Quantcast

'കലാകാരന്മാരെ വിലക്കിയിട്ട് എന്തുകാര്യം, അവരെ ഉപയോഗപ്പെടുത്തണം'; തുറന്നടിച്ച് വിജയകുമാർ പ്രഭാകരൻ

യുവതാരങ്ങൾ ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നുവെന്ന പരാതിയിലും വിജയകുമാർ പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-04-30 05:59:01.0

Published:

30 April 2023 5:52 AM GMT

Whats the point of banning artists, they should be used; Vijayakumar Prabhakaran openly
X

വിജയകുമാർ പ്രഭാകരൻ

നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്കിൽ സിനിമാ സംഘടനകൾക്കെതിരെ നടനും ചലച്ചിത്ര പ്രവർത്തകനുമായ വിജയകുമാർ പ്രഭാകരൻ. കലാകരന്മാരെ വിലക്കിയിട്ട് എന്തു കാര്യാമാണുള്ളതെന്ന് ചോദിച്ച വിജയകുമാർ അവരെ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ശ്രീനാഥ് ഭാസി അഭിനയിക്കുന്ന 'കുണ്ടറ അണ്ടിയാപ്പീസ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്രയും കഴിവുള്ള ശ്രീനാഥിനെ എങ്ങനെയാണ് വെറുതെയിരുത്തുക. ഒരു ദിവസം അയാൾക്ക് നാലഞ്ച് ലക്ഷം രൂപ വരുന്നുണ്ട്. ഒരു ആഴ്ച അയാൾക്ക് ഇത്രയും ലക്ഷം രൂപകിട്ടുന്നു. എന്തിന് ശ്രീനാഥ് ഭാസിയെ വെറുതെയിരുത്തണമെന്നും വിജയകുമാർ ചോദിക്കുന്നു. ''കലാകാരന്മാരെ 45, 50 വയസ്സ് വരെ വിലക്കുകയല്ല വേണ്ടത്, 50 വയസ്സ് കഴിഞ്ഞിട്ട് അവരെക്കൊണ്ട് എന്താണ് കാര്യം, ഒരു കാര്യവുമില്ല. അവരെ ഉപയോഗപ്പെടുത്തുക. ആംബർ ഹേർഡിന്റെയും ജോണി ഡെപ്പിന്റെയും ആറ്റിറ്റിയൂഡ് കണ്ടിട്ടില്ലേ, എന്ന് കരുതി അവരെ മാറ്റിനിർത്തിയിട്ടുണ്ടോ?, വ്യതസ്തരായ മനുഷ്യരാണ് എല്ലാവരും''- വിജയകുമാർ പ്രഭാകരൻ പറഞ്ഞു. യുവതാരങ്ങൾ ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നുവെന്ന പരാതിയിലും വിജയകുമാർ പ്രതികരിച്ചു. താരങ്ങൾ ഒരു തുക ആവശ്യപ്പെടുകയും ആ തുക മറ്റൊരിടത്ത് നിന്ന് കിട്ടുകയുമാണെങ്കിൽ അവരത് വാങ്ങിക്കുന്നതിൽ എന്താണ് തെറ്റെന്നും വിജയകുമാർ ചോദിച്ചു.

ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും വിലക്കേർപ്പെടുത്തിയ സിനിമാ സംഘടനകൾ ഇരുവരുമായും സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു. താരസംഘടനയായ 'അമ്മ'കൂടി ഉൾപ്പെട്ട യോഗത്തിലായിരുന്നു തീരുമാനം. നിർമാതാക്കൾക്ക് നിരന്തരമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് കൊണ്ടാണ് നടപടിയെടുത്തതെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഇരുവർക്കും എതിരെ നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും സംഘടനകൾ അറിയിച്ചു.

ശ്രീനാഥ് ഭാസി ഒരേ സമയം ഒന്നിലധികം സിനിമകളുടെ കരാർ ഒപ്പിടുന്നുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറിൽ ഒപ്പിടാൻ വിസമ്മതിക്കുകയാണെന്നും ഫെഫ്ക പറഞ്ഞു. സോഫിയ പോൾ നിർമിച്ച ആർ.ഡി.എക്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഷെയിൻ നിഗം സിനിമയിൽ തനിക്ക് പ്രാധാന്യം കുറവാണെന്നും അതിനാൽ എഡിറ്റിങ് കാണണമെന്നും ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയിരുന്നു. അല്ലാത്തപക്ഷം സിനിമയുടെ ബാക്കി ചിത്രീകരണത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രൊഡക്ഷൻ കൺട്രോളർമാരോട് ഇരുവരും അപമര്യാദയായി പെരുമാറുന്നെന്നും അസഭ്യം പറയുന്നെന്നും ഷൂട്ടിങ് സെറ്റുകളിൽ കൃത്യ സമയത്ത് എത്തുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.

നിലവിൽ ശ്രീനാഥ് ഭാസിക്ക് അമ്മയിൽ അംഗത്വമില്ല. വെയിൽ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ താത്ക്കാലികമായാണ് ഷെയിന് അമ്മയിൽ അംഗത്വം നൽകിയതെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു. നിർമാതാക്കളുടെ ആരോപണങ്ങൾ കഴമ്പുള്ളതാണെന്ന് ഇടവേള ബാബു പറഞ്ഞു. ഈ നടൻമാരെ വച്ച് സിനിമ ചെയ്യുന്ന നിർമാതാക്കൾ അവരുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം ഉണ്ടായാലും സ്വയം ഏറ്റെടുക്കേണ്ടി വരുമെന്നും സംഘടനയ്ക്ക് ഉത്തരവാദിത്വമില്ലെന്നും അമ്മക്ക് വേണ്ടി ഇടവേള ബാബു പറഞ്ഞു. നിരവധി പുതിയ താരങ്ങൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ പേരുകൾ സർക്കാരിന് കൈമാറുമെന്നും സംഘടനകൾ അറിയിച്ചു.


TAGS :

Next Story