Quantcast

'മാലികിന് പിന്നാലെ മരക്കാറും ഒ.ടി.ടി റിലീസിലേക്കോ?'; പ്രിയദര്‍ശന് പറയാനുള്ളത്

തിയേറ്ററില്‍ റിലീസ് ചെയ്തിട്ടേ മരക്കാര്‍ ഡിജിറ്റല്‍ റിലീസ് ചെയ്യുകയുള്ളൂവെന്ന് ആവര്‍ത്തിച്ച പ്രിയദര്‍ശന്‍ ഏത് ഒ.ടി.ടി പ്ലാറ്റ്ഫോമാണ് 150 കോടി കൊടുത്ത് മരക്കാര്‍ പ്രദര്‍ശിപ്പിക്കുകയെന്നും ചോദിച്ചു

MediaOne Logo

ijas

  • Updated:

    2021-06-10 13:33:23.0

Published:

10 Jun 2021 1:28 PM GMT

മാലികിന് പിന്നാലെ മരക്കാറും ഒ.ടി.ടി റിലീസിലേക്കോ?; പ്രിയദര്‍ശന് പറയാനുള്ളത്
X

ഫഹദ് ഫാസില്‍ നായകനായ ബിഗ് ബജറ്റ് ചിത്രം മാലിക് ഒ.ടി.ടി റിലീസ് തീരുമാനിച്ചതിന് പിന്നാലെ മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹവും ഒ.ടി.ടി റിലീസിനെത്തുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

മരക്കാർ ബിഗ് സ്‌ക്രീനില്‍ തന്നെ കാണേണ്ട സിനിമയാണെന്നും അതിനാൽ തന്നെ തിയേറ്റർ റിലീസ് ആയിരിക്കുമെന്നും പ്രിയദർശൻ പറഞ്ഞു. ഇനി ഒരു ആറ് മാസം കാത്തിരിക്കേണ്ടി വന്നാലും മരക്കാര്‍ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു. നിര്‍മ്മാതാവും വിതരണക്കാരനുമായ ആന്‍റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും തനിക്കും ഇക്കാര്യത്തില്‍ സമാനമായ അഭിപ്രായം തന്നെയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.സിഫിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദർശന്‍ ഒ.ടി.ടി റിലീസില്ലെന്ന് വ്യക്തത വരുത്തിയത്.

തിയേറ്ററില്‍ റിലീസ് ചെയ്തിട്ടേ മരക്കാര്‍ ഡിജിറ്റല്‍ റിലീസ് ചെയ്യുകയുള്ളൂവെന്ന് ആവര്‍ത്തിച്ച പ്രിയദര്‍ശന്‍ ഏത് ഒ.ടി.ടി പ്ലാറ്റ്ഫോമാണ് 150 കോടി കൊടുത്ത് മരക്കാര്‍ പ്രദര്‍ശിപ്പിക്കുകയെന്നും ചോദിച്ചു. ലോകത്താകമാനം അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളിലായി ഇറങ്ങാനിരുന്ന ചിത്രമാണ് മരക്കാര്‍. തിയേറ്ററിലെ വലിയ പ്രേക്ഷകാനുഭവത്തിന് വേണ്ടിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ചിത്രത്തിനടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് മരക്കാരിന് ലഭിച്ചതെന്ന കാര്യം മറക്കരുതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

മരക്കാറിന്‍റെ ഡിജിറ്റല്‍ റിലീസിനുള്ള അവകാശം ആമസോണ്‍ പ്രൈമിനാണ്. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ആമസോണില്‍ റിലീസ് ചെയ്യും. സിനിമയുടെ പ്രത്യേക ഒ.ടി.ടി റിലീസിന് വേണ്ടി മാത്രം വലിയ തുക ഒരു ഒ.ടി.ടി കമ്പനിയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്‍റെ ബജറ്റ്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്‍റെ ക്യാമറ ചെയ്തിരിക്കുന്നത്.

TAGS :

Next Story