Quantcast

ഇനി പോളണ്ടിനെക്കുറിച്ച് മിണ്ടാം; കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു

പോളിഷ് പൗരൻമാർ ഉൾപ്പെടെ ദശലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് ഉത്തരവാദികളായ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ മഹത്വപ്പെടുത്തുന്ന ഒരു പാർട്ടിക്ക് പോളിഷ് നിയമവ്യവസ്ഥയിൽ സ്ഥാനമില്ലെന്ന് ട്രൈബ്യൂണൽ ജഡ്ജി ക്രിസ്റ്റിന് പാവ്‌ലോവിച്ച് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    20 Dec 2025 4:45 PM IST

ഇനി പോളണ്ടിനെക്കുറിച്ച് മിണ്ടാം; കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു
X

മലയാളി എന്നും ഓർമിക്കുകയും ആവർത്തിക്കുകയും ചെയ്യുന്ന സിനിമ ഡയലോഗാണ് 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന 'സന്ദേശം' സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരന്റെ ഡയലോഗ്. തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റതിനെ തുടർന്ന് പിറകുവശത്ത് കൂടി വീട്ടിലെത്തുന്ന കോട്ടപ്പള്ളി പ്രഭാകരൻ റൂമിൽ വാതിലടച്ചിരിക്കുകയാണ്. ജയിച്ച പാർട്ടിക്കാരനായ അനുജൻ പ്രകാശൻ ഊൺമേശക്കരികിൽ ഇരുന്ന വാതോരാതെ സംസാരിക്കുന്നു. അതിനിടയിലാണ് അമ്മ പ്രഭാകരനെ അനുനയിപ്പിച്ച് തീൻമേശക്കരികിലെത്തിക്കുന്നത്.

ഇതിനിടെ ചേട്ടനും അനുജനും തർക്കത്തിലാവുന്നു. കേരള രാഷ്ട്രീയം മുതൽ ലോക രാഷ്ട്രീയം വരെ പറഞ്ഞ് ഇരുവരും തർക്കിക്കുന്നതിനിടെയാണ് പോളണ്ടിലെന്ത് സംഭവിച്ചുവെന്ന് പ്രകാശൻ ചോദിക്കുന്നത്. പോളണ്ടിനെ പറ്റി നീയൊരക്ഷരം മിണ്ടരുത് എനിക്കത് ഇഷ്ടമില്ല എന്ന കോട്ടപ്പള്ളിയുടെ മറുപടി മലയാള സിനിമയിൽ നിത്യഹരിത തമാശയായി തുടരുകയാണ്.

വർഷങ്ങൾക്കിപ്പുറം ശ്രീനിവാസൻ ഓർമയാകുമ്പോൾ പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയും നിരോധിക്കപ്പെട്ടിരിക്കുകയാണ്. പോളണ്ടിലെ ഭരണഘടനാ ട്രൈബ്യൂണലാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പോളണ്ട് (കെപിപി) ഭരണഘടനാ ലംഘനം നടത്തിയെന്ന് ആരോപിച്ച് നിരോധിച്ചത്. പോളിഷ് പൗരൻമാർ ഉൾപ്പെടെ ദശലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് ഉത്തരവാദികളായ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ മഹത്വപ്പെടുത്തുന്ന ഒരു പാർട്ടിക്ക് പോളിഷ് നിയമവ്യവസ്ഥയിൽ സ്ഥാനമില്ലെന്ന് ട്രൈബ്യൂണൽ ജഡ്ജി ക്രിസ്റ്റിന് പാവ്‌ലോവിച്ച് പറഞ്ഞു.

മുൻ നിതിന്യായ മന്ത്രിയും പ്രോസിക്യൂട്ടർ ജനറലുമായ സിഗ്നിവ് സിയോബ്രോ ആണ് കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ ട്രൈബ്യൂണലിന് അപേക്ഷ നൽകിയത്. 2025 നവംബറിൽ നിലവിലെ പോളിഷ് പ്രസിഡന്റ് കരോൾ നാവ്‌റോക്കിയും സമാനമായ അപേക്ഷ സമർപ്പിച്ചിരുന്നു.

പോളിഷ് കമ്യൂണിസ്റ്റ് പാർട്ടിക്ക് 20-ാം നൂറ്റാണ്ടിലെ മറ്റു കമ്യൂണിസ്റ്റ് പാർട്ടികളുടെ സമാനമായ ലക്ഷ്യങ്ങളുണ്ട്. ഇതിൽ സോവിയറ്റ് മാതൃകയിലുള്ള സ്വേച്ഛാധിപത്യ ഭരണം അടിച്ചേൽപ്പിക്കാനും നടപ്പിലാക്കാനുമുള്ള ശ്രമങ്ങളും ഉൾപ്പെടുന്നു. കമ്യൂണിസം അടിസ്ഥാന മാനുഷിക മൂല്യങ്ങളെയും യൂറോപ്യൻ പാരമ്പര്യങ്ങളെയും ക്രിസ്ത്യൻ നാഗരികതയെയും ലംഘിക്കുന്നുവെന്നും ട്രൈബ്യൂണലിന് നൽകിയ അപേക്ഷയിൽ പ്രസിഡന്റ് നവ്‌റോക്കി പറഞ്ഞിരുന്നു.

ഡിസംബർ മൂന്നിന് നടന്ന ഹിയറിങ്ങിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പോളണ്ട് പോളിഷ് ഭരണഘടനയുടെ 11, 13 ആർട്ടിക്കിളുകൾ ലംഘിക്കുന്നുവെന്നും ഭരണഘടനാ ട്രൈബ്യൂണൽ വിധിച്ചു. എല്ലാ പോളിഷ് പൗരൻമാരും ഭരണഘടനാ തത്വങ്ങൾ പാലിക്കണം, പോളണ്ട് ജനാധിപത്യപരമായി ഭരിക്കപ്പെടണം എന്നും ജഡ്ജി പറഞ്ഞു. നാസിസം, ഫാഷിസം, കമ്യൂണിസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.

TAGS :

Next Story