Quantcast

ആദ്യം അംബേദ്കറായി തീരുമാനിച്ചത് ഷാരൂഖ് ഖാനെ; വേഷം നിരസിക്കാൻ താരം പറഞ്ഞ കാരണം ഇതാണ്!

എന്നാൽ താൻ അംബേദ്കറെ പോലെ ഒരു മഹാനെപ്പോലെയല്ലെന്ന് പറഞ്ഞ് മമ്മൂട്ടിയും വിസമ്മതിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-10-29 09:31:24.0

Published:

29 Oct 2025 2:52 PM IST

ആദ്യം അംബേദ്കറായി തീരുമാനിച്ചത് ഷാരൂഖ് ഖാനെ; വേഷം നിരസിക്കാൻ താരം പറഞ്ഞ കാരണം ഇതാണ്!
X

Photo| Times Now

മുംബൈ: ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശിൽപി ഡോ. ഭീംറാവു അംബേദ്കറുടെ ജീവിതം പ്രമേയമാക്കി 2000ത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'ഡോ. ബാബാസാഹെബ് അംബേദ്കർ'. ജബ്ബാര്‍ പട്ടേൽ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയാണ് അംബേദ്കറായി എത്തിയത്. ചിത്രത്തിലെ അഭിനയത്തിലൂടെ താരത്തിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

എല്ലാ ചിത്രങ്ങൾക്ക് പിന്നിലും ഒരു പിന്നാമ്പുറക്കഥയുണ്ടാകും. ഡോ. ബാബാസാഹെബ് അംബേദ്കറിൽ നായകന്‍റെ കാര്യത്തിലായിരുന്നു ട്വിസ്റ്റ്. ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് ബോളിവുഡിന്‍റെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെയായിരുന്നു. അംബേദ്കറുടെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ മുതൽ സംവിധായകൻ ജബ്ബാര്‍ പട്ടേലിന്‍റെ മനസിൽ ഷാരൂഖായിരുന്നു. ആ വേഷം ഷാരൂഖ് ഖാനെ ഏൽപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ കിംഗ് ഖാൻ ആ റോൾ സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു. മഹാൻമാരായ നേതാക്കളെ അവതരിപ്പിക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു ഷാരൂഖിന്‍റെ വിശദീകരണം. ''ഈദി അമീനായി അഭിനയിക്കാം. എന്നാൽ യഥാര്‍ഥ ജീവിതത്തിലെ ആദരണീയനായ ഇതിഹാസമായി അഭിനയിക്കാൻ കഴിയില്ല. അത് ദൈവനിന്ദ പോലെയാകും.നസറുദ്ദീൻ ഷാ, നാന പടേക്കര്‍, കമൽഹാസൻ തുടങ്ങിയ സാമൂഹിക, രാഷ്ട്രീയ ബോധ്യമുള്ള നിരവധി അഭിനേതാക്കളുണ്ട്. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവർ യോജിച്ചവരാണ്. ഞാൻ മഹാത്മാ ഗാന്ധിയായി അഭിനയിച്ചാൽ പോലും അംഗീകരിക്കാനാകില്ല. യഥാർത്ഥ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഇച്ഛാശക്തിയോ ക്ഷമയോ ഒരു പക്ഷേ കഴിവോ എനിക്കില്ല. ഒരുപക്ഷേ അഞ്ച് വർഷം കഴിഞ്ഞിട്ട് എനിക്ക് ഇത് ചെയ്യാൻ കഴിഞ്ഞേക്കും. പക്ഷേ ഇപ്പോൾ എനിക്ക് കഴിയില്ല.” എന്നായിരുന്നു എസ്ആര്‍കെയുടെ മറുപടി.

അങ്ങനെയാണ് മമ്മൂട്ടിയിലേക്ക് തിരിയുന്നത്. മമ്മൂട്ടിയുടെ ഫോട്ടോ കണ്ട പട്ടേൽ മമ്മൂട്ടിയുടെ മുഖം ഡോ. ​​അംബേദ്കർ ആയി ഫോട്ടോ ഷോപ്പ് ചെയ്ത് നോക്കിയപ്പോൾ തന്‍റെ സിനിമക്ക് യോജിച്ചയാൾ എന്നുറപ്പിക്കുകയായിരുന്നു. തുടർന്ന് ജബ്ബാർ മമ്മൂട്ടിയെ കാണാൻ കൊച്ചിയിലേക്ക് പറന്നു. മെഗാതാരവുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ താൻ അംബേദ്കറെ പോലെ ഒരു മഹാനെപ്പോലെയല്ലെന്ന് പറഞ്ഞ് മമ്മൂട്ടിയും ആ വേഷം ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പട്ടേൽ അംബേദ്കർ ആയി ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രം താരത്തെ കാണിച്ചു. അങ്ങനെയാണ് മമ്മൂട്ടി ചിത്രത്തിലേക്ക് എത്തിയത്. അംബേദ്കറാകാൻ മീശ വടിക്കാനും ആദ്യം മമ്മൂട്ടി വിസമ്മതിച്ചിരുന്നു. പിന്നീട് പട്ടേൽ കാര്യങ്ങൾ വിശദമായി പറഞ്ഞ് അദ്ദേഹത്തെ സമ്മതിപ്പിക്കുകയായിരുന്നു. പിന്നീട് നടന്നത് ചരിത്രം... അംബേദ്കറായി മറ്റൊരാളെ സങ്കൽപിക്കാനാകാത്ത വിധം മമ്മൂട്ടി ആ റോൾ ഗംഭീരമാക്കുകയും ചെയ്തു. ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് കഥാപാത്രത്തിന് ശബ്ദം നൽകിയതും. മികച്ച നടനടക്കമുള്ള ദേശീയ പുരസ്കാരങ്ങൾ ചിത്രം വാരിക്കൂട്ടി. ദിലീപ് കുമാറിനെപ്പോലുള്ള ബോളിവുഡിലെ അതുല്യ നടൻമാര്‍ വരെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

TAGS :

Next Story