

അമൃത്സര്‍: ഉഡാൻ എന്ന ടെലിവിഷൻ ഷോയിലൂടെയും സർഫ് പരസ്യങ്ങളിലൂടെയും ശ്രദ്ധേയായ നടി കവിതാ ചൗധരി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു അന്ത്യം.

അമൃത്‌സറിലെ പാർവതി ദേവി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നും അവിടെ വച്ചാണ് അന്ത്യം സംഭവിച്ചതെന്നും കവിതയുടെ അനന്തരവന്‍ അജയ് സയാല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 1989 ൽ സംപ്രേഷണം ചെയ്ത ഉഡാന്‍ ഷോയിൽ ഐപിഎസ് ഓഫീസർ കല്യാണി സിംഗ് എന്ന കഥാപാത്രത്തെയാണ് കവിത അവതരിപ്പിച്ചത്.കിരൺ ബേദിക്ക് ശേഷം രണ്ടാമത്തെ ഐപിഎസ് ഓഫീസറായ കവിതയുടെ സഹോദരി കാഞ്ചൻ ചൗധരി ഭട്ടാചാര്യയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പരമ്പരയായിരുന്നു ഉഡാന്‍. കവിത തന്നെയായിരുന്നു പരമ്പരയുടെ കഥയും സംവിധാനവും നിര്‍വഹിച്ചത്. 1991 വരെ ഈ സീരിയല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം തെയ്തു. 2020ല്‍ ലോക്‍ഡൗണ്‍ കാലത്ത് ഉഡാന്‍ വീണ്ടും സംപ്രേഷണം ചെയ്തിരുന്നു.

അക്കാലത്ത്, സിനിമകളിലും ടെലിവിഷനിലും വനിതാ ഐപിഎസ് ഓഫീസർമാരുടെ പ്രാതിനിധ്യം ഇല്ലാതിരുന്നതിനാൽ സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രതീകമായി കവിത വാഴ്ത്തപ്പെട്ടു.യുവർ ഓണർ, ഐപിഎസ് ഡയറീസ് തുടങ്ങിയ ഷോകളും കവിതയുടെതായി പുറത്തുവന്നിട്ടുണ്ട്. 1980 കളിലും 1990 കളിലും പ്രശസ്തമായ സർഫ് പരസ്യങ്ങളിൽ ലളിതാജി എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ട് കവിത പ്രേക്ഷകരുടെ മനസ് കവര്‍ന്നിരുന്നു. ബുദ്ധിമതിയായ വീട്ടമ്മയായിരുന്നു കവിതയുടെ ലളിതാജി.



TAGS :

Next Story