Quantcast

'രജനീകാന്തിന് വിജയിയോട് അസൂയയെന്ന് ചിലർ, രജനിയുടെ ഈ വിശദീകരണം വല്ലാതെ വിഷമിപ്പിച്ചു': പ്രതികരണവുമായി വിഷ്ണു വിശാൽ

തമിഴ്നാട് മുഖ്യമന്ത്രിയായി നടനും ടിവികെ അധ്യക്ഷനുമായ വിജയ് അധികാരമേറ്റതിന് പിന്നാലെയാണ് രജനീകാന്തിനെതിരെ സൈബറിടങ്ങളിൽ വിമർശനം ശക്തമായത്

MediaOne Logo

Web Desk

  • Published:

    28 Jun 2026 12:35 PM IST

രജനീകാന്തിന് വിജയിയോട് അസൂയയെന്ന് ചിലർ, രജനിയുടെ ഈ വിശദീകരണം വല്ലാതെ വിഷമിപ്പിച്ചു: പ്രതികരണവുമായി വിഷ്ണു വിശാൽ
X

ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയോട് സൂപ്പർ സ്റ്റാർ രജനീകാന്തിന് അസൂയയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വേദനാജനകമെന്ന് നടൻ വിഷ്ണു വിശാൽ. അസത്യങ്ങളെ വ്യാജ പ്രചാരണങ്ങളിലൂടെ സത്യമാക്കി അവതരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയക്ക് ഇക്കാലത്ത് വലിയ പങ്കുണ്ടെന്നും എല്ലാ കാര്യങ്ങളും വിശ്വസിക്കരുതെന്നും വിഷ്ണു പറഞ്ഞു. ഗട്ടാ ഗുസ്തി 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.

'വിജയിയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് രജനി സാറിന് പോലും കഴിഞ്ഞ ദിവസം പറയേണ്ടി വന്നിരിക്കുകയാണ്. നാല് ദിവസം മിണ്ടിയില്ലെന്ന കാരണത്തിന് തലൈവരെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് അവർ. ഓൺലൈനിലൂടെ ചിലർ കുത്തിപ്പൊക്കിയ വിഷയങ്ങളിൽ മറുപടി പറയേണ്ട സാഹചര്യം അദ്ദേഹത്തിന് പോലും വന്നെത്തിയിരിക്കുന്നു. മറ്റൊരാളുടെ നേട്ടത്തിൽ അദ്ദേഹം അസൂയാലുവാണെന്ന് പറയാൻ എങ്ങനെയാണ് ഒരാൾക്ക് സാധിക്കുക? ഇത് വളരെ വേദനാജനകമാണ്'. വിഷ്ണു വ്യക്തമാക്കി.

ആരാധകർ തമ്മിലുള്ള ഫൈറ്റ് പോലെയാണ് നടന്മാർ തമ്മിലുള്ള ബന്ധമെന്ന് ധരിച്ചുവെക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റൂമറുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയ പായുമ്പോഴെല്ലാം യഥാർത്ഥ ജീവിതത്തിൽ പരസ്പര ബഹുമാനത്തോടെ പെരുമാറുന്നവരാണ് മിക്ക നടന്മാരെന്നും വിഷ്ണു കൂട്ടിച്ചേർത്തു.

തമിഴ്നാട് മുഖ്യമന്ത്രിയായി നടനും ടിവികെ അധ്യക്ഷനുമായ വിജയ് അധികാരമേറ്റതിന് പിന്നാലെയാണ് രജനീകാന്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. കമൽ ഹാസൻ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ താരങ്ങൾ പുതിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോഴും രജനികാന്ത് മൗനം പാലിച്ചതാണ് ചിലരെ വല്ലാതെ ചൊടിപ്പിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് വിജയിയുടെ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കാതെ കൈ കൂപ്പി ഒന്നും മിണ്ടാതെ നടന്നുപോകുകയാണ് രജനി ചെയ്തത്.

അതേസമയം, വിമർശനങ്ങൾ അനുദിനം രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ രജനീകാന്ത് കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. താൻ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നമാണെന്നും വിമർശനങ്ങൾ ജീവിതത്തിന്‍റെ ഭാഗമാണെന്ന് ഈ അടുത്ത കാലത്താണ് താൻ തിരിച്ചറിഞ്ഞതെന്നും രജനി പറഞ്ഞു. ചെന്നൈയിൽ താരത്തിന്‍റെ 173ആമത്തെ ചിത്രമായ 'ധർമ്മൻ' ന്‍റെ പൂജാചടങ്ങിനിടെ സംസാരിക്കുകയായിരുന്നു.

തന്‍റെ വാക്കുകൾ എപ്പോഴും പല തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നതിനാൽ ആരെങ്കിലും പ്രസംഗിക്കാൻ ക്ഷണിക്കുമ്പോൾ മടി തോന്നാറുണ്ടെന്നും മിണ്ടാതിരുന്നാൽ വായിൽ കൊഴുക്കട്ടയാണോയെന്ന് ആളുകൾ ചോദിക്കുമെന്നും രജനി പറഞ്ഞു. ഇനി ഏതെങ്കിലും വിഷയത്തെ കുറിച്ച് പ്രതികരിച്ചാൽ ആളുകൾ പലപ്പോഴും അദ്ദേഹത്തിന്‍റെ പ്രസ്താവനകളെ ചോദ്യം ചെയ്യുകയോ ഒരു പ്രത്യേക വിഷയത്തെ കുറിച്ച് സംസാരിക്കാൻ പാടില്ലായിരുന്നെന്ന് വാദിക്കുകയോ ചെയ്യാറുണ്ടെന്നും രജനി പറഞ്ഞു.

'അനാവശ്യമായി മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ രജനി ഒരു വിലകുറഞ്ഞ അല്ലെങ്കിൽ നിലവാരം കുറഞ്ഞ വ്യക്തിയല്ല. വിജയ് മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. മുഖ്യമന്ത്രി വിജയിച്ച ഉടൻ ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചു. ഞാൻ രാഷ്ട്രീയത്തിൽ പോലും ഇല്ല, പിന്നെ എന്തിനാണ് വിജയിയോട് അസൂയപ്പെടുന്നത്? ഒരുപക്ഷേ കമൽ മുഖ്യമന്ത്രിയായാൽ എനിക്ക് അസൂയ തോന്നിയേക്കാം. വിജയിയും ഞാനും തമ്മിൽ 25 വർഷത്തെ തലമുറ വിടവുണ്ട്' രജനി കൂട്ടിച്ചേർത്തു.

രജനീകാന്തിന്‍റെ പുതിയ ചിത്രമായ 'ധർമൻ' കമൽ ഹാസൻ നേതൃത്വം നൽകുന്ന രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. ‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അശ്വത് മാരിമുത്തുവാണ് സംവിധാനം.

TAGS :

Next Story