Quantcast

റിലീസ് തീയതി മാറി; കുഞ്ചാക്കോ ബോബന്റെ ‘ഉന്മാദം’ നേരത്തെ തിയേറ്ററുകളിൽ

ഓഗസ്റ്റ് റിലീസ് ഒഴിവാക്കി ജൂലൈയിലേക്ക്; ഷാഹി കബീറിനൊപ്പം വീണ്ടും കൈകോർക്കുന്ന സൈക്കോളജിക്കൽ ത്രില്ലറുമായി ചാക്കോച്ചൻ

MediaOne Logo

Web Desk

  • Published:

    6 July 2026 10:41 AM IST

റിലീസ് തീയതി മാറി; കുഞ്ചാക്കോ ബോബന്റെ ‘ഉന്മാദം’ നേരത്തെ തിയേറ്ററുകളിൽ
X

മലയാള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ഉന്മാദം’ റിലീസ് തീയതി മാറ്റി. നേരത്തെ ഓഗസ്റ്റ് 7-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇനി ജൂലൈ 31-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു.

ആദ്യമായി സംവിധായകനാകുന്ന കിരൺ ദാസ് ഒരുക്കുന്ന ചിത്രം, ഷാഹി കബീർ രചിച്ച സൈക്കോളജിക്കൽ ത്രില്ലറാണ്. ‘നായാട്ട്’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഉന്മാദ’ത്തിനുണ്ട്. ഇരുചിത്രങ്ങളിലും പൊലീസ് ഉദ്യോഗസ്ഥനായെത്തിയ കുഞ്ചാക്കോ ബോബൻ, ഈ ചിത്രത്തിലും കോൺസ്റ്റബിൾ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ലിജോമോൾ ജോസഫ് ആദ്യമായി കുഞ്ചാക്കോ ബോബനൊപ്പം സ്ക്രീൻ പങ്കിടുന്ന ചിത്രവുമാണിത്. കുടുംബജീവിതത്തിലെ പഴയൊരു കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്ന ഒരു കോൺസ്റ്റബിളിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടവും മുന്നോട്ട് പോകുമ്പോൾ യാഥാർഥ്യവും ഭ്രമവും തമ്മിലുള്ള അതിരുകൾ മങ്ങിത്തുടങ്ങുന്നതാണ് കഥയുടെ പ്രധാന ആകർഷണം.

സിദ്ധിഖ്, സുധീഷ്, വിശാഖ് നായർ, കോട്ടയം നസീർ, ഗോകുലൻ, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, സിജോയ് വർഗീസ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

‘ജോസഫ്’, ‘ഇഷ്ക്’, ‘ജോജി’, ‘അമ്പിളി’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായാണ് കിരൺ ദാസ് ശ്രദ്ധേയനായത്. ‘ഉന്മാദ’ത്തിലൂടെ അദ്ദേഹം ആദ്യമായി സംവിധായകന്റെ കുപ്പായമണിയുകയാണ്. ചിത്രത്തിന്റെ എഡിറ്റിംഗും കിരൺ തന്നെയാണ് നിർവഹിക്കുന്നത്. മുജീബ് മജീദ് സംഗീതവും അർജുൻ സേതു ഛായാഗ്രഹണവും നിർവഹിക്കുന്നു.

പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പാഥക്, അഭിഷേക് പാഥക് എന്നിവർ നിർമിക്കുന്ന ചിത്രം ടി-സീരീസ് ഫിലിംസിന്റെ ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ അവതരിപ്പിക്കുന്നു.

റിലീസ് തീയതി നേരത്തെയാക്കിയതോടെ ജൂലൈയിലെ പ്രധാന മലയാള റിലീസുകളായ ‘I, Nobody’, ‘വരവ്’ എന്നിവയ്ക്കൊപ്പമാണ് ഇനി ‘ഉന്മാദം’ തിയേറ്ററുകളിലെത്തുന്നത്.

TAGS :

Next Story