Quantcast

വൈശാലിയും ഞാൻ ഗന്ധര്‍വനും; വെറും 3 വർഷം കൊണ്ട് സുപർണ ആനന്ദ് മലയാള സിനിമ ഉപേക്ഷിച്ചതിന് പിന്നിൽ!

മുംബൈക്കാരിയായ സുപര്‍ണ ഹിന്ദിയിൽ ബാലതാരമായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്

MediaOne Logo

Web Desk

  • Published:

    27 July 2026 12:53 PM IST

വൈശാലിയും ഞാൻ ഗന്ധര്‍വനും; വെറും 3 വർഷം കൊണ്ട് സുപർണ ആനന്ദ് മലയാള സിനിമ ഉപേക്ഷിച്ചതിന് പിന്നിൽ!
X

പത്മരാജനെയും ഭരതനെയും പോലെ സ്ത്രീ സൗന്ദര്യത്തെ മനോഹരമായി വെള്ളിത്തിരയിൽ അവതരിപ്പിച്ച സംവിധായകരുണ്ടാകില്ല. അവരുടെ നായികമാര്‍ക്ക് സ്ക്രീനിൽ ഒരു പ്രത്യേക ഭംഗിയാണ്. 80-കളുടെ അവസാനത്തിലും 90-കളുടെ തുടക്കത്തിലും മലയാള സിനിമയിൽ തിളങ്ങിനിന്ന നടിയാണ് സുപര്‍ണ ആനന്ദ്. ഭരതന്‍റെ എവര്‍ഗ്രീൻ ക്ലാസിക് ചിത്രമായ വൈശാലിയിലും പത്മരാജന്‍റെ അവസാന ചിത്രം ഞാൻ ഗന്ധര്‍വനിലൂടെയും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടി. അഞ്ച് മലയാള സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ടും അഭിനയ മികവ് കൊണ്ടും സുപര്‍ണയെ മറക്കാൻ ഒരു മലയാളി സിനിമസ്വാദകനും സാധിക്കില്ല.

വെറും മൂന്ന് വർഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് ചലച്ചിത്ര രംഗത്തുനിന്ന് പൂർണമായും പിന്മാറിയത്. മുംബൈക്കാരിയായ സുപര്‍ണ ഹിന്ദിയിൽ ബാലതാരമായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാഗിൻ ഔർ സുഹാഗിൻ (1979), ചോർണി (1982) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അനിൽ കപൂർ-മാധുരി ദീക്ഷിത് അഭിനയിച്ച തേസാബ് എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

1988ൽ ഭരതൻ-എം.ടി. വാസുദേവൻ നായർ കൂട്ടുകെട്ടിലിറങ്ങിയ വൈശാലിയാണ് സുപര്‍ണയിലെ നടിക്ക് അംഗീകാരങ്ങൾ നേടിക്കൊടുത്തത്. ചിത്രത്തിലെ സുപര്‍ണയുടെ സൗന്ദര്യവും അഭിനയവും ദക്ഷിണേന്ത്യയിലാകെ ചര്‍ച്ചയാവുകയും വലിയൊരു ആരാധക വൃന്ദമുണ്ടാക്കുകയും ചെയ്തു. 'വൈശാലി' എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് സുപർണ നായകൻ സഞ്ജയ് മിത്രയുമായി പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി ന്യൂഡൽഹിയിൽ സ്ഥിരതാമസമാക്കി. എന്നാൽ ഈ ദാമ്പത്യം ഒരു പതിറ്റാണ്ട് മാത്രമേ നീണ്ടുനിന്നുള്ളൂ, രണ്ട് കുട്ടികളുടെ മാതാപിതാക്കളായ ശേഷം അവർ വേർപിരിഞ്ഞു.

