Quantcast

'ഓരോ വിഷുക്കാലവും പേടിയായിരുന്നു, മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്' ; ബിജുക്കുട്ടനെ കാണാനെത്തി വൈറൽ വിഡിയോയിലെ ചേട്ടന്‍

ഈ വ്യക്തി ആരാണെന്ന് അന്വേഷിച്ചു പോയി അദ്ദേഹത്തിന്റെ സ്വകാര്യതയെ ആരും ശല്യപ്പെടുത്തരുതെന്നും ബിജുക്കുട്ടൻ തന്റെ പോസ്റ്റിലൂടെ അഭ്യർഥിച്ചിട്ടുണ്ട്.

MediaOne Logo
ഓരോ വിഷുക്കാലവും പേടിയായിരുന്നു, മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട് ; ബിജുക്കുട്ടനെ കാണാനെത്തി വൈറൽ വിഡിയോയിലെ ചേട്ടന്‍
X

കൊച്ചി: ഓരോ വിഷുക്കാലത്തും പടക്കം പൊട്ടിച്ച് റോഡില്‍വീഴുന്ന ചേട്ടന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. തിയറ്റേറില്‍ വന്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന 'വാഴ 2' സിനിമയിലും ഈ രംഗം നടന്‍ ബിജുക്കുട്ടന്‍ അവതരിപ്പിച്ച കഥാപാത്രം ചെയ്തിരുന്നു. സിനിമ പുറത്തിറങ്ങിയതോടെ ചിരി പടര്‍ത്തിയിരുന്ന ആ വിഡിയോ പലരുടെയും മനസില്‍ വിങ്ങലായി മാറി. ആ ചേട്ടനെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്ന് സിനിമാ പ്രമോഷന്‍ ഇന്‍റര്‍വ്യൂകളില്‍ ബിജുക്കുട്ടന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിജുക്കുട്ടനെ തേടി വൈറല്‍ വിഡിയോയിലെ താരം നേരിട്ടെത്തിയിരിക്കുകയാണ്. ഹൃദയസ്പർശിയായ ഈ കൂടിക്കാഴ്ചയെക്കുറിച്ച് ബിജുക്കുട്ടൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. അന്ന് ആ വീഡിയോ വൈറലായതിന് പിന്നാലെ താൻ അനുഭവിച്ച മാനസിക വിഷമങ്ങളും സിനിമ പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായ സന്തോഷങ്ങളുമെല്ലാം ബിജുക്കുട്ടനോട് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ആറാം ക്ലാസിൽ മകൻ പഠിക്കുമ്പോഴാണ് തന്റെ അനിയൻ തമാശയ്ക്ക് ആ വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടതെന്ന് അദ്ദേഹം പറയുന്നു. പടക്കം പൊട്ടിച്ച് താൻ വീഴുന്നത് കണ്ടപ്പോൾ എന്തോ ആപത്ത് പറ്റിയെന്ന് കരുതി മകൻ കരഞ്ഞുകൊണ്ട് ഓടിവന്ന് തന്നെ കെട്ടിപ്പിടിച്ച നിമിഷം ഇന്നും നോവായി മനസ്സിലുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ആ വീഡിയോ വൈറലായതോടെ ജീവിതം മാറിമറിഞ്ഞു. മദ്യപിച്ചിട്ടാണോ വീണത് എന്ന പരിഹാസവും ചോദ്യങ്ങളും കാരണം പുറത്തിറങ്ങാൻ പോലും മടിയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

'വാഴ 2' എന്ന സിനിമയിൽ ഈ രംഗം ഉൾപ്പെടുത്തിയപ്പോൾ കൂടുതൽ പരിഹാസം വരുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. എന്നാൽ സിനിമ കണ്ടിറങ്ങിയ മകൻ വിളിച്ചു പറഞ്ഞതനുസരിച്ചാണ് അദ്ദേഹം ചിത്രം കണ്ടത്. തന്റെ ജീവിതത്തിൽ അന്ന് എന്താണോ സംഭവിച്ചത് അത് അതുപോലെ തന്നെ സിനിമയിൽ പകർത്തി വെച്ചതുപോലെ തോന്നിയെന്നും, ഇത്രയും കാലം അനുഭവിച്ച ടെൻഷൻ സിനിമ കണ്ടതോടെ മാറിയെന്നും അദ്ദേഹം ബിജുക്കുട്ടനോട് പറഞ്ഞു. അതേസമയം, ഈ വ്യക്തി ആരാണെന്ന് അന്വേഷിച്ചു പോയി അദ്ദേഹത്തിന്റെ സ്വകാര്യതയെ ആരും ശല്യപ്പെടുത്തരുതെന്നും ബിജുക്കുട്ടൻ തന്റെ പോസ്റ്റിലൂടെ അഭ്യർഥിച്ചിട്ടുണ്ട്.

നടന്‍ ബിജുക്കുട്ടന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെയും എന്റെ കുടുംബത്തിൻ്റെയും വിഷുദിന ആശംസകൾ.

വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്, എവിടെയാണ്, എന്തു സംഭവിച്ചു എന്നൊക്കെ.

ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയയ്ക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.

എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.

'എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.

പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.

പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു.

സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.'

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.

തൻറെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു.

അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല ഞാൻ രണ്ടുമൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ അത് വിപിൻദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്.

ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്.

ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ.

ഒരിക്കൽകൂടി എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു.

TAGS :

Next Story