'ക്ഷേത്രങ്ങളിൽ അപമാനിക്കപ്പെട്ടു'; ഇസ്‍ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് നടൻ ജയ്
2011ലാണ് ഇസ്‍ലാം മതത്തിലേക്ക് താൽപര്യം തോന്നി പിന്തുടരാൻ തുടങ്ങിയതെന്നും വ്യക്തമാക്കി

ചെന്നൈ: ഇസ്‍ലാം മതം സ്വീകരിക്കാനുള്ള കാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് തമിഴ് നടൻ ജയ്. ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും താൻ പോയിരുന്നെങ്കിലും അവിടെയെല്ലാം താൻ അപമാനിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദിൽ പോയപ്പോൾ എല്ലാവരും തുല്യരാണെന്ന തോന്നലുണ്ടായിയെന്നും ജയ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2011ലാണ് ഇസ്‍ലാം മതത്തിലേക്ക് താൽപര്യം തോന്നി പിന്തുടരാൻ തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. 2019ൽ വികടന് നൽകിയ ഒരു അഭിമുഖത്തിൽ, കഴിഞ്ഞ 7 വർഷമായി താൻ ഇസ്‍ലാം മതവിശ്വാസമാണ് പിന്തുടരുന്നതെന്ന് ജയ് വ്യക്തമാക്കിയിരുന്നു. മതം മാറ്റത്തിന് തന്‍റെ കരിയറിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ''ഞാൻ ഇസ്‍ലാമിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വിശ്വാസം വളർത്തിയെടുത്തു. ഇതിൽ വീട്ടിൽ ആര്‍ക്കും പ്രശ്നമില്ല. ഒരു ദൈവത്തെയും ആരാധിക്കാത്ത കുട്ടി ഇപ്പോൾ ഏതെങ്കിലും ദൈവത്തെയെങ്കിലും ആരാധിക്കുന്നു' എന്ന് പറയുന്നു. ഞാൻ മതം മാറിയെങ്കിലും, ഇതുവരെ പേര് മാറ്റിയിട്ടില്ല. എന്‍റെ പേര് അസീസ് ജയ് എന്ന് മാറ്റണോ എന്ന് ഞാൻ ആലോചിക്കുകയാണ്” താരം വിശദമാക്കി.
ക്ഷേത്രങ്ങളിൽ തനിക്ക് അപമാപം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''ശബരിമലക്ക് പോവാൻ ഞാൻ മാലയിട്ടിട്ടുണ്ട്. പിന്നീട് ഒരു വര്‍ഷത്തോളം കൊന്തയിട്ട് ഉപവാസമെടുത്തു. എല്ലാ ദൈവങ്ങളും നല്ലതാണെന്ന ചിന്തയോടെയാണ് ഞാൻ എല്ലാ വഴികളും പിന്തുടർന്നത്.
ഒരിക്കൽ ഞാൻ ഒരു മസ്ജിദിൽ പോയപ്പോൾ, അവിടെ എല്ലാവരും ഒരേ വരിയിൽ നിന്ന് പ്രാർഥിക്കുന്നത് കണ്ടു. എന്‍റെ ജീവിതത്തിൽ ആദ്യമായായിരുന്നു അങ്ങനെയൊരു കാഴ്ച. ഞാൻ ഒരു നടനാണെന്ന് അവിടെയുണ്ടായിരുന്ന എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ പള്ളിക്കുള്ളിൽ വെച്ച് ആരും എന്നോട് വന്ന് സംസാരിക്കാനോ ശല്യപ്പെടുത്താനോ മുതിർന്നില്ല. എല്ലാവരും പ്രാർഥനയിൽ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ പള്ളിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അവർ വളരെ മാന്യമായി എന്നോട് സംസാരിച്ചു. ആരും ഒരു ഫോട്ടോയ്ക്ക് വേണ്ടി പോലും തിരക്ക് കൂട്ടിയില്ല'' ജയ് പറഞ്ഞു.
"കൂടാതെ അവിടെ പ്രവേശിച്ചുകഴിഞ്ഞാൽ, അവർ ദൈവത്തെ മാത്രമേ പരമോന്നതനായി കണക്കാക്കുന്നുള്ളൂ. ഏത് സെലിബ്രിറ്റി ആയാലും അവരെ വലിയവരായി കാണുന്നില്ല. നമുക്ക് വേണ്ടത് ചോദിക്കാൻ അവർ നമുക്ക് ഇടം നൽകുന്നു. നമ്മൾ പ്രാർഥിക്കുമ്പോൾ ആരും നമ്മെ തള്ളിമാറ്റുകയോ പോകാൻ പറയുകയോ ചെയ്യുന്നില്ല. നമുക്ക് എത്ര നേരം വേണമെങ്കിലും പ്രാർത്ഥിക്കാം. അത് യോഗ പോലെ തോന്നി. ഞാൻ ഇസ്‍ലാം പിന്തുടരാൻ തുടങ്ങിയപ്പോൾ, എന്‍റെ സ്വഭാവവും മാറാൻ തുടങ്ങി." അദ്ദേഹം വ്യക്തമാക്കി.
2002ൽ ഭഗവതി എന്ന ചിത്രത്തിൽ വിജയിന്‍റെ ഇളയ സഹോദരനായി അഭിനയിച്ചുകൊണ്ടാണ് ജയ് സിനിമയിലെത്തുന്നത്. ചെന്നൈ 600028, സുബ്രഹ്മണ്യപുരം, വാമനൻ, ഗോവ, എങ്കേയും എപ്പോതും, രാജാ റാണി തുടങ്ങിയ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ ശക്തമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സംവിധായകൻ ബാബു വിജയ്‌യുടെ സട്ടേന്ദ്രു മറുതു വാനിലൈ എന്ന ചിത്രത്തിലാണ് ജയ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. യോഗി ബാബു, മീനാക്ഷി ഗോവിന്ദരാജൻ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
Adjust Story Font
16