സഞ്ജയുമായുള്ള വിവാഹം പോലെ തന്നെ സുപർണയുടെയും സിനിമാ ജീവിതം ഹ്രസ്വമായിരുന്നു. മമ്മൂട്ടിയുടെ ഉത്തരം (1989), നഗരങ്ങളിൽ ചെന്നു രാപാര്‍ക്കാം (1990), ഞാൻ ഗന്ധർവൻ (1991) തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചെങ്കിലും, ഒരു പരിധിക്കപ്പുറം ഉയരാൻ അവർക്ക് കഴിഞ്ഞില്ല. അവരുടെ സിനിമകളൊന്നും വലിയ ഹിറ്റാകാത്തതിനാലാകാം ഇത്.

അതേസമയം, കന്നഡ സിനിമയായ ദാദ (1988), തമിഴ് ചിത്രം ദ്രാവിഡൻ (1989), തെലുഗു ചിത്രം അശോക ചക്രവർത്തി (1989), ബംഗാളി ചിത്രം ആനന്ദ നികേതൻ (1991), ഹിന്ദി സിനിമകളായ മുഖദ്ദർ കാ ബാദ്ഷാ (1990), ദിൽ നേ ഇക്കാർ കിയ (1992) എന്നിവയിലും അവർ അഭിനയിച്ചു. നിർഭാഗ്യവശാൽ, മലയാളത്തിൽ ലഭിച്ച അത്രയും സ്വീകാര്യത മറ്റെവിടെയും സുപര്‍ണക്ക് ലഭിച്ചില്ല.

1997ലാണ് സുപര്‍ണ സിനിമയോട് വിട പറയുന്നത്. സംവിധായകൻ ബസു ഭട്ടാചാര്യയുടെ ആസ്ത: ഇൻ ദി പ്രിസൺ ഓഫ് സ്പ്രിംഗ് ആയിരുന്നു അവരുടെ അവസാന ചിത്രം. രേഖയും ഓം പുരിയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. തുടര്‍ന്ന് കുടുംബജീവിതത്തിലേക്ക് ശ്രദ്ധ തിരിച്ച സുപര്‍ണ 2008ലാണ് സഞ്ജയ് മിശ്രയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. 2010ൽ ഡൽഹിയിലെ ബിസിനസുകാരനായ രാജേഷ് സാവ്‍ലാനിയെ വിവാഹം കഴിക്കുകയും ചെയ്തു.

വേർപിരിഞ്ഞതിനുശേഷവും സുപർണയും സഞ്ജയും അടുത്ത സുഹൃത്തുക്കളായി തുടർന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ ഒരു മലയാളം ടെലിവിഷൻ പരിപാടിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. “ഞങ്ങൾ ഒരിക്കലും വഴക്കിടുകയോ വിദ്വേഷം പുലർത്തുകയോ ചെയ്തിട്ടില്ല. അത്രത്തോളം ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് ഇപ്പോഴും പരസ്പര സ്നേഹമുണ്ട്. നമ്മൾ സ്നേഹിക്കുന്നവർ എത്ര അകലെയാണെങ്കിലും അവരുടെ സന്തോഷത്തിനായി നമ്മൾ എപ്പോഴും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറില്ലേ? ഞങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്നത് അതാണ്,” എന്നാണ് ഇരുവരും പറഞ്ഞത്.

വർഷങ്ങൾക്ക് ശേഷം, ഇൻഡസ്ട്രിയിൽ നേരിടേണ്ടി വന്ന ചില കയ്പേറിയ അനുഭവങ്ങൾ കാരണമാണ് താൻ അഭിനയരംഗത്ത് നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് സുപർണ വെളിപ്പെടുത്തിയിരുന്നു. “കാസ്റ്റിംഗ് കൗച്ച് പണ്ടുമുതലേ ഉണ്ട്. 34 വർഷത്തിന് ശേഷം ആളുകൾ എന്തുകൊണ്ട് പ്രതികരിക്കുന്നു എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. ഞാൻ നാല് വർഷം മാത്രമേ മലയാള സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സിനിമാ മേഖലയ്ക്കുള്ളിലെ സമ്മർദങ്ങൾ കാരണം എനിക്ക് അത് ഉപേക്ഷിക്കേണ്ടി വന്നു,” ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 2024-ൽ നടി പറഞ്ഞത് ഇങ്ങനെയായിരുന്നു.

TAGS :

Next Story