Quantcast

ചൈനയോട് സമനില തെറ്റാതെ ഇന്ത്യ

റാങ്കിംങില്‍ മുന്നിലുള്ള ഏഷ്യന്‍ ശക്തികളായ ചൈനയെ ഗോളടിപ്പിക്കാതെ പിടിച്ചു നിര്‍ത്തിയതില്‍ പ്രധാന പങ്ക് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംങ് സന്ധുവിന് അവകാശപ്പെട്ടതാണ്.

MediaOne Logo

Web Desk

  • Published:

    13 Oct 2018 1:45 PM GMT

ചൈനയോട് സമനില തെറ്റാതെ ഇന്ത്യ
X

ആതിഥേയരായ ചൈനയെ ഗോള്‍ നേടാന്‍ അനുവദിക്കാതെ ഇന്ത്യക്ക് അഭിമാന സമനില. റാങ്കിംങില്‍ മുന്നിലുള്ള ഏഷ്യന്‍ ശക്തികളായ ചൈനയെ ഗോളടിപ്പിക്കാതെ പിടിച്ചു നിര്‍ത്തിയതില്‍ പ്രധാന പങ്ക് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംങ് സന്ധുവിന് അവകാശപ്പെട്ടതാണ്.

ആദ്യ മിനുറ്റുകളില്‍ തന്നെ ആക്രമണ ഫുട്‌ബോള്‍ കളിച്ച് ചൈന നയം വ്യക്തമാക്കി. പത്തു മിനുറ്റിനുള്ളില്‍ തന്നെ എണ്ണം പറഞ്ഞ അവസരങ്ങള്‍ ലഭിച്ചിട്ടും മുതലാക്കാന്‍ ചൈനക്കായില്ല. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ 32കാരന്‍ ഗുര്‍പ്രീതിന് പിടിപ്പത് പണിയാണ് ചൈനീസ് മുന്നേറ്റക്കാര്‍ നല്‍കിയത്. ഒന്നിനുപുറകെ മറ്റൊന്നായി ചൈനീസ് ആക്രമണങ്ങള്‍ ഇരമ്പിയെത്തിയപ്പോഴും ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ ഗുര്‍പ്രീതിനായി. ഗോളിക്കൊപ്പം ക്രോസ് ബാറും പലപ്പോഴും ഇന്ത്യന്‍ രക്ഷക്കെത്തി.

വീണുകിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ഇന്ത്യക്കും സാധിച്ചില്ല. പത്തൊമ്പതാം മിനുറ്റില്‍ ഇന്ത്യക്ക് ഗോള്‍ നേടാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചു. ഛേത്രിയെ ഫൗള്‍ ചെയ്തതിന് ഇന്ത്യക്ക് ലഭിച്ച ഫ്രീകിക്കെടുത്തത് അനിരുദ്ധ് ഥാപ്പ. മനോഹരമായി ബോക്‌സിലേക്ക് വളഞ്ഞിറങ്ങിയ ഫ്രീകിക്ക് ഛേത്രിയുടെ കാലുകളിലേക്ക്. ഛേത്രിയുടെ അടി പക്ഷേ ക്രോസ് ബാറിന് മുകളിലൂടെ പോയി.

അര്‍ധാവസരങ്ങള്‍ മുതലാക്കുന്നതില്‍ ചൈന പരാജയപ്പെട്ടപ്പോള്‍ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മൂന്ന് മാറ്റങ്ങള്‍ വരുത്തി ഗോളിന് കോപ്പുകൂട്ടാന്‍ ചൈന ശ്രമം നടത്തി. 71ആം മിനുറ്റില്‍ ക്രോസ് ബാറിലടിച്ചും 76ാം മിനുറ്റില്‍ സിയാവോ സിയുടെ ഹെഡര്‍ ഗുര്‍പ്രീത് രക്ഷപ്പെടുത്തിയുമെല്ലാമായി ഇന്ത്യ രക്ഷപ്പെട്ടു. പിന്നീടും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ വലകുലുക്കാന്‍ ചൈനീസ് താരങ്ങള്‍ക്കായില്ല. ഇഞ്ചുറി ടൈമില്‍ ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും ഇന്ത്യക്കും അത് മുതലാക്കാനായില്ല.

21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഫുട്‌ബോള്‍ മത്സരം നടന്നത്. ഇതുവരെ നടന്ന 17 മത്സരങ്ങളില്‍ 12ലും ചൈനക്കായിരുന്നു ജയം. ഒരു കളി മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഇന്ത്യന്‍ ടീം ആദ്യമായാണ് ചൈനയില്‍ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിറങ്ങിയത്.

TAGS :

Next Story