“ഞങ്ങളെ സഹായിക്കാൻ ആരുമില്ലാതിരുന്നപ്പോഴാണ് മമ്മൂക്ക രക്ഷകനായത്” മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി പറഞ്ഞ് തിയറ്റർ ഉടമകൾ
ഒരു വര്‍ഷത്തിലധികമായി മുമ്പൊരിക്കലും നേരിടാത്ത വിധം പ്രതിസന്ധിയിലായിരുന്നു തിയറ്ററുകള്‍

കോവിഡ് സിനിമ വ്യവസായത്തെയും അടിമുടി തകര്‍ത്തിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവച്ചു, തിയറ്ററുകള്‍ അടച്ചുപൂട്ടി. ഒരിടവേളക്ക് ശേഷം ഷൂട്ടിംഗിന് അനുമതി കിട്ടിയപ്പോഴാണ് സിനിമമേഖലക്ക് ശ്വാസം നേരെ വീണത്. തിയറ്ററുകള്‍ തുറന്നപ്പോള്‍ വീണ്ടും പഴയ കാലം തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാലോകം. എന്നാല്‍ തിയറ്ററുകള്‍ തുറന്നെങ്കിലും പ്രേക്ഷകര്‍ തിയറ്ററിലേക്കെത്താന്‍ മടി കാണിച്ചു. ഇതിനെല്ലാം പരിഹാരമായത് മമ്മൂട്ടി നായകനായ ദ പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു.
സെക്കൻഡ് ഷോ കൂടി അനുവദിച്ചതോട് കൂടി തിയറ്ററുകൾ വീണ്ടും ഹൗസ്ഫുള്ളായി. അതിന് മമ്മൂട്ടിക്ക് വീട്ടിലെത്തി നന്ദിയറിയിച്ചിരിക്കുകയാണ് സംസ്ഥാനത്തെ തിയറ്ററുടമകള്‍. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്‍റ് കെ.വിജയകുമാറും ജനറല്‍ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡന്‍റ് സോണി തോമസ്, ജോയിന്‍റ് സെക്രട്ടറി കിഷോര്‍ സദാനന്ദന്‍, എക്‌സിക്യുട്ടീവ് സെക്രട്ടറി എം.സി ബോബി എന്നിവരും നന്ദിയും സ്‌നേഹവും അറിയിച്ചത്.
ഫിയോക് പ്രസിഡന്‍റ് കെ.വിജയകുമാറിന്‍റെ വാക്കുകള്‍
ഒരു വര്‍ഷത്തിലധികമായി മുമ്പൊരിക്കലും നേരിടാത്ത വിധം പ്രതിസന്ധിയിലായിരുന്നു തിയറ്ററുകള്‍. തിയറ്റുകളില്‍ ഉണര്‍വും മുന്നേറ്റവുമുള്ള ഒരു സിനിമ കിട്ടിയില്ലെങ്കില്‍ തിയറ്റര്‍ വ്യവസായം തന്നെ അടച്ചുപൂട്ടേണ്ട സാഹചര്യത്തിലായിരുന്നു. ആരും ഞങ്ങളെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. ആ ഘട്ടത്തിലാണ് മമ്മൂട്ടി ദി പ്രീസ്റ്റ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. കേരളത്തിലെ തിയറ്റര്‍ ഉടമകളും തൊഴിലാളികളും ജീവിതത്തില്‍ ഒരിക്കലും മമ്മൂക്കയെയും ആന്‍റോയെയും മറക്കില്ല. അവര്‍ തന്ന സഹായം അത്ര വലുതാണ്. അതിനുള്ള നന്ദിയും കടപ്പാടും മമ്മുക്കയെ നേരിട്ടെത്തി അറിയിക്കണമെന്ന് തോന്നി. അതിനാണ് വീട്ടിലത്തിയത്.
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് തിയറ്ററുകളെ സജീവമാക്കാന്‍ ദി പ്രീസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ അത്താണിയായിരുന്നു ഞങ്ങള്‍ക്ക് ഈ സിനിമ. പ്രേക്ഷകരെയും തിയറ്ററുകളെയും ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ച സിനിമയുമാണ് ദി പ്രീസ്റ്റ്. എന്നും ഞങ്ങളുടെ കൂടെയുണ്ടാകുമെന്നാണ് മമ്മൂക്ക വീട്ടിലെത്തിയപ്പോള്‍ പറഞ്ഞത്. സിനിമ വിജയമായതിന്‍റെ ആഹ്ലാദവും മമ്മൂക്ക പങ്കുവച്ചു.
നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് ദ് പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച ചിത്രമെന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. ഫാ.ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.
Adjust Story Font
16

