ധർമ്മേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
ബുധനാഴ്ച രാവിലെയാണ് വാര്‍ത്താ ഏജൻസിയായ പിടിഐ ധർമ്മേന്ദ്രയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്

മുംബൈ: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളിവുഡ് നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു. താരത്തെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഡോക്ടർമാർ ബുധനാഴ്ച സ്ഥിരീകരിച്ചു.മക്കളായ സണ്ണി ഡിയോൾ , ബോബി ഡിയോൾ എന്നിവരുൾപ്പെടെയുള്ള കുടുംബം നടനെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് വാര്‍ത്താ ഏജൻസിയായ പിടിഐ ധർമ്മേന്ദ്രയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 89കാരനായ നടൻ ആഴ്ചകളായി ആശുപത്രിയിലും പുറത്തും ചികിത്സയിലാണ്. "രാവിലെ 7.30 ഓടെയാണ് ധർമ്മേന്ദ്ര ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. വീട്ടിൽ തന്നെ ചികിത്സ നൽകാൻ കുടുംബം തീരുമാനിച്ചതിനാൽ അദ്ദേഹത്തിന് വീട്ടിൽ തന്നെ ചികിത്സ നൽകും" ഡോ. പ്രതിത് സംദാനി പിടിഐയോട് പറഞ്ഞു. ധര്‍മേന്ദ്രയുടെ വസതിയിലേക്ക് ആംബുലൻസ് പോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇന്നലെ രാവിലെ ധർമ്മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളടക്കം മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഭാര്യ ഹേമമാലിനിയും മകൾ ഇഷ ഡിയോളുമടക്കമുള്ള കുടുംബാംഗങ്ങൾ ഇത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ധര്‍മേന്ദ്രയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഈ ആഴ്ച ആദ്യമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആമിര്‍ ഖാൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ ധര്‍മേന്ദ്രയെ ആശുപത്രിയിൽ സന്ദര്‍ശിച്ചിരുന്നു.
Adjust Story Font
16

