Quantcast

''ഇന്ധനവില നൂറ് കടന്നതിന്‍റെ 'വിജയാ'ഹ്ലാദമോ..?'' ബി ജെ പി നേതൃത്വങ്ങള്‍‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സത്യദീപം

ഇറങ്ങാത്ത ഇടയലേഖനം എന്ന പേരില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ബിജെപി കേന്ദ്രസംസ്ഥാന നേതൃത്വത്തിനെതിരെ സത്യദീപം രംഗത്തുവന്നത്.

MediaOne Logo

  • Published:

    4 March 2021 5:51 PM IST

ഇന്ധനവില നൂറ് കടന്നതിന്‍റെ വിജയാഹ്ലാദമോ..? ബി ജെ പി നേതൃത്വങ്ങള്‍‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സത്യദീപം
X

ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സത്യദീപം. ഇറങ്ങാത്ത ഇടയലേഖനം എന്ന പേരില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ബിജെപി കേന്ദ്രസംസ്ഥാന നേതൃത്വത്തിനെതിരെ സത്യദീപം രംഗത്തുവന്നത്. സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപത പ്രസിദ്ധീകരണമാണ് സത്യദീപം.

ഇടത് വലത് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളോട് വിമര്‍ശനം ഉന്നയിക്കുന്ന ലേഖനത്തില്‍ ബിജെപി നടത്തുന്ന രാഷ്ട്രീയനീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. പ്രീണനവഴികളില്‍ വഴുതിപ്പോയതിന്‍റെ പൂര്‍വ്വകാല ചരിത്രം ഇടതുവലതു മുന്നണികളെ കൊഞ്ഞനം കുത്തുമ്പോള്‍ എല്ലാവരോടും ഒരുപോലെയെന്ന ഒരിക്കലും ചേരാത്ത കുപ്പായം സ്വയം അണിഞ്ഞ് അപഹാസ്യമാകുന്നുണ്ട് ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍ഡി.എ. സഖ്യം. കെ സുരേന്ദ്രന്‍ നടത്തുന്ന വിജയയാത്രയെ പരിഹാസരൂപത്തിലാണ് മുഖപ്രസംഗത്തില്‍ വിലയിരുത്തുന്നത്.

'' യുഡിഎഫ് കാലത്ത് ഭരണം ‘സംശുദ്ധ’മാകാതിരുന്നതിനാല്‍ എല്ലാം ‘ശരിയാക്കാ’നായി ഇടതു മുന്നണി എത്തിയെന്ന ജാള്യത മറയ്ക്കാനായി ‘സദ്ഭരണ’ത്തിലൂടെ ഐശ്വര്യ കേരള വാഗ്ദാനവുമായാണ് ഇക്കുറി ഐക്യമുന്നണിയുടെ വരവ്. പ്രളയം തകര്‍ത്ത കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം എവിടെ വരെയെന്ന ചോദ്യത്തെ ഭക്ഷ്യകിറ്റ് നല്‍കി പിന്തിരിപ്പിക്കുന്നതിലൂടെ തുടര്‍ഭരണം ‘ഉറപ്പെന്ന’മട്ടിലാണ് ഇടതു മുന്നണി. അപ്പോഴും, നീതിയുടെ ഉറപ്പൊന്നും കിട്ടാതെ തലമുണ്ഡനം ചെയ്ത് കേരളമാകെ അലയുന്നുണ്ട് വാളയാറില്‍ നിന്നും ഒരമ്മ! അതിനിടയില്‍ ഇന്ധനവില 100 കടക്കുന്നതിന്‍റെ ‘വിജയാ’ഹ്ലാദമാണോ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍റെ യാത്രോദ്ദേശ്യമെന്ന ചോദ്യം തികച്ചും രാഷ്ട്രീയമാണ്. പാചകവാതക വില 3 മാസത്തിനിടയില്‍ 225 രൂപയാണ് കൂട്ടിയത്. റേഷന്‍ ഗുണഭോക്താക്കളുടെ എണ്ണം അമ്പതുശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര ശുപാര്‍ശ കേരളത്തിന് തിരിച്ചടിയാകുന്നതാണ് മറ്റൊരു ‘വിജയ’ഗാഥ!''

അരമന കയറി ഇറങ്ങുന്ന ബിജെപി സംസ്ഥാന ദേശീയ നേതൃത്വത്തോട് കണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും, നിരപരാധിയായ സ്റ്റാന്‍സ്വാമി ഇപ്പോഴും ജയിലില്‍ തുടരുന്നതെന്തുകൊണ്ടാണെന്നും ഉറക്കെ ചോദിക്കണമെന്നും ലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.

''അരമന കയറി ഇറങ്ങുന്ന ബിജെപി സംസ്ഥാന ദേശീയ നേതൃത്വത്തോട് കണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും, നിരപരാധിയായ സ്റ്റാന്‍സ്വാമി ഇപ്പോഴും ജയിലില്‍ തുടരുന്നതെന്തുകൊണ്ടാണെന്നും ഉറക്കെ ചോദിക്കണം. ഒപ്പം വിവാദകാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കാത്തതെന്തേയെന്നും…''

ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് കൂടുതലായി തിരികെയെത്താന്‍ നമുക്കിടയാകേണ്ടതുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

TAGS :

Next Story