ലതിക സുഭാഷിന്‍റെ കാലില്‍ വീണ് നമസ്കരിച്ച് ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥി; സ്ഥാനാര്‍ഥി തീരുമാനം വൈകിട്ടെന്ന് ലതിക
യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് ലതിക സുഭാഷിനോട് പറഞ്ഞു പറഞ്ഞു. എന്നാല്‍ ഏറെ വൈകിപ്പോയെന്നായിരുന്നു ലതികയുടെ മറുപടി

ലതിക സുഭാഷിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോട്ടയത്തെ യു.ഡി.എഫ് നേതാക്കളും ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് ലതിക സുഭാഷിന്‍റെ വീട്ടിലെത്തി. വീട്ടിലെത്തിയ പ്രിന്‍സ് ലൂക്കോസ് ലതിക സുഭാഷിന്‍റെ കാല്‍ തൊട്ട് നമസ്കരിച്ചാണ് വീടിനകത്തേക്ക് കയറിയത്. തുടര്‍ന്ന് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് പറഞ്ഞു. എന്നാല്‍ ഏറെ വൈകിപ്പോയെന്നായിരുന്നു ലതികയുടെ മറുപടി.
'പ്രിന്‍സിനോട് തനിക്ക് എതിര്‍പ്പൊന്നുമില്ല. തന്‍റെ സഹോദരനായാണ് കാണുന്നത്. പക്ഷെ യു.ഡി.എഫില്‍ നിന്നും നേരിട്ട അവഗണനയുടെ പരിണിത ഫലമായാണ് ഇപ്പോള്‍ താന്‍ മുന്നോട് പോകുന്നതെന്നും തന്നോട് ക്ഷമിക്കണമെന്നുമാണ് ലതിക സുഭാഷ് പറഞ്ഞത്. പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കാര്യങ്ങള്‍ വൈകിട്ട് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധിച്ചാണ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ പദവി ലതിക സുഭാഷ് രാജിവെച്ചത്. കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു ലതിക. ഇതാദ്യമായാണ് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഒരാള്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നത്. അതും തെരഞ്ഞെടുപ്പിന് സീറ്റ് നിഷേധിച്ചതിന്.
വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കെ.പി.സി.സി ഓഫീസ് പരിസരം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഒരു സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ലതികയെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ് പ്രതികരിച്ചു
Adjust Story Font
16

